എസി ലോക്കല്‍ ട്രെയിനെ അര്‍ധ എസിയാക്കാന്‍ നീക്കം
മുഴുനീള എസി ലോക്കല്‍ ട്രെയിനിനുപകരം പകുതി സാധാരണ ലോക്കല്‍ ട്രെയിനിന്റെ കോച്ചുകളും ബാക്കി എസി കോച്ചുകളുമായി സര്‍വീസ് നടത്താന്‍ റെയില്‍വേ തയാറെടുക്കുന്നു. റെയില്‍വേ ഉടന്‍ വാങ്ങുന്ന പുതിയ 39 എസി ലോക്കലുകള്‍ രണ്ടായി വിഭജിച്ചു 78 സെമി – എസി ലോക്കല്‍ ട്രെയിനുകളാക്കാനാണു തീരുമാനം.
ഇവ വാങ്ങാനുളള ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം ഇത്തരം ട്രെയിനുകള്‍ ഓടിക്കാനാണ് ആലോചന. നിലവിലുളള എസി ലോക്കല്‍ ട്രെയിനുകളെ അപേക്ഷിച്ച് അതിവേഗം പായുന്നതാണു പുതിയതായി വാങ്ങുന്ന എസി ലോക്കല്‍ റേക്കുകള്‍ (മുഴുനീള ട്രെയിന്‍) എന്നതാണു മറ്റൊരു ഗുണം. വേഗത്തില്‍ ഓടുന്നതിനാല്‍ അധികം ലഭിക്കുന്ന സമയം, സ്റ്റേഷനുകളില്‍ കൂടുതല്‍ സമയം നിര്‍ത്താന്‍ ഉപയോഗിക്കും.
എസി ലോക്കലുകള്‍ക്കു സ്റ്റേഷനില്‍ മറ്റു ലോക്കലുകളെ അപേക്ഷിച്ചു കൂടുതല്‍ സമയം വേണം. സാധാരണ ലോക്കല്‍ ട്രെയിനുകള്‍ സ്റ്റേഷനില്‍ 15 മുതല്‍ 20 സെക്കന്‍ഡ് മാത്രം നിര്‍ത്തുമ്പോള്‍ എസി ലോക്കലുകള്‍ക്കു 30 മുതല്‍ 45 സെക്കന്‍ഡ് വരെ നിര്‍ത്തേണ്ടി വരുന്നുണ്ട്. കതക് തുറക്കാനും അടയാനും സമയം എടുക്കുന്നതു മൂലമാണിത്.
സാധാരണ ലോക്കലുകളും എസി ലോക്കലുകളും നാലും അഞ്ചും മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തുന്നതിനാല്‍ ഇപ്പോള്‍ എസി ട്രെയിനുകള്‍ സ്റ്റേഷനില്‍ അത്യാവശ്യം വേണ്ട സമയം മാത്രമാണു നിര്‍ത്തുന്നത്. വേഗം കൂടിയ എസി ലോക്കല്‍ വരുന്നതോടെ, കൂടുതല്‍ സമയം അനുവദിക്കാനാവുമെന്നും റെയില്‍വേ പ്രതീക്ഷിക്കുന്നു.
മൂന്നാം ഘട്ടവികസനത്തിന്റെ ഭാഗമായി മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ 47 എസി റേക്കുകളാണു വാങ്ങുന്നത്. മുംബൈ നഗര ഗതാഗത പദ്ധതിയുടെ ഭാഗമായിട്ടാണിത്. റെയില്‍വേ ബോര്‍ഡ് ഇതിനായി 519 കോടി രൂപ ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതില്‍ ഒന്‍പതു റേക്കുകള്‍ അടുത്ത മാര്‍ച്ചില്‍ ലഭിക്കും. വേഗം കൂടിയ എസി റേക്കുകള്‍ വരുന്നതോടെ സാധാരണ ലോക്കലുകള്‍ ഓടിയെത്തുന്ന അതേ സമയം കൊണ്ട് എസി ട്രെയിനും ഓടിയെത്തും.