ഊബര്‍ എത്തുന്നു ഇഷ്ട ഭക്ഷണവുമായി; കൊച്ചിക്ക് പിന്നാലെ ഊബര്‍ ഈറ്റ്സ് തിരുവനന്തപുരത്തും തൃശൂരിലും
കുറഞ്ഞ നിരക്കിലെ കാര്‍ യാത്രയ്ക്ക് പിന്നാലെ ഇഷ്ടഭക്ഷണം ആവശ്യപ്പെടുന്നിടത്ത് എത്തിച്ചും തരംഗമാകാന്‍ ഊബര്‍. നേരത്തെ കൊച്ചിയില്‍ തുടങ്ങിയ ‘ഊബര്‍ ഈറ്റ്സ്’ ഇനി തിരുവനന്തപുരത്തും തൃശൂരിലും ലഭ്യമാകും. ഇതോടെ രാജ്യത്ത് ഊബര്‍ ഈറ്റ്സ് ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം 23 ആയി ഉയരും.
പാരഗണ്‍, രാജധാനി, സുപ്രീം ബേക്കേഴ്സ്, ആസാദ്, പങ്കായം, എംആര്‍എ എന്നിവയടക്കം നൂറും തൃശ്ശൂരില്‍ സിസോണ്‍സ്, ഇന്ത്യാഗേറ്റ്, മിംഗ് പാലസ്, ആയുഷ്, ആലിബാബ ആന്‍ഡ് 41ഡിഷസ് എന്നിവയടക്കം അമ്പതും ഭക്ഷണശാലകള്‍ ഊബര്‍ ഈറ്റ്സില്‍ കണ്ണികളാണ്.
തിരുവനന്തപുരത്ത് വഴുതക്കാട്, തമ്പാനൂര്‍,പട്ടം, ഉള്ളൂര്‍ എന്നിവിടങ്ങളിലും തൃശൂരില്‍ പൂങ്കുന്നം, തൃശൂര്‍ റൗണ്ട്, കുരിയച്ചിറ എന്നിവിടങ്ങളിലുമാകും ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാവുക.
ഇരു നഗരങ്ങളിലും പത്തു രൂപയാകും ഡെലിവറി ഫീസ് ഈടാക്കുക. പ്രാരംഭ ആനുകൂല്യമായി 200 രൂപ വരെ അഞ്ച് ഓര്‍ഡറുകള്‍ക്ക് അമ്പത് ശതമാനം ഇളവു ലഭിക്കും. ഇതിന് EPIC50 എന്ന പ്രൊമോ ഉപയോഗിക്കണം.
ഊബര്‍ ഈറ്റ്സ് ആപ് ഡൌണ്‍ലോഡ് ചെയ്ത ശേഷമാണ് ഓര്‍ഡര്‍ നല്‍കേണ്ടത്. ഓണസദ്യയും ഊബര്‍ ഈറ്റ്സില്‍ നിന്ന് ലഭ്യമാകുമെന്ന് കേരള- കര്‍ണാടക ജന.മാനേജര്‍ വര്‍ത്തിക ബന്‍സാല്‍ പറഞ്ഞു.