മണ്ണിന്റെ കഥ പറയാന്‍ മ്യൂസിയം ഒരുങ്ങി

കണ്ടും സ്പര്‍ശിച്ചും മണ്ണിനെ അടുത്തറിയാന്‍ 82 ഇനം മണ്ണു ശ്രേണികളുടെ ഏറ്റവും വലിയ ശേഖരവുമായി രാജ്യത്തെ ആദ്യ സോയില്‍ മ്യൂസിയം തലസ്ഥാനത്ത് യാഥാര്‍ത്ഥ്യമായി.
പുതുതലമുറയ്ക്ക് മണ്ണിനെ അടുത്തറിയാനും ശാസ്ത്രീയമായി അറിവു പകരുന്നതിനുമായി മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പാണ് മ്യൂസിയം ഒരുക്കിയത്.

മണ്ണിന്റെയും ജലത്തിന്റെയും വിഭവ പരിപാലന സാധ്യതകള്‍ കര്‍ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പാറാട്ടുകോണം സെന്‍ട്രല്‍ സോയില്‍ അനലറ്റികല്‍ ലാബോറട്ടറി മന്ദിരത്തിലാണ് മ്യൂസിയം. വൈവിധ്യമാര്‍ന്ന മണ്ണിനങ്ങളും അവയുടെ സംക്ഷിപ്ത വിവരണവും ഒരു കുടക്കീഴില്‍ പ്രദര്‍ശിപ്പിക്കുകയാണിവിടെ.

എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും 10 മണി മുതല്‍ 5 വരെയാണ് പ്രദര്‍ശനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 10 രൂപയും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 15 രൂപയും മുതിര്‍ന്നവര്‍ക്ക് 25 രൂപയുമാണ് പ്രവേശന നിരക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫോണ്‍ വഴിയോ ഇ-മെയിലുലൂടെയോ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

ആധികാരിക ഗ്രന്ഥങ്ങള്‍, മണ്ണ്-ഭൂവിഭവറിപ്പോര്‍ട്ടുകള്‍, ലഘു പ്രസിദ്ധീകരണങ്ങള്‍ എന്നിവ ലഭിക്കുവാന്‍ മ്യൂസിയത്തിന്റെ ആദ്യ നിലയില്‍ പ്രവര്‍ത്തിക്കുന്ന സോയില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രയോജനപ്പെടുത്താം.

മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണം സംസ്ഥാനത്തിന്റെ പ്രധാന മണ്ണിനങ്ങളുടെ സ്ഥിര പരിഛേദികകളുടെ പ്രദര്‍ശനമാണ്. 14 ജില്ലകളില്‍ നിന്ന് ശേഖരിച്ച 82 ബെഞ്ച് മാര്‍ക്ക് മണ്ണിനങ്ങള്‍ ഇവിടെ ഉണ്ട്. സംസ്ഥാനത്ത് കാണുന്ന പ്രധാന ശിലകളും ധാതുക്കളും മണ്ണു പര്യവേക്ഷണ പഠന ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.