News

ഗോവ കുടിയൻ ഫിറ്റ്; ഗോവയ്ക്ക് ഫിറ്റല്ലാത്തത് ടൂറിസ്ററ് കുടിയന്മാരെന്നു മന്ത്രി

ഗോവക്കാരായ കുടിയന്മാർ നേരെ നടക്കുമ്പോൾ സന്ദർശകരായി വരുന്ന കുടിയന്മാർ ആടിയാടി നടക്കുന്നു- പരാമർശം ഗോവ ടൂറിസം മന്ത്രി മനോഹർ അജ്ഗാവങ്കറിന്റേതാണ്‌. ഗോവയുടെ സംസ്കാരം മാനിക്കാത്ത സന്ദർശകർ ഇവിടേയ്ക്ക് വരേണ്ടെന്നും മന്ത്രി പറഞ്ഞു. മയക്കു മരുന്ന് ഉപയോഗിക്കുന്നവർ, ബീച്ച് വൃത്തികേടാക്കുന്നവർ ഇവർക്കൊന്നും ഇവിടെ ഇടമില്ലന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

പല സന്ദർശകരും മദ്യപിച്ച് നടുറോഡിൽ ശല്യമുണ്ടാക്കുകയാണ്. ഇതനുവദിക്കാൻ കഴിയില്ല. ബീച്ചുകളിലും വഴിയോരങ്ങളിലും വഴിവാണിഭം നടത്തുന്നതും വലിയ പ്രശ്നമാണ്. നിലവിലെ നിയമം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ല. ഇവരെ ഒഴിപ്പിക്കാൻ ചെന്നാൽ ഇവർ സാധനങ്ങൾ ഉപേക്ഷിച്ച് ഓടിയൊളിക്കും. പിന്നീട് ഈ സാധനങ്ങൾ എടുക്കാൻ ഇവർ വരാറില്ല.

ബീച്ചുകളിലെ മാലിന്യ പ്രശനം പരിഹരിക്കാൻ വാട്സ് ആപ് നമ്പർ നൽകിയിട്ടുണ്ട്. ഏതെങ്കിലും ബീച്ചിൽ മാലിന്യം കണ്ടാൽ അതിന്റെ ചിത്രമെടുത്തു ഈ വാട്സ് ആപ് നമ്പറിൽ ഇട്ടാൽ മതി. പന്ത്രണ്ടു മണിക്കൂറിനകം പരിഹാരം കണ്ടിരിക്കുമെന്നും ഗോവൻ ടൂറിസം മന്ത്രി പറഞ്ഞു.

ഗോവൻ സംസ്കാരം മാനിക്കാത്ത സഞ്ചാരികളെ ആട്ടിയോടിക്കുമെന്ന പ്രസ്താവനയിലൂടെ നേരത്തെ വിവാദം സൃഷ്ടിച്ച മന്ത്രിയാണ് മനോഹർ അജ്ഗാവങ്കർ.