തൂക്കുപാലവും ജലക്കാഴ്ച്ചയും; അയ്യപ്പന്‍കോവിലില്‍ തിരക്കേറുന്നു
ഇടുക്കി ജലസംഭരിണിക്ക് കുറുകെയുള്ള അയ്യപ്പന്‍കോവില്‍ തൂക്കുപാലം കാണാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു. ജില്ലയിലെ ഏറ്റവും വലിയ തൂക്കുപാലമാണ് അയ്യപ്പന്‍ കോവിലിലുള്ളത്. 2013ന് ശേഷം ജലനിരപ്പ് ഉയര്‍ന്നത് ഇത്തവണയാണ്. അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ എന്നീ സ്ഥലങ്ങളെ ഒന്നിപ്പിക്കുന്ന പാലമാണ് ഇത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൂക്കുപാലത്തിന്റെ ഭംഗി ആസ്വദിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വിനോദസഞ്ചാരികള്‍ എത്തുന്നത്.
പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റമേഖലയാണ് അയ്യപ്പന്‍കോവില്‍. പെരിയാറിന്റെ തീരത്തായി പുരാതന അയ്യപ്പക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രം പൂഞ്ഞാര്‍ രാജവംശമാണ് നിര്‍മിച്ചത്. ആദ്യകാലത്ത് ആദിവാസികളുടെ നേതൃത്വത്തിലായിരുന്നു പൂജ.
നൂറുകണക്കിന് തീര്‍ഥാടകര്‍ ദിവസവും ക്ഷേത്രദര്‍ശനത്തിനായി എത്തുന്നുണ്ട്. സംഭരണിയില്‍ ജലനിരപ്പുയര്‍ന്നതോടെ വള്ളത്തില്‍പോയി മാത്രമേ ക്ഷേത്രദര്‍ശനത്തിന് സാധിക്കൂ. വന്യജീവികളെ അടുത്തുകണ്ട് ജലാശയത്തില്‍ കൂടി വള്ളത്തിലുള്ള യാത്രയും സഞ്ചാരികളുടെ മനംകവരുന്നു. കോവില്‍മല രാജപുരിയിലേക്കും ഇതുവഴിപോകാം.
കട്ടപ്പന കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിലെത്താം. കൂടാതെ സ്വരാജില്‍നിന്ന് പരമ്പരാഗത കാട്ടുപാതയിലൂടെയും പോകാം.