Kerala

കെ എസ് ആര്‍ ടി സിയുടെ ചില്‍ ബസ് ഇന്നു മുതല്‍

തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ എസി ലോ ഫ്‌ളോര്‍ ബസുകള്‍ സര്‍വീസ് നടത്താനുള്ള ചില്‍ ബസ് പദ്ധതിയുടെ പരീക്ഷണ ഓട്ടം ഇന്ന്   മുതല്‍. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും രാവിലെ മുതല്‍ പരീക്ഷണ സര്‍വീസ് ആരംഭിക്കും.

കെഎസ്ആര്‍ടിസിയുടെ www.kurtcbooking.com, www.keralartc.in സൈറ്റുകള്‍വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് ഒന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്‌റ്റേഷനില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.

കോര്‍പറേഷന്റെ കീഴിലുള്ള 219 എസി ലോ ഫ്‌ലോര്‍ ബസുകളെയാണ് പുതിയ ഷെഡ്യൂളില്‍ ഒന്നുമുതല്‍ സംസ്ഥാനവ്യാപകമായി വിന്യസിക്കുക.തിരുവനന്തപുരംഎറണാകുളം കാസര്‍കോടിനുപുറമെ കിഴക്കന്‍ മേഖലയിലേക്കും സര്‍വീസുകളുണ്ട്.

പുലര്‍ച്ചെ അഞ്ചുമുതല്‍ രാത്രി പത്തുവരെയാണ് പകല്‍സമയ സര്‍വീസുകള്‍. പകല്‍ സര്‍വീസുകള്‍ക്കുപുറമെ തിരുവനന്തപുരം -എറണാകുളം (ആലപ്പുഴ, കോട്ടയം), എറണാകുളം- തിരുവനന്തപുരം, എറണാകുളം-കോഴിക്കോട്, കോഴിക്കോട് തിരുവനന്തപുരം റൂട്ടുകളില്‍ രാത്രിയില്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തും. രാത്രി 10.30 മുതലാണിത്. പുതിയ സര്‍വീസുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനവുമുണ്ടാകും.