കര്‍ക്കടകത്തില്‍ കഴിക്കാം പത്തിലക്കറികള്‍
ശരീര സംരക്ഷണത്തിന് മലയാളികള്‍ തിരഞ്ഞെടുക്കുന്ന കാലമാണ് കര്‍ക്കടകം. ആയുര്‍വേദം പറയുന്നത് പ്രകാരം കര്‍ക്കിടകം ശരീരത്തിന് ഊര്‍ജസ്വലതയും ബലവും രോഗപ്രതിരോധശേഷിയും ആര്‍ജിക്കാന്‍ അനുകൂല സമയമാണ്. ഔഷധങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സമയം കൂടിയാണിത്. പത്തിലക്കറിവെയ്ക്കാലാണ് കര്‍ക്കിടക്കത്തിലെ പ്രധാന രീതി.
10 വ്യത്യസ്ത തരം ചെടികളുടെ മൂപ്പെത്താത്ത ഇലകള്‍ ചെറുതായി നുറുക്കി, ചിരകിയ തേങ്ങയും മറ്റു ചേരുവകളും ചേര്‍ത്തു കറിവച്ചു കഴിക്കുന്നതിന് പത്തിലക്കറിവയ്ക്കല്‍ എന്നും പേരുണ്ട്.
തിരഞ്ഞെടുക്കുന്ന ചെടികള്‍ക്കു ദേശഭേദങ്ങളുണ്ട്. മുക്കാപ്പിരി, തഴുതാമ, പയര്‍ ഇലകളും ചിലയിടങ്ങളില്‍ പത്തിലകളില്‍ പെടുന്നു. പൊതുവെ പ്രചാരത്തിലുള്ളവ പരിചയപ്പെടാം.
ആനക്കൊടിത്തൂവ (ചൊറിതണം, ചൊറിതനം)
ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മൂക്കാത്ത ഇലകള്‍ പറിച്ച്, ഗ്ലൗസിട്ട കൈകള്‍ കൊണ്ടു കശക്കി ഇതിലെ രോമങ്ങള്‍ കുടഞ്ഞുകളഞ്ഞ ശേഷമാണ് ഉപയോഗിക്കേണ്ടത്. ഈ രോമങ്ങളാണ് അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്നത്.
കുമ്പളം
ഭക്ഷ്യനാരുകള്‍, ധാതുലവണങ്ങള്‍ എന്നിവ ധാരാളമുള്ള കുമ്പളത്തില ദഹനവ്യൂഹം ശുദ്ധമാക്കും. മൂപ്പെത്താത്ത ഇലകള്‍ പറിച്ചെടുത്തു കൈപ്പത്തികള്‍ക്കിടയില്‍ വച്ചു തിരുമ്മി, ഇലയിലെ രോമങ്ങള്‍ കുടഞ്ഞുകളഞ്ഞ് കറിവയ്ക്കാം.
മത്തന്‍
കാത്സ്യം, ഫോസ്ഫറസ്, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന മത്തനില ദഹനം വേഗത്തിലാക്കും. വാത-കഫ-പിത്ത ദോഷങ്ങള്‍ നിയന്ത്രിക്കും.
വെള്ളരി
ധാരാളം വൈറ്റമിനുകളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. ഇലകളിലെ രോമം കളഞ്ഞശേഷം കറിവയ്ക്കാം.
നെയ്യുണ്ണി
ശിവലിംഗക്കായ, നെയ്യുര്‍ണി എന്നും പേരുകള്‍. ദുര്‍മേദസ്സ്, നീര്, പനി, ചുമ, ത്വക്രോഗങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നു. മൂക്കാത്ത ഇലകള്‍ കറിക്ക് എടുക്കാം.
ചീര
കറിവയ്‌ക്കേണ്ടത് മൂക്കാത്ത തണ്ടുകളും ഇലകളും. കാത്സ്യം, ഇരുമ്പ്, വൈറ്റമിനുകള്‍ എന്നിവ ധാരാളം. നേത്രരോഗങ്ങള്‍, വാത-കഫ-പിത്ത ദോഷങ്ങള്‍ എന്നിവ ശമിപ്പിക്കും. ക്ഷീണം, വിളര്‍ച്ച അകറ്റും.
താള്
കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നം. തൊലി നീക്കിയ ഇളം ഇലത്തണ്ടുകളും വിടരാത്ത ഇലകളും പത്തിലക്കറിക്ക് ഉപയോഗിക്കാം. നുറുക്കി പുളിവെള്ളത്തില്‍ തിളപ്പിച്ചോ രാത്രി മുഴുവന്‍ വെള്ളത്തിലിട്ടോ മഞ്ഞള്‍പ്പൊടിതൂകി വച്ചോ ചൊറിച്ചില്‍ മാറ്റി വേണം ഉപയോഗിക്കാന്‍.
ചേമ്പ്
കാല്‍സ്യം, ഫോസ്ഫറസ്, ധാതുക്കള്‍ അടങ്ങിയിരിക്കുന്നു. തണ്ടുകളും വിടരാത്ത ഇലകളുമാണ് (ചിലയിടങ്ങളില്‍ വിടര്‍ന്ന ഇലയും) കറിയില്‍ ഉപയോഗിക്കേണ്ടത്. ഇവയുടെ ഭൂകാണ്ഡത്തില്‍ അന്നജം ഏറെയുണ്ടെന്നും ഓര്‍ക്കാം.
ചേന
ധാതുക്കള്‍, വൈറ്റമിനുകള്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ഭക്ഷ്യനാരുകള്‍ എന്നിവ ഇതിലുണ്ട്. ഭൂകാണ്ഡത്തിലെ ഏക അഗ്രമുകുളത്തില്‍ നിന്നുണ്ടാകുന്ന പച്ചനിറമുള്ള ഒറ്റത്തണ്ടും അതിന്റെയറ്റത്തു വിടര്‍ന്നുവരുന്ന തളിരിലയുമാണു കറിവയ്‌ക്കേണ്ടത്.
തകര
ഔഷധഗുണം ഒട്ടേറെ. ദഹനശേഷി കൂട്ടും. ത്വക് രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, അലര്‍ജി എന്നിവ നിയന്ത്രിക്കും. അധികം മൂക്കാത്ത ഇലകളാണു കറിക്ക് എടുക്കേണ്ടത്.