Kerala

മഴയില്‍ മനം കവര്‍ന്ന് പാലക്കാട് കോട്ട

കേരളം മുഴുവന്‍ മഴ ലഹരിയിലാണ്. കര്‍ക്കിടത്തില്‍ ആര്‍ത്തലച്ച് പെയ്യുന്ന മഴയില്‍ മനം കവര്‍ന്ന് സുന്ദരിയായിരിക്കുകയാണ് പാലക്കാട്. പച്ചപ്പിന്റെ സൗന്ദര്യം നിറഞ്ഞ പാലക്കാട് കോട്ടയില്‍ സന്ദര്‍ശകരുടെ തിരക്കേറുകയാണ്. ടിപ്പുവിന്റെ കോട്ടയും കോട്ടയോട് ചേര്‍ന്നുള്ള  കിടങ്ങുമാണ് മഴയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു ജലവിസ്മയം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ പതിവില്‍ കവിഞ്ഞ സഞ്ചാരികളാണ് കോട്ടയില്‍ എത്തുന്നത്.

കരിമ്പനകളുടെയും നെല്‍പാടങ്ങളുടെയും നാടാണ് പാലക്കാട്. ഊഷരഭൂമിയെങ്കിലും നദികളും വെള്ളച്ചാട്ടങ്ങളും നെല്ലിയാമ്പതി പോലുള്ള നിത്യഹരിത വനമേഖലകളുമെല്ലാം പാലക്കാടിന് സ്വന്തമാണ്. കരിമ്പനകള്‍ അതിരിട്ട മണ്ണില്‍ കൂറ്റന്‍ കരിങ്കല്‍ പാളികളാല്‍ ടിപ്പുവിന്റെ കോട്ട തലയെടുപ്പോടെ നില്‍ക്കുന്നു. പാലക്കാട് നഗരമധ്യത്തില്‍ പതിനഞ്ചേക്കറിലായി പടയോട്ടക്കാലത്തിന്റെ പ്രൗഡിയോടെ.

കോട്ടയ്ക്കു ചുറ്റുമുളള വെളളത്താല്‍ ചുറ്റപ്പെട്ട കിടങ്ങാണ് ഇപ്പോള്‍ എല്ലാവര്‍ക്കും കാഴ്ചയാകുന്നത്. എത്രമഴ പെയ്താലും കിടങ്ങില്‍ ജലനിരപ്പുയരുന്നത് അപൂര്‍വമാണ്. ഒരുവശത്ത് വെളളം കുറവാണെങ്കിലും മറ്റ് ഭാഗങ്ങളില്‍ നടപ്പാതയോട് ചേര്‍ന്നൊഴുകി വെളളം പൂന്തോട്ടത്തിലേക്കും കയറിയിട്ടുണ്ട്. വെളളം കാണാനാകാത്തവിധം കുളവാഴകൊണ്ട് നിറഞ്ഞിരിക്കുകയാണ് കിടങ്ങ്. ജലവിതാനത്തില്‍ ഒഴുകിനടക്കുന്ന പൂക്കളും നല്ല കാഴ്ചയാണ്.

വെളളത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന ആയിരത്തിലധികം ആമകളാണ് മറ്റൊരാകര്‍ഷണം. സാമൂതിരിയുടെ ആക്രമണഭീഷണി തടയാന്‍ 766 ല്‍ മൈസൂര്‍ രാജാവായ ഹൈദരലിയാണ് കോട്ട പുതുക്കിപ്പണിതത്. ശത്രുക്കള്‍ കിടങ്ങ് നീന്തിക്കടന്ന് വരാതിരിക്കാന്‍ അന്ന് കിടങ്ങിനുളളില്‍ ചീങ്കണ്ണിയെ വളര്‍ത്തിയിരുന്നതായാണ് വിവരം. നഗരത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും പുരാവസ്തു, ചരിത്രവിദ്യാര്‍ഥികള്‍ക്കും പ്രിയപ്പെട്ടയിടമാണ് കോട്ടയും പരിസരവും.

കാഴ്ചകള്‍ കണ്ട് കോട്ടയ്ക്കു ചുറ്റും നടക്കുന്നവരാണധികവും. പുരാവസ്തുവകുപ്പിന്റെ സംരക്ഷണയുളള കോട്ടയ്ക്കു ചുറ്റും നടക്കുന്നവരാണധികവും. പുരാവസ്തുവകുപ്പിന്റെ സംരക്ഷണയുളള കോട്ടയ്ക്കുളളില്‍ ജയിലും സര്‍ക്കാര്‍ ഓഫീസുകളും ഹനുമാന്‍ക്ഷേത്രവുമുണ്ട്.