തുഴയെറിഞ്ഞ് നേടാം 25 ലക്ഷം ; ബോട്ട് ലീഗ് സമയക്രമമായി
മണ്‍സൂണ്‍ ടൂറിസത്തിലേക്ക് ലോകോത്തര നിലവാരത്തിലുള്ള ടൂറിസം ഉല്‍പന്നവുമായി സംസ്ഥാന ടൂറിസം വകുപ്പ്. ‘ചാമ്പ്യന്‍സ് ബോട്ട് ലീഗ്’ എന്ന രീതിയില്‍ തികച്ചും വ്യത്യസ്തവും നവീനവുമായ ഈ സംരംഭം വള്ളംകളിക്ക് കൂടുതല്‍ ആവേശവും പ്രചാരവും നല്‍കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കായികോത്സവമാണ് കേരളത്തിലെ വള്ളംകളി.എന്നാല്‍ വള്ളംകളി നേരിട്ട് കൊണ്ടിരിക്കുന്ന ഭീമമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. വള്ളംകളി മത്സരങ്ങളെ ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ഒരു കായിക മേളയായി അന്താരാഷ്ട്ര നിലവാരത്തിലോക്ക് പുനരുജ്ജീവിപ്പിക്കാനാണ് തീരുമാനം.
13 വേദികളിലായി 13 വള്ളം കളി മത്സരങ്ങളാണ് ചാമ്പ്യന്‍സ് ബോട്ട് റേസ് ലീഗിലൂടെ നടത്തുന്നത്. ജേതാക്കളാകുന്ന ടീമിന് 25 ലക്ഷം രൂപയാണ് സമ്മാനം. 15 ലക്ഷം രൂപയും, 10 ലക്ഷം രൂപയുമാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ലഭിക്കുന്നത്.
ആഗസ്ത് 11 തുടങ്ങി നവംബര്‍ 1ന് അവസാനിക്കുന്ന മത്സരത്തില്‍ ഓരോ വേദികളിലും ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 3 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 1 ലക്ഷം രൂപയുമാണ് സമ്മാനം.
കൂടാതെ ലീഗിന് യോഗ്യത നേടുന്ന എല്ലാ ടീമുകള്‍ക്കും മത്സര വേദിക്കും ബോണസായി 4 ലക്ഷം രൂപയും അനുവദിക്കും. ആലപ്പുഴയിലെ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഏറ്റവും മികച്ച സമയത്തിനുള്ളില്‍ എത്തിച്ചേരുന്ന 9 ചുണ്ടന്‍ വള്ളങ്ങള്‍ക്കാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ മത്സരിക്കാന്‍ യോഗ്യത ലഭിക്കുക.
ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. പ്രാഥമിക മത്സരമായി മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന മൂന്ന് ഹീറ്റ്‌സുകളും ഇതില്‍ മികച്ച സമയക്രമം പാലിച്ച് എത്തുന്ന മൂന്ന് വള്ളങ്ങളെ പങ്കെടിപ്പിച്ച് കൊണ്ട് ഫൈനല്‍ മത്സരങ്ങളും നടത്തും. തുടര്‍ന്ന് 4,5,6 സ്ഥാനങ്ങളില്‍ എത്തുന്ന വള്ളങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടൊരു ലൂസേഴ്‌സ് ഫൈനല്‍ മത്സരവും ഉണ്ടായിരിക്കും.
10, 7, 4 എന്നീ ക്രമത്തിലാണ് ആദ്യമൂന്ന് സ്ഥാനക്കാര്‍ക്ക് പോയിന്റ് ലഭിക്കുന്നത്. അതേ പോലെ തന്നെ ലൂസേഴ്‌സ് ഫൈനലില്‍ വിജയികളാകുന്നവര്‍ക്ക് 3,2,1 എന്ന രീതിയില്‍ പോയിന്റ് ലഭിക്കും.
ക്യൂമുലേറ്റീവ് പോയിന്റ് ടേബിളിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. നവംബര്‍ 1ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളിയോടെയാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന് സമാപനം കുറിക്കുന്നത്.വിജയികള്‍ക്കുള്ള സമ്മാനത്തുകയും ഈ വേദിയിലാണ് വിതരണം ചെയ്യുന്നത്.
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ സംസ്ഥാനതല സംഘാടക സമിതിയുടെ രക്ഷാധികാരിയായി മുഖ്യമന്ത്രിയും, അദ്ധ്യക്ഷന്‍ ടൂറിസം വകുപ്പ് മന്ത്രിയുമാണ്. ഉപാദ്ധ്യക്ഷനായി ധനകാര്യ വകുപ്പ് മന്ത്രിയും, കണ്‍വീനര്‍ ടൂറിസം സെക്രട്ടറിയുമായിരിക്കും. മത്സരങ്ങള്‍ നടക്കുന്ന വേദികളിലെ പ്രാദേശിക സബ്കമ്മറ്റി അദ്ധ്യക്ഷനായി അതത് പ്രദേശത്തെ എം എല്‍ എയും, കണ്‍വീനറായി ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായിരിക്കും ചുമതല ഏല്‍ക്കുക.
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ സമയക്രമം
ആലപ്പുഴ നെഹ്റു ബോട്ട് റേസ് -ആഗസ്ത്11
പുളിങ്കുന്ന്, ആലപ്പുഴ-ഓഗസ്റ്റ്18
കരുവാറ്റ,ആലപ്പുഴ-ഓഗസ്റ്റ്28
കോട്ടപ്പുറം, തൃശൂര്‍- സെപ്റ്റംബര്‍1
താഴത്തങ്ങാടി, കോട്ടയം- സെപ്റ്റംബര്‍9
പൂത്തോട്ട, എറണാകുളം-സെപ്റ്റംബര്‍15
പിറവം, എറണാകുളം-സെപ്റ്റംബര്‍22
കൈനകരി, ആലപ്പുഴ- സെപ്റ്റംബര്‍-29
കവണാറ്റിങ്കരകോട്ടയം- ഒക്ടോബര്‍-6
മദര്‍തെരേസ റേസ്, മാവേലിക്കര – ഒക്ടോബര്‍ -13
കായംകുളം, ആലപ്പുഴ- ഒക്ടോബര്‍-20
കല്ലട, കൊല്ലം-ഒക്ടോബര്‍-27
പ്രസിഡന്റ് ബോട്ട് ട്രോഫി, കൊല്ലം – നവംബര്‍ 1