ഓണാഘോഷം ആഗസ്റ്റ് 24 മുതല്‍; ആയിരം വിദേശികള്‍ പങ്കെടുക്കും

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 24 മുതല്‍ 30
വരെ നടക്കും. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തൈക്കാട് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന വിവിധ വകുപ്പ്ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


സമാപന ദിവസമായ ഓഗസ്റ്റ് 30 ന് നടക്കുന്ന ഘോഷയാത്ര പതിവില്‍ നിന്ന്
വ്യത്യസ്തമായി നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും രാജ്യാന്തരതലത്തില്‍
ശ്രദ്ധിക്കപ്പെടുന്ന രീതിയിലാകും പരിപാടി സംഘടിപ്പിക്കുകയെന്നും മന്ത്രി
പറഞ്ഞു.

ചുരുങ്ങിയത് ആയിരം വിദേശികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്ന
തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് തുടക്കം
കുറിച്ചതായും മന്ത്രി പറഞ്ഞു. ഏറ്റവും പ്രഗത്ഭരായി കലാകാരന്‍മാരുടെ
കലാപരിപാടികള്‍ എല്ലാ ദിവസവുമുണ്ടാകും.

ഓരോ വകുപ്പുകളും ഘോഷയാത്രയില്‍ വ്യത്യസ്ഥതയുള്ള നിശ്ചല ദൃശ്യങ്ങള്‍ അവതരിപ്പിക്കണമെന്നും പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും എല്ലാ പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും
മന്ത്രി നിര്‍ദേശിച്ചു.

ഘോഷയാത്രാ കമ്മിറ്റി ചെയര്‍മാന്‍ ഡി.കെ. മുരളി എം.എല്‍.എ, സി.കെ. ദിവാകരന്‍
എം.എല്‍.എ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. ടൂറിസം വകുപ്പ് സെക്രട്ടറി
റാണി ജോര്‍ജ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, ടൂറിസം
ഡ.യറക്ടര്‍ പി. ബാലകിരണ്‍, സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശ്,
കെ.റ്റി.ഡി.സി മാനേജിങ് ഡയറക്ടര്‍ രാഹുല്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍
തുടങ്ങിയവരും പങ്കെടുത്തു.