സഞ്ചാരികളെ വരവേല്‍ക്കാന്‍ കുത്തുങ്കല്‍ വെള്ളച്ചാട്ടം
മനംകവരുന്ന കാഴ്ചയായി പന്നിയാര്‍ പുഴയിലെ കുത്തുങ്കല്‍ വെള്ളച്ചാട്ടം. 250 അടി താഴ്ചയിലേക്കു കുതിച്ചുചാടുന്ന വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളുമാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
കുമളിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു നെടുങ്കണ്ടം വഴി ചെമ്മണ്ണാര്‍ എത്തി ഏഴു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാലും നേര്യമംഗലത്തുനിന്ന് അടിമാലിയിലൂടെ രാജാക്കാട് എത്തി അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാലും കുത്തുങ്കലില്‍ എത്താം.
മൂന്നാറില്‍ എത്തുന്നവര്‍ക്കു തോക്കുപാറ- ആനച്ചാല്‍-കുഞ്ചിത്തണ്ണി വഴിയും രാജാക്കാട് എത്താം. ഈ വെള്ളച്ചാട്ടത്തെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. വര്‍ഷകാലം മുതലുള്ള മൂന്നുനാലു മാസങ്ങളാണ് ഇവിടെ ടൂറിസത്തിന് അനുയോജ്യമായ സമയം.