Kerala

വരവറിയിച്ച് കുറിഞ്ഞി വസന്തം; മുന്നൊരുക്കങ്ങളുമായി വനംവകുപ്പ്

മൂന്നാര്‍ മലനിരകളിലെ കുറിഞ്ഞി വസന്തം വരവേല്‍ക്കാന്‍ വനംവകുപ്പ് സജ്ജമായി. ഇരവികുളം ദേശീയോദ്യാനത്തിനാലാണ് വിനോദ സഞ്ചാരികള്‍ക്ക് 12 വര്‍ഷങ്ങള്‍ക്കൊരിക്കല്‍ മാത്രം ദൃശ്യമാകുന്ന പ്രകൃതിയുടെ വര്‍ണ വിസ്‌ഫോടനം നേരില്‍ കാണാന്‍ കഴിയുക.

ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണു കുറിഞ്ഞിപ്പൂക്കാലം. പകല്‍ ഏഴു മുതല്‍ നാലു വരെയാണു സന്ദര്‍ശന സമയം.സന്ദര്‍ശകര്‍ക്കായി ഓണ്‍ലൈന്‍ ടിക്കറ്റ്/മുന്‍കൂര്‍ ബുക്കിങ് ഏര്‍പെടുത്തിയിട്ടുണ്ട്. 75% ടിക്കറ്റ് ഓണ്‍ലൈന്‍ വഴിയും ബാക്കി നേരിട്ടുമാണു നല്‍കുക.

ഓണ്‍ലൈന്‍ ബുക്കിങ് വിലാസം: www.munnarwildlife.com, eravikulamnationalpark.org മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്കു 90 രൂപയും വിദേശികള്‍ക്കു 400 രൂപയുമാണു ടിക്കറ്റ് നിരക്ക്. സ്റ്റില്‍ ക്യാമറയ്ക്കു 40 രൂപയും വിഡിയോ ക്യാമറയ്ക്ക് 315 രൂപയും നല്‍കണം.

ഒരു ദിവസം 3500 പേര്‍ക്കാണു പാര്‍ക്കില്‍ പ്രവേശനാനുമതി.പരമാവധി രണ്ടു മണിക്കൂറാണു സന്ദര്‍ശകര്‍ക്കു തങ്ങാവുന്ന സമയം.മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, മറയൂര്‍ ഫോറസ്റ്റ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ ടിക്കറ്റ് ലഭിക്കും.

സന്ദര്‍ശകര്‍ക്കു ഇരവികുളം നാഷനല്‍ പാര്‍ക്കിനെക്കുറിച്ചും മൂന്നാറിനെക്കുറിച്ചും അവബോധമുണ്ടാക്കാന്‍ രാജമല അഞ്ചാം മൈലിലെ വിസിറ്റേഴ്‌സ് ലോഞ്ചില്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അന്വേഷണങ്ങള്‍ക്ക് ഫോണ്‍: 85476 03222, 85476 03199.