കണ്ണൂര്‍ ചിറക് വിരിക്കുന്നു ; വിമാനം ഉടന്‍ പറക്കും
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് സെപ്റ്റംബര്‍ പതിനഞ്ചിനകം അന്തിമ ലൈസന്‍സ് അനുവദിക്കുമെന്ന് വ്യോമയാന സെക്രട്ടറിയുടെ ഉറപ്പ്. വ്യോമയാന മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
അന്തിമ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ഏജന്‍സികളുടെയും അനുമതി ഇതിനു മുന്‍പായി ലഭ്യമാക്കാനും യോഗത്തില്‍ ധാരണയായി. യോഗത്തില്‍ ഓരോ ലൈസന്‍സുകളും ലഭ്യമാക്കേണ്ട തീയതികളും തീരുമാനമായിട്ടുണ്ട്.
ഇതിനോടകം രാജ്യത്തിനകത്തെ സര്‍വീസുകള്‍ക്കും രാജ്യാന്തര സര്‍വീസുകള്‍ക്കും അനുമതി നല്‍കിക്കഴിഞ്ഞു. വിമാനങ്ങള്‍ക്ക് വിദേശ കമ്പനികളുടെ അനുമതി നല്‍കുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണനയിലിരിക്കുന്നത്.
ഉഡാന്‍ പദ്ധതിയുടെ പരിമിതികള്‍ മനസ്സിലാക്കി പുതുക്കിയ വ്യവസ്ഥകള്‍ വ്യോമയാന മന്ത്രാലയം യോഗത്തില്‍ അവതരിപ്പിച്ചു. ഇക്കാര്യത്തില്‍ കിയാല്‍ ഡയറക്ടര്‍ ബോര്‍ഡും സംസ്ഥാന സര്‍ക്കാരും വൈകാതെ തീരുമാനമെടുക്കും.
വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൗബേ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളായ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍, മിനിസ്ട്രി ഓഫ് ഡിഫന്‍സ്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കസ്റ്റംസ് തുടങ്ങിയവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.തുളസീദാസ്, ഡല്‍ഹിയിലെ സ്‌പെഷല്‍ ഓഫിസര്‍ എ.കെ.വിജയകുമാര്‍, ചീഫ് പ്രൊജക്ട് എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ് കെ.എസ്.ഷിബുകുമാര്‍, കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ പുനിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.