ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് സർക്കാർ; സന്ദർശകർക്ക് വിലക്ക്, മലമ്പുഴ ഡാം തുറന്നു
ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പ് 2395.84 അടിയില്‍ തുടരുകയാണ്. 2397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. വീണ്ടും ജലനിരപ്പ് ഉയര്‍ന്ന് 29399ലെത്തിയാല്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുന്ന റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തുകയും ചെയ്യും.
ഡാം തുറന്നു വിടുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് മന്ത്രി എംഎം മണിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഘട്ടംഘട്ടമായിട്ടായിരിക്കും ഡാം തുറക്കുക. വെള്ളം ഒഴുകി പോകുന്ന പ്രദേശത്തുള്ളവര്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാകും ഡാം തുറക്കുക. ഷട്ടര്‍ തുറക്കുമ്പോഴുണ്ടായേക്കുന്ന ആഘാതങ്ങളെ ചെറുക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി എംഎം മണി വ്യക്തമാക്കി.
ഡാം തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുമെന്ന കാര്യത്തില്‍ വൈദ്യുതബോര്‍ഡിന് വേറിട്ട നിലപാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ, ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു. അതേസമയം, മഴയും നീരൊഴുക്കും അനുസരിച്ച് മാത്രമേ ട്രയല്‍ റണ്ണിന്റെ കാര്യം തീരുമാനിക്കൂ.
അണക്കെട്ട് കാണാനെത്തിയ വിനോദസഞ്ചാരികളെ വഴിയിൽ പൊലീസ് തടയുന്നുണ്ട് . സുരക്ഷയുടെ ഭാഗമായി പ്രത്യേക പൊലീസ് സേനയേയും വിന്യസിച്ചു.
കക്കി അണക്കെട്ടിനുപുറമെ ഇടമലയാർ അണക്കെട്ടും നിറഞ്ഞു. ഇതോടെ ഇടമലയാർ ഡാം തുറക്കുന്നതിന് മുന്നെയുള്ള ജാഗ്രതാ നിർദ്ദേശമായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പ്രാഥമിക അറിയിപ്പായ ബ്ലൂ അലർട്ട് ഇന്നലെ നൽകിയിരുന്നു.
ജലനിരപ്പ് 167 അടിയായി ഉയർന്നപ്പോളാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് രണ്ടുമീറ്റർ കൂടി ഉയർന്നാൽ മാത്രമെ അണക്കെട്ട് തുറക്കേണ്ടി വരൂ. 169 മീറ്ററാണ് പരമാവധി സംഭരണശേഷി. ജലനിരപ്പ് 168.5ൽ എത്തിയാൽ അതീവജാഗ്രതാ അറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിക്കും. തുടർന്ന് നിശ്‌ചിത സമയത്തിന് ശേഷം ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. ഇടമലയാൽ ഡാമിന്റെ താഴെ പ്രദേശങ്ങളിൽ ഉള്ളവരും പെരിയാറിന്റെ കരകളിലുള്ളവരും ജാഗ്രതപാലിക്കണം.
അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്ത് കനത്തമഴ പെയ്യുന്നത് ഡാമിലേക്കുള്ള നീരൊഴുക്ക് കൂട്ടിയിട്ടുണ്ട്. ഇടുക്കി കഴിഞ്ഞാൽ കുടതൽ ജലസംഭരണശേഷിയുള്ള ഡാമാണ് ഇടമലയാർ. പെരിയാറിന്റെ പോഷകനദിയായ ഇടമലയാറിലാണ് ഡാമുള്ളത്.
കനത്തമഴ ലഭിച്ചതോടെ സംസ്‌ഥാനത്തെ ജലസംഭരണികൾ എല്ലാം നിറഞ്ഞിരിക്കയാണ്. ഇതിനകം 19 ഡാമുകൾ തുറന്നു.