News

അറബിക്കടലിലേക്ക് നീന്താന്‍ ഈജിപ്ഷ്യന്‍ സുന്ദരി ഒരുങ്ങുന്നു

അറബിക്കടലിലേക്ക് ഉല്ലാസയാത്രയ്ക്കു കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ അത്യാധുനിക ഉല്ലാസ നൗക ഒരുക്കുന്നു. കൊച്ചിയില്‍ നിന്നോ , കോഴിക്കോടുനിന്നോ  ആവും ഇതിന്റെ സര്‍വീസ്. പൂര്‍ണമായി ഈജിപ്ഷ്യന്‍ പശ്ചാത്തലത്തില്‍ രൂപകല്‍പ്പന ചെയ്ത ‘നെഫര്‍റ്റിറ്റി’ ഉല്ലാസ നൗക രാജ്യത്തെ ഏറ്റവും ആഡംബരത്തോടുകൂടിയ ജലവാഹനമാണ്.

ക്ലാസ് ആറ് വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്ത നൗകയില്‍ മൂന്നു ഡെക്കുകളിലായി 200 യാത്രക്കാര്‍ക്ക് ഇരിക്കാം. 48.5 മീറ്റര്‍ നീളവും 14.5 മീറ്റര്‍ വീതിയുമുണ്ട്.അറബിക്കടലിലേക്ക് ഉല്ലാസയാത്ര നടത്തുന്ന സാഗരറാണിയുടെ വിജയമാണു കെഎസ്‌ഐഎന്‍സിയെ പുതിയ ഉല്ലാസ നൗക ഇറക്കാന്‍ പ്രേരിപ്പിച്ചത്.

മൂന്നു ഡെക്കുകളിലായി വിശാലമായ മീറ്റിങ് ഹാള്‍, ആഡംബര ഭക്ഷണശാല, ബാര്‍ ലോഞ്ച്, ത്രിഡി തിയറ്റര്‍, കുട്ടികള്‍ക്കു കളിസ്ഥലം, സണ്‍ ഡെക്ക് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. ബിസിനസ് യോഗങ്ങള്‍, വിവാഹ പരിപാടികള്‍, പാര്‍ട്ടികള്‍ തുടങ്ങിയവയ്ക്ക് ഇത് ഉപയോഗിക്കാനാവും.

ടിക്കറ്റ് വച്ചു വിനോദയാത്രയ്ക്കും ഉപയോഗിക്കും. നെഫര്‍റ്റിറ്റിയുടെ നിര്‍മാണം ഗോവയില്‍ പൂര്‍ത്തിയായി. അടുത്തമാസം കേരളത്തില്‍ എത്തും. ഫോര്‍സ്റ്റാര്‍ സൗകര്യമുള്ള ചെറുകപ്പലില്‍ കലാപരിപാടികളും ഭക്ഷണവും അടക്കമുള്ള പാക്കേജ് ആണു കെഎസ്‌ഐഎന്‍സി ഉദ്ദേശിക്കുന്നത്. ബിസി 1377-50 കാലത്ത് ഈജിപ്റ്റില്‍ ജീവിച്ച ശക്തയും സുന്ദരിയുമായ വനിതയാണു നെഫര്‍റ്റിറ്റി.