ചെന്നൈ പട്ടണത്തിലെ കൊച്ച് താരങ്ങള്‍

തെന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായിരുന്നു ഒരുകാലത്ത് മദിരാശി അതായത് ഇപ്പോഴത്തെ ചെന്നൈ. സിനിമാ പ്രാന്ത് തലയ്ക്ക് പിടിച്ച് കോടമ്പാക്കത്തേക്ക് വണ്ടി കയറിയിരുന്നവര്‍ ഇന്ന് ഓര്‍മ്മയാണ്. ചെന്നൈയിലെ സിനിമാ പാര്യമ്പര്യത്തിന്റെ തണലിലായിരുന്നു മലയാള സിനിമ പിച്ചവെച്ചതും നടന്ന് തുടങ്ങിയതും. പിന്നീട് തൊണ്ണൂറുകളുടെ തുടക്കത്തില്‍ നമ്മുടെ സിനിമ തിരുവനന്തപുരത്തേക്കും പിന്നീട് കൊച്ചിയിലേക്കും പറിച്ചു നട്ടു. അഭിനേതാക്കള്‍ക്കൊപ്പം തന്നെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ചെന്നൈയിലെ ചില ലൊക്കേഷനുകളെക്കുറിച്ച്…


ഗഫൂര്‍ ഇക്കയുടെ ദുബായ്


ദാസനും വിജയനും ഗഫൂര്‍ ഇക്കയുടെ ഉരുവില്‍ എത്തിപ്പെട്ടതു ചെന്നൈയിലെ ബസന്റ് നഗറിനു സമീപമുള്ള എലിയട്ട് ബീച്ചിലാണ്. സിഐഡീസ് എസ്‌കേപ്… എന്ന ഡയലോഗ് ആദ്യം മുഴങ്ങിയതും ഇവിടെത്തന്നെ. സിനിമയില്‍ കാണുന്ന കാള്‍ ഷിമ്മിന്റെ സ്മാരകം ഇപ്പോഴും ഇവിടെയുണ്ട്.തിരയില്‍ മുങ്ങിയ ബ്രിട്ടിഷ്‌ െപണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ മരണമടഞ്ഞ കാള്‍ ഷിമ്മിന്റെ സ്മരണാര്‍ഥം അന്നത്തെ ബ്രിട്ടിഷ് മേയറുടെ നേതൃത്വത്തില്‍ നിര്‍മിച്ച സ്മാരകമാണിത്. ഒട്ടേറെ തമിഴ് ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

അണ്ണാ നഗര്‍ ടവര്‍ പാര്‍ക്ക്


അധോലോക നായകനായ പവനായി ശവമായത് ചെന്നൈ അണ്ണാ നഗറിലെ ഈ പാര്‍ക്കിലാണ്. 1968ല്‍ നടന്ന ലോക വ്യാപാരമേളയുടെ ഭാഗമായി നിര്‍മിച്ച പാര്‍ക്കാണിത്. ഇവിടത്തെ നാലുനില കെട്ടിടത്തിന്റെ ഉയരമുള്ള പാര്‍ക്ക് ടവറിലാണ് നാടോടിക്കാറ്റിലെ ഈ രംഗം ചിത്രീകരിച്ചത്. ഒരുകാലത്ത് പാര്‍ക്ക് ടവറിനു മുകളില്‍നിന്നു നോക്കിയാല്‍ ചെന്നൈ നഗരം മുഴുവന്‍ കാണാമായിരുന്നു എന്ന് പഴമക്കാര്‍ പറയും.

ചുറ്റും ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നെങ്കിലും അണ്ണാനഗര്‍ ടവറിന്റെ പ്രൗഢി മങ്ങിയിട്ടില്ല. ഇപ്പോഴും ചെന്നൈയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്നായ അണ്ണാനഗറിലെ പ്രധാനപ്പെട്ട പാര്‍ക്കാണിത്. ദാസന്റെയും വിജയന്റെയും ഓര്‍മ പുതുക്കാന്‍ ന്യൂജെന്‍ സിനിമാക്കാര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ എത്താറുണ്ടെങ്കിലും, ടവറില്‍ പ്രവേശനമില്ല. സുരക്ഷ മുന്‍നിര്‍ത്തി ടവറിലേക്കു സന്ദര്‍ശകരെ അനുവദിക്കുന്നതു നിര്‍ത്തലാക്കിയിരിക്കുകയാണ്.

എവിഎം സ്റ്റുഡിയോ


എവിഎം എന്ന മൂന്നക്ഷരത്തിനു മൂന്നു പതിറ്റാണ്ടു മുന്‍പു വരെ സിനിമ എന്ന അര്‍ഥംകൂടി ഉണ്ടായിരുന്നു. പഴയകാല മലയാള സിനിമകളിലെ എണ്ണിയാല്‍ ഒടുങ്ങാത്ത ഹിറ്റ് ഡയലോഗുകളും, ആരാധകര്‍ക്ക് ആവേശമായ സീനുകളും ചിത്രീകരിച്ചത് ഇവിടെയാണ്. സിനിമാ ഉലകം എന്നാണു എവിഎം അറിയപ്പെട്ടിരുന്നത്.

എഴുപതിന്റെ നിറവില്‍ നില്‍ക്കുന്ന എവിഎം സ്റ്റുഡിയോ എറ്റവും കടപ്പെട്ടിരിക്കുന്നത് സ്ഥാപകനായ എ.വി.മെയ്യപ്പ ചെട്ട്യാരുടെ ഉറച്ച മനസ്സിനോടും, ദീര്‍ഘവീക്ഷണത്തോടുമാണ്. 170ല്‍ അധികം ചിത്രങ്ങള്‍ എവിഎമ്മിന്റെ ബാനറില്‍ പുറത്തിറങ്ങിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

ക്യാമറ സ്റ്റുഡിയോ വിട്ടു പുറത്തേക്കിറങ്ങിയെങ്കിലും, സൂപ്പര്‍ താര ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലെ സംഘട്ടന രംഗങ്ങളില്‍ ഏറെയും ചിത്രീകരിക്കുന്നത് ഇവിടെയാണ്. റിയാലിറ്റി ഷോകളുടെയും, സീരിയലുകളുടെയും ഇഷ്ട ലൊക്കേഷനും ഇതുതന്നെ. ഭൂമി ഒരുപാടു തവണ സൂര്യനെ ചുറ്റി വന്നെങ്കിലും, വടപളനിയിലെ എവിഎം സ്റ്റുഡിയോയ്ക്കു മുന്നിലെ കറങ്ങും ഗ്ലോബ് ഇപ്പോഴും നിര്‍ത്താതെ ചുറ്റുന്നുണ്ട്.