Places to See

ചൂളം വിളിച്ച് മഴയ്‌ക്കൊപ്പമൊരു തീവണ്ടി യാത്ര

യാത്രകള്‍ എന്നും എല്ലാവര്‍ക്കുമൊരു ലഹരിയാണ്. ഏകാന്തമായ യാത്രകള്‍ക്കും സുഹൃത്തുകള്‍ക്കൊപ്പമുള്ള  യാത്രകള്‍ക്കുമൊരുപോലെ പറ്റിയതാണ് തീവണ്ടികള്‍. മഴക്കാലത്ത് കാഴ്ച്ചകള്‍ കണ്ടൊരു തീവണ്ടി യാത്ര പോകാം….


മംഗലാപുരം കൊങ്കണ്‍ പാതയിലൂടെ നടത്തുന്ന യാത്രക്കിടയില്‍ ചിലപ്പോള്‍ ജനല്‍ക്കമ്പികളിലൂടെ ഉറ്റിവീഴുന്ന വെള്ളത്തുള്ളികള്‍, അല്ലെങ്കില്‍ മുഖം നനപ്പിക്കുന്ന ചാറ്റല്‍ മഴയും കാറ്റും. മറ്റു ചിലപ്പോള്‍ എല്ലാം ഇപ്പോള്‍ അവസാനിപ്പിക്കുമെന്ന് ഒരുങ്ങി പുറപ്പെട്ടത് പോലെയുള്ള മഴയുടെ രുദ്ര താണ്ഡവം. ഇവയെല്ലാം കാണണമെങ്കില്‍ കൊങ്കണിലൂടെയുള്ള മഴ യാത്ര നടത്തണം.

മംഗലാപുരത്തുനിന്ന് റോഹവരെ 740 കിലോമീറ്ററുണ്ട്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര. 91 തുരങ്കങ്ങളും ചെറുതും വലുതുമായ 1858 പാലങ്ങളും കൊങ്കണ്‍ പാതയിലുണ്ട്. 6.5 കിലോമീറ്റര്‍ നീളമുള്ള കര്‍ബുദ് തുരങ്കമാണ് ഏറ്റവും നീളം കൂടിയത്. മഴ പെയ്യുമ്പോള്‍ ഇരുട്ടിലൂടെ അപ്പുറത്തെ വെളിച്ചത്തിലേക്കെത്തുംവരെയുള്ള യാത്രയ്‌ക്കൊരു കാത്തിരിപ്പിന്റെ രസമുണ്ട്. യാത്രയ്ക്ക് തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഈ പാതയിലെ ഏറ്റവും വേഗംകൂടിയ വണ്ടിയാണിത്.

തിരിച്ചുവരുമ്പോള്‍ യാത്രയൊന്ന് വ്യത്യസ്തമാക്കാം. വേണമെങ്കില്‍ ഗോവയിലെ ബീച്ചുകളില്‍ മഴ കൊണ്ടൊന്ന് ചുറ്റിയടിക്കാം. പൊതുവെ തിരക്കുകുറവായിരിക്കും. മൂകാംബിക ക്ഷേത്രത്തിലൊന്ന് തൊഴുതുവരികയുമാകാം. അവിടെയും അപ്പോള്‍ തിരക്കുണ്ടാകില്ല. താമസസൗകര്യം കുറഞ്ഞനിരക്കില്‍ ലഭിക്കും. മഴയത്ത് കുടജാദ്രിയിലേക്കും പോകാം. ചാറ്റല്‍ മഴയാണെങ്കില്‍ മല കയറാനും ഇറങ്ങാനും നല്ല രസമായിരിക്കും. ഒന്ന് ശ്രദ്ധിക്കണമെന്ന് മാത്രം.

കൊങ്കണ്‍ പാതയ്ക്കു സമീപത്ത് ധാരാളം വിനോദസഞ്ചാരകേന്ദ്രങ്ങളുണ്ട്. ഗോകര്‍ണം, ഉഡുപ്പി, മുരുഡേശ്വരം പോലുള്ള ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്താം. വിവിധ സ്റ്റേഷനുകളില്‍ ഇറങ്ങി ജോഗ്, അംബോളി പോലുള്ള വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ പോകാം. റായ്ഗഡ്, രത്‌നദുര്‍ഗ്, വിജയദുര്‍ഗ് പോലുള്ള കോട്ടകള്‍ കാണാം. അല്‍ഫോണ്‍സ മാങ്ങ പോലെ ചില ഭക്ഷണവിഭവങ്ങള്‍ ഇവിടെ കിട്ടുകയും ചെയ്യും. അങ്ങനെയങ്ങനെ രണ്ടുമൂന്നു ദിവസം മഴയത്തൊരു തീവണ്ടി യാത്രയാകട്ടെ ഇത്തവണ.