News

പേരിനൊപ്പം വാഹന രജിസ്‌ട്രേഷനും മാറാന്‍ പശ്ചിമ ബംഗാള്‍

നാമമാറ്റത്തിനുള്ള തയാറെടുപ്പിലാണ് പശ്ചിമ ബംഗാള്‍. ബംഗ്ലയെന്നാണ് ഈ സംസ്ഥാനത്തിന്റെ പുതിയ പേര്. പേര് മാറ്റത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടാകുന്ന പ്രധാനമാറ്റമാണ് വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ സംസ്ഥാനങ്ങളുടെ പേര് രേഖപ്പെടുത്തുന്നതിനുള്ള കോഡ് മാറുന്നത്.

നിലവില്‍ വെസ്റ്റ് ബംഗാളിന്റെ ചുരുക്ക പേരായി WB എന്നാണ് നമ്പര്‍ പ്ലേറ്റില്‍ ആലേഖനം ചെയ്യുന്നത്. എന്നാല്‍ പേര് മാറുന്നതിനൊപ്പം ഇതും മാറുമെന്നാണ് സൂചന. സംസ്ഥാനത്തിന്റെ പേര് ബംഗ്ലാ എന്നാകുമ്പോള്‍ നമ്പര്‍ പ്ലേറ്റില്‍ BA,BG,BL എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കും രേഖപ്പെടുത്തുക. ഇതില്‍ BA യ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.

സംസ്ഥാനത്തിന്റെ പേര് മാറുന്നതിനൊപ്പം വാഹനത്തിന്റെ രജിസ്‌ട്രേഷനും മാറുന്നത് ആദ്യത്തെ സംഭവമല്ല. ഉത്തരാഞ്ചല്‍ എന്ന സംസ്ഥാനം ഉത്തരാഖണ്ഡായി മാറിയതിനെ തുടര്‍ന്ന് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ UA എന്നത് UK ആയി മാറിയിരുന്നു.

ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന രൂപപ്പെട്ടപ്പോള്‍ TS എന്ന പുതിയ രജിസ്‌ട്രേഷന്‍ സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ വിഭജനത്തിന് മുമ്പ് ആന്ധ്രയില്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ തെലുങ്കാനയില്‍ പോലും AP രജിസ്‌ട്രേഷനിലാണ് ഓടുന്നത്.

1930 കാലഘട്ടത്തില്‍ BMC എന്ന സീരിയസിലായിരുന്നു വെസ്റ്റ് ബംഗാളില്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ സ്വതന്ത്ര്യത്തിന് ശേഷം ബോംബെ ആര്‍ടിഒയിലും ഈ സീരിയസില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. ഇത് പരസ്പരം അറിയാതെയാണ് നടന്നിരുന്നത്. രാജ്യത്തിന്റെ രണ്ട് പ്രദേശങ്ങളില്‍ ഒരേ നമ്പറിലുള്ള വാഹനങ്ങള്‍ ഓടിയിരുന്നെന്നതാണ് ഇതിലെ പ്രധാനപ്രശ്‌നം.