News

തുഴയേന്തിയ കാക്ക ഇനി കുഞ്ഞാത്തു

66ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ ചേമ്പിലത്തോണിയിലെ തുഴയേന്തിയ കാക്കയ്ക്ക് പേരിട്ടു ‘കുഞ്ഞാത്തു’. വിദ്യാര്‍ഥികള്‍ക്ക് നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി നടത്തിയ മത്സരത്തില്‍ തുമ്പോളി മാത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി അവലൂക്കുന്ന് അമ്പാട്ട് എ എം അദ്വൈത് കൃഷ്ണ വിജയിയായി.

എന്‍ട്രികളില്‍നിന്ന് പിആര്‍ഡി മുന്‍ മേഖല ഉപഡയറക്ടര്‍ പി രവികുമാര്‍, ചിക്കൂസ് ശിവന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് വി എസ് ഉമേഷ് എന്നിവരടങ്ങിയ വിധിനിര്‍ണയ സമിതിയാണ് പേര് തെരഞ്ഞെടുത്തത്. മൂന്നൂറോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.

ഒന്നില്‍ കൂടുതല്‍ മത്സരാര്‍ഥികള്‍ കുഞ്ഞാത്തു എന്ന പേര് നിര്‍ദ്ദേശിച്ചതിനാല്‍ നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. വിജയിക്ക് മുല്ലയ്ക്കല്‍ നൂര്‍ ജ്വല്ലറി നല്‍കുന്ന സ്വര്‍ണനാണയം സമ്മാനം ലഭിക്കും.