നീലയണിഞ്ഞ് മറയൂര്‍ മലനിരകള്‍
പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചെരിവുകളില്‍ നീലവസന്തത്തിന്റെ വരവറിയിച്ച് കുറിഞ്ഞി പൂവിട്ടു. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയാണ് മലനിരകളില്‍ വസന്തം ഒരുക്കിയിരിക്കുന്നത്.
മറയൂരിന് സമീപമുള്ള ചിന്നാര്‍ വന്യജീവി സങ്കേതത്തിനും കുറിഞ്ഞിമല സങ്കേതത്തിനും അതിരു പങ്കിടുന്ന കൊടൈക്കനാല്‍ മലനിരകളിലാണ് പൂവസന്തം. തമ്പുരാന്‍ കോവിലില്‍ മേഖലയിലും കുളൈക്കാട് പാപ്പളൈ അമ്മന്‍ ക്ഷേത്രത്തിന് സമീപത്തുമുള്ള മലഞ്ചരിവുകളില്‍ പന്ത്രണ്ട് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നീലപരവതാനി വിരിച്ച് പ്രകൃതി വിസ്മയം തീര്‍ത്തിരിക്കുന്നത് കാണാന്‍ സഞ്ചാരികളുടെ തിരക്കുമുണ്ട്.
മഴയ്ക്ക് ഒരാഴ്ച ശമനമുണ്ടായതോടെ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട എന്നിവടങ്ങളില്‍ അങ്ങിങ്ങായി ഒറ്റപ്പെട്ട് കുറിഞ്ഞിച്ചെടികള്‍ പൂത്തിട്ടുണ്ടെങ്കിലും മലനിരകള്‍ മുഴുവന്‍ പൂവിട്ടിരിക്കുന്നത് മറയൂര്‍ മലനിരകള്‍ക്ക് അഭിമുഖമായി നില്‍ക്കുന്ന തമിഴ്‌നാട് മലകളിലാണ്.
ഉയരം കൂടിയ മലകളില്‍ ചോലവനങ്ങളോട് ചേര്‍ന്ന പുല്‍മേടുകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നീലക്കുറിഞ്ഞി ശക്തമായ കാറ്റില്‍ ഒരേ ഉയരത്തിലാണ് വളരുന്നത്. ഈ പുല്‍മേടുകളെ മൂടി വ്യാപകമായി പൂക്കുമ്പോഴാണ് മലനിരകള്‍ ഇളം നീല വര്‍ണത്തിലാകുന്നത്. ഇതാണ് കുളിര്‍ക്കാഴ്ചയാകുന്നത്.