Kerala

വേളിയില്‍ ചുറ്റിയടിക്കാന്‍ പാളവും ട്രെയിനും വരുന്നു

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന വേളി ടൂറിസംവില്ലേജില്‍ വിനോദ സഞ്ചരികള്‍ക്ക് ചുറ്റിയടിക്കാന്‍ ട്രെയിന്‍ സര്‍വീസും വരുന്നു. കടലിന്റെയും കായലിന്റെയും സൗന്ദര്യം നുകരാന്‍ കഴിയുന്ന വേളിയില്‍ എത്തുന്ന വിനോദസഞ്ചരികള്‍ക്ക് ട്രെയിനില്‍ സഞ്ചരിച്ച് പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ടൂറിസം സങ്കേതത്തില്‍ രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പാളം നിര്‍മിച്ച് ട്രെയിന്‍ സര്‍വീസിനുള്ള വന്‍പദ്ധതി തയ്യാറാകുന്നത്.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരം വേളിയിലൊരുങ്ങുന്ന ട്രെയിന്‍ സര്‍വീസ് പദ്ധതിക്ക് അന്തിമ രൂപമായി. ആഗസ്‌തോടെ ഭരണാനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന ടൂര്‍ഫെഡ് എംഡി എം ഷാജി മാധവന്‍ ദേശാഭിമാനിയോട് പറഞ്ഞു.

ആറു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇന്ത്യന്‍ റയില്‍വേയുടെ എന്‍ജിനിയറിങ് വിഭാഗമാണ് പദ്ധതിക്കാവശ്യമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പൊഴിക്കരമുതല്‍ ടൂറിസം വില്ലേജ് മുഴുവന്‍ കറങ്ങി സഞ്ചാരികള്‍ക്ക് ഉല്ലസിക്കാനും ആസ്വദിക്കാനും കഴിയും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും യാത്ര ചെയ്യാം.

പദ്ധതിയുടെ സര്‍വേയും പൂര്‍ത്തിയായി. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് സെപ്തംബറോടെ പാളം നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ട്രെയിന്‍ സര്‍വീസുകൂടി ഇവിടെ ആരംഭിക്കുന്നതോടെ വിദേശ സഞ്ചാരികള്‍ക്കൊപ്പം ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്കും വേളിയിലേക്ക് വര്‍ധിക്കും.