കൊച്ചി വിമാനത്താവളത്തിന് യുഎൻ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം
ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌ക്കാരമായ ‘ ചാമ്പ്യൻ ഓഫ് എർത്തിന് ‘ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനെ തിരഞ്ഞെടുത്തു. സമ്പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന നൂതനാശയം പ്രാവർത്തികമാക്കിയതിനാണ് സിയാൽ ഈ വിശിഷ്ട ബഹുമതിയ്ക്ക് അർഹമായത്. സെപ്റ്റംബർ 26 ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിൽ സിയാൽ ലോകത്തിലെ ഏറ്റവും വിശിഷ്ടമായ പരിസ്ഥിതി പുരസ്‌ക്കാരം ഏറ്റുവാങ്ങും.
പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്കുള്ള നോബൽ പുരസ്‌ക്കാരമെന്ന് വിളിപ്പേരുള്ള ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരം 2005-മുതലാണ് ഐക്യരാഷ്ട്ര സഭ നൽകിത്തുടങ്ങിയത്. സിയാലിന്റെ പരിസ്ഥിതി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ യു.എൻ.ആഗോള പരിസ്ഥിതി മേധാവിയും യു.എൻ.ഇ.പി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എറിക് സ്ലോഹെമിന്റെ നേതൃത്വത്തിലുള്ള യു.എൻ.സംഘം ഇക്കഴിഞ്ഞ മേയിൽ കൊച്ചി വിമാനത്താവളം സന്ദർശിച്ചിരുന്നു. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം എന്ന നിലയ്ക്ക് സിയാലിന് ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക അംഗീകാരം നൽകുമെന്ന് സന്ദർശന വേളയിൽ എറിക് സ്ലോഹെം മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. സിയാലിന്റെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനുമായി യു.എൻ.പരിസ്ഥിതി മേധാവി അന്ന് ചർച്ച നടത്തിയിരുന്നു. പരിസ്ഥിതി സൗഹാർദ ആശയങ്ങൾ നടപ്പിലാക്കുന്നതിന് നാല് വിഭാഗങ്ങളിലായാണ് ഐക്യരാഷ്ട്ര സഭ ഓരോ വർഷവും ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരം നൽകുന്നത്. ഇതിൽ, ‘ധീരവും പ്രചോദനാത്മകവുമായ പരിസ്ഥിതി സൗഹാർദ പ്രവർത്തനം നടപ്പിലാക്കി ലോകത്തിന് മാതൃകയാകുന്ന പദ്ധതി ‘ എന്ന വിഭാഗത്തിലാണ് 2018-ലെ പുരസ്‌ക്കാരം സിയാലിനെ തേടിയെത്തിയത്.
ഇന്ത്യയിൽ ഇതാദ്യമായാണ് ഈ വിഭാഗത്തിൽ ഒരു സ്ഥാപനം ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം നേടുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന നിലയിൽ സിയാൽ അസാധാരണമായൊരു മാതൃകയാണ് കാഴ്ച വച്ചതെന്നും മറ്റുള്ളവർ ഇനി ഇത് പിന്തുടരുമെന്നും പുരസ്‌ക്കാര നേട്ടം അറിയിച്ചുകൊണ്ട് മാനേജിങ് ഡയറക്ടർ വി.ജെ.കുര്യന് അയച്ച കത്തിൽ എറിക് സ്ലോഹെം വ്യക്തമാക്കി.
ചിലി പ്രസിഡന്റ് മൈക്കേൽ ബാഷ്‌ലെറ്റ്, ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ബൈക്ക് ഷെയറിങ് ആപ് ഉടമസ്ഥരായ മോബൈക്ക്, അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ഗോദാർദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്റർ, ചൈനയിലെ വനവത്ക്കരണ പ്രസ്ഥാനമായ സൈഹാൻബ തുടങ്ങിയ വ്യക്തികളും സ്ഥാപനങ്ങളുമാണ് കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരത്തിന് അർഹരായത്.
2015 മുതൽ സമ്പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സിയാലിന്റെ വിവിധ പ്ലാന്റുകളുടെ മൊത്തം സ്ഥാപിത ശേഷി നിലവിൽ 30 മെഗാവാട്ടാണ്. അടുത്തമാസത്തോടെ ഇത് 40 മെഗാവാട്ടായി ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. സുസ്ഥിരവും പരിസ്ഥിതി സൗഹാർദവുമായ പദ്ധതികൾ നടപ്പിലാക്കിയതിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം നേടിയതിൽ അഭിമാനമുണ്ടെന്ന് വി.ജെ.കുര്യൻ പറഞ്ഞു. ‘ആഗോളതലത്തിൽ ഹരിത ആശയങ്ങൾക്ക് പ്രസക്തിയേറുന്ന കാലമാണ്. വിമാനത്താവളം പോലെ വൻതോതിൽ ഊർജാവശ്യം വേണ്ടിവരുന്ന സ്ഥാപനങ്ങൾ പരിസ്ഥിതി സൗഹാർദ ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് പ്രായോഗികമാണെന്ന് തെളിയിക്കാൻ സിയാലിനായി. നാളിതുവരെ സിയാലിന്റെ സൗരോർജ പ്ലാന്റുകൾ അഞ്ച് കോടി യൂണിറ്റ് ഹരിതോർജം ഉത്പാദിപ്പിച്ചുകഴിഞ്ഞു. പരിസ്ഥിതിയ്ക്ക് ദോഷകരമായി ബാധിക്കുന്ന ഹരിതഗേഹ വാതകമായ കാർബൺ ഡൈ ഓക്‌സൈഡ് അരലക്ഷം ടൺ അന്തരീക്ഷത്തിലേയ്ക്ക് ബഹിർഗമിക്കുന്നത് തടയാൻ സിയാലിന്റെ പ്ലാന്റുകൾക്ക് കഴിഞ്ഞിട്ടുണ്ട് ‘കുര്യൻ പറഞ്ഞു.