OBITUARY

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു. കരള്‍ രോഗ ബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹം. ആലുവയിലുള്ള സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 4.40നായിരുന്നു അന്ത്യം.


മലയാള ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിധ്യമായിരുന്ന ഉമ്പായി അഞ്ച് പതിറ്റാണ്ട് കാലം സംഗീത ലോകത്തെ നിറസാന്നിധ്യമായിരുന്നു. തബല വാദകനായി സംഗീത ലോകത്തെത്തിയ അദ്ദേഹം പിന്നീട് മലയാള ഗസല്‍ സംഗീതലോകത്തേക്ക് എത്തുകയായരിരുന്നു. കൊച്ചിയില്‍ തബലിസ്റ്റായി പ്രവര്‍ത്തിച്ച് തുടങ്ങിയ അദ്ദേഹം പിന്നീട് മുബൈയിലേക്ക് പോയി.

പിന്നീട് ഗസല്‍ ജീവിതമാക്കിയ ഉമ്പായി കേരളത്തിലെത്തി, ഗസലിനായി സംഗീത ട്രൂപ്പുണ്ടാക്കി. മലയാളത്തിലെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പായിരുന്നു അത്. ആദ്യമൊന്നും ഗസലിനെ ആരും സ്വീകരിച്ചില്ല. രാത്രി കാലത്ത് കൊച്ചിയിലെ ഹോട്ടലില്‍ പാടുമായിരുന്ന അദ്ദേഹം, ജീവിക്കാനായി പകല്‍ സമയത്ത് മറ്റ് ജോലികള്‍ ചെയ്തു. ഇതിനിടയില്‍ എറണാകുളം നഗരത്തില്‍ ഉത്തരേന്ത്യന്‍ സമൂഹത്തിന്റെ പ്രിയ പാട്ടുകാരനായി.

പ്രണാമം എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം അദ്ദേഹം പുറത്തിറക്കി. ഇത് വഴിത്തിരിവായി. ധാരാളം പേര്‍ ഗസലിന്റെ ആരാധകരായി. പിന്നീട് ഒ എന്‍ വി., സച്ചിതാനന്ദന്‍, യൂസഫലി കേച്ചേരി , പ്രദീപ് അഷ്ടമിച്ചിറ, വേണു വി ദേശം തുടങ്ങിയവരുടെ വരികള്‍ ഗസലുകളാക്കി മാറ്റി. ഗസല്‍ ഈണം ഇഴുകി ചേര്‍ന്ന ആ കവിതകള്‍ ഹിറ്റായി. ഇതോടെ കേരളത്തിലെല്ലാം ഉമ്പായിക്ക് ആരാധകരുണ്ടായി. 24 ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. ഇന്ത്യയിലെമ്പാടും, ഗള്‍ഫ് നാടുകളിലും ഗസലുകള്‍ അവതരിപ്പിച്ചു.