News

കളിയല്ല ഇവര്‍ക്ക് കുറിഞ്ഞി വസന്തം; ജീവനാണ്

കുറിഞ്ഞി ഉദ്യാനം ഈ പിന്‍തലമുറക്കാര്‍ക്ക് ജീവനാണ്. നീല വസന്തം വിരിയുന്ന ഉദ്യാനത്തിനെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിക്കുന്ന വലിയൊരു വിഭാഗമാണ് വട്ടവട കോവിലൂരില്‍ പൂഞ്ഞാര്‍ രാജാവ് കല്‍പിച്ച് നല്‍കിയ അഞ്ച് സ്ഥാനക്കാരുടെ പിന്‍തലമുറക്കാര്‍.
പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തെ വരവേല്‍ക്കുവാന്‍ മലയാണ്ടവര്‍ക്ക് കോവിലൂര്‍ ജനത പൂജ നടത്തി.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടിയേറ്റം നടന്ന വട്ടവട, കോവിലൂര്‍ മേഖലയില്‍ ഇന്നും പുരാതനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്നവരാണ് ഈ പിന്‍തലമുറക്കാര്‍. മന്ത്രിയാര്‍, മന്നാടിയാര്‍ തുടങ്ങിയ പൂഞ്ഞാര്‍ രാജാവ് കല്‍പ്പിച്ച് നല്‍കിയ അഞ്ച് സ്ഥാനക്കാര്‍ മുമ്പുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഇന്നും മുറതെറ്റാതെ മുമ്പോട്ട് കൊണ്ടുപോകുയാണ്. ഇതില്‍ ഒന്നാണ് നീലക്കുറിഞ്ഞി സംരക്ഷണവും

ഇവിടുത്തി വിശ്വാസികളുടെ ദൈവമായ മലയാണ്ടവരുടെ ഭക്ഷണമാണ് നീലക്കുറിഞ്ഞി പൂത്തുകഴിയുമ്പോള്‍ ഉണ്ടാകുന്ന അരികള്‍ എന്നതാണ് വിശ്വാസം. അതുകൊണ്ട് തന്നെ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലയാണ്ടവരുടെ ഭക്ഷണത്തിനായി പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തെ വരവേല്‍ക്കുവാന്‍ കോവിലൂര്‍ ജനത വലിയ പൂജകളും നടത്തപ്പെടാറുണ്ട്. പൂക്കളും, പഴങ്ങളുമായി മാധളംകുടൈ ശട്ടക്കാരന്‍വയല്‍ എന്ന സ്ഥലത്തെത്തി വരാന്‍പോകുന്ന വസന്തത്തെ വരവേല്‍ക്കുവാന്‍ പൂജ നടത്തും. ഇത് കൂടാതെ വസന്തം തീര്‍ന്ന് പൂക്കള്‍ ഇല്ലാകാമ്പോളും കുറിഞ്ഞി മലയിലെത്തി പൂജ നടത്തുകയും ചെയ്യും.