Kerala

അഷ്ടമുടിയിലെ മഴക്കാഴ്ച്ചകള്‍

മഴയിലൂടെ അഷ്ടമുടി കായലിലൊരു ബോട്ട് യാത്ര തുരുത്തുകളും കൈവഴികളും ഗ്രാമീണഭംഗി ചൊരിയുന്ന കരകളും ഈറനണിഞ്ഞ് നില്‍ക്കുന്ന കാഴ്ച്ച കണ്ട് മഴയാസ്വദിക്കാന്‍ ഡി ടി പി സി ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുകയാണ്.


പ്രധാനമായും അഞ്ച് പാക്കേജുകളാണ് മഴക്കാല വിനോദത്തിനായി ഒരുക്കിയിരിക്കുന്നത്. കല്ലട-സാമ്പ്രാണിക്കോടി, സീ അഷ്ടമുടി, അഷ്ടമുടി-സമ്പ്രാണിക്കോടി ഐലന്‍ഡ്, കരുനാഗപ്പള്ളി-കന്നേറ്റി, കൊല്ലം-മണ്‍റോത്തുരുത്ത് എന്നീ പാക്കേജുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇവയ്ക്കുപുറമേ ഡി.ടി.പി.സി. യുടെ ഹൗസ്‌ബോട്ട്, തോണി, സ്പീഡ് ബോട്ട് എന്നിവയും സജീവമാണ്.

കൂടാതെ ഡി.ടി.പി.സി.യുടെ ജലകേളീകേന്ദ്രം മുഖംമിനുക്കി കുട്ടികള്‍ക്കുള്ള പാര്‍ക്കായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.മഴയെന്നു വിചാരിച്ച് ഇനി യാത്രകള്‍ക്ക് മടിക്കേണ്ട… മഴക്കാലം മഴയോടൊപ്പം ആഘോഷിക്കാമെന്ന തരത്തിലാണ് സഞ്ചാരികള്‍ക്കായി യാത്രകളും കാഴ്ചകളും ക്രമീകരിച്ചിട്ടുള്ളത്.

കല്ലടയാറിന്‍ തീരത്തൂടെ ഒരു യാത്ര

മണ്‍സൂണ്‍ ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണമാണിത്. കൊല്ലം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപത്തെ ഡി.ടി.പി.സി.യുടെ ബോട്ട് ജെട്ടിയിലെത്തി യാത്രയ്ക്ക് തയ്യാറെടുക്കാം. വള്ളത്തിലാണ് യാത്രയെങ്കിലോ? മഴയല്ലേ നനഞ്ഞുപോകുമോ എന്ന സംശയം ഉയര്‍ന്നേക്കാം. അതോര്‍ത്ത് പേടിക്കേണ്ട. ഡി.ടി.പി.സി.യുടെ വക ഓരോ കുടയും യാത്രികരെ മഴനനയ്ക്കാതെ കൊണ്ടുപോകും. കുറഞ്ഞത് നാലുപേരുണ്ടെങ്കില്‍ യാത്ര ഇതാ ആരംഭിച്ചുകഴിഞ്ഞു.

രാവിലെ കൊല്ലത്തുനിന്ന് പെരുമണ്‍ വഴിയാകും പോകുന്നത്. പെരുമണ്‍ ദുരന്തസ്മരണയുണര്‍ത്തുന്ന പാലവും കണ്ട് പട്ടംതുരുത്തിലേക്ക്. അവിടെ കശുവണ്ടി ഫാക്ടറി സന്ദര്‍ശനം. കശുവണ്ടി അണ്ടിപ്പരിപ്പാകുന്ന കഴ്ചകളൊക്കെ കണ്ടശേഷം വീണ്ടും യാത്ര. കായലില്‍നിന്ന് കൈത്തോടുകളിലേക്ക് കടക്കുമ്പോള്‍ ഗ്രാമീണഭംഗിയുടെ വശ്യതയിലൂടെ വിവിധ കാഴ്ചകളും കാണാം.

ഓളങ്ങളെ അടര്‍ത്തിമാറ്റി വള്ളം നീങ്ങുമ്പോള്‍ ചെറു ചാറ്റല്‍മഴകൂടി പെയ്താല്‍ യാത്ര എത്ര സുന്ദരമായിരിക്കും… മഴയ്ക്കുപുറമേ തീരങ്ങളിലെ മരങ്ങളില്‍നിന്നുള്ള വെള്ളംകൂടി വീഴുമ്പോള്‍ ചെറുമീനുകള്‍ പാഞ്ഞുനടക്കുന്ന കാഴ്ചയും വര്‍ണനാതീതം. അവിടെ മീന്‍വളര്‍ത്തല്‍ കേന്ദ്രങ്ങളും കണ്ട് വീണ്ടും കായലിലേക്ക് നീങ്ങിത്തുടങ്ങും. അപ്പോഴേക്കും വിശപ്പിന്റെ വിളി ആരംഭിച്ചുകഴിയും. ഭക്ഷണവും ഈ പാക്കേജിലുണ്ട്. വിശന്നുവരുമ്പോള്‍ ആദ്യം കുറച്ച് വേവിച്ച കപ്പയും എരിവുള്ള മീന്‍കറിയുമായാലോ? അതിലൊതുങ്ങുമെന്ന് കരതേണ്ട. മറ്റു വിഭവങ്ങള്‍ പുറകെയുണ്ട്. നാടന്‍ വാഴയിലയില്‍ തൂവെള്ളച്ചോറ്. ഒപ്പം നല്ല ഏരിവുള്ള ഇറച്ചിക്കറിയും മസാലചേര്‍ത്ത് പൊരിച്ചെടുക്കുന്ന കായല്‍മത്സ്യവും കൂടെയാകുമ്പോള്‍ ഊണ് കെങ്കേമമാകും.

ഊണിനുശേഷം വീണ്ടും പാടശേഖരവും ദേശാടനക്കിളികളുടെ താവളവുമൊക്കെ കണ്ടാകും ബാക്കിയുള്ള യാത്ര. ചൂണ്ടയിട്ട് മീന്‍പിടിക്കണമെന്ന് തോന്നിയാല്‍ അതും ആവാം. ഏറ്റവുമൊടുവില്‍ ചായയും കടിയും (പൊരിപ്പ്) കൂടി നല്‍കിയാകും യാത്ര അവസാനിക്കുന്നത്.

കരുനാഗപ്പള്ളിയിലെ മഴത്തുള്ളി യാത്ര

കായല്‍ ദൃശ്യഭംഗി ആസ്വാദ്യമാക്കുംവിധമുള്ളതാണ് ഡി.ടി.പി.സി.യുടെ കരുനാഗപ്പള്ളി കന്നേറ്റി പാക്കേജ്. ഇവിടേക്ക് ഒരു ഹൗസ്‌ബോട്ട് യാത്രയായാലോ? ഒപ്പം ഓണാട്ടുകര ഭക്ഷണംകൂടി ആയാല്‍ നന്നായിരിക്കും.നേര്‍ത്ത മഴയുടെ കുളിര്‍മ നുകര്‍ന്ന്, പച്ചവിതച്ച ഗ്രാമങ്ങള്‍ കണ്ടൊരു യാത്ര… യാത്രയില്‍ ഓണാട്ടുകരയുടെ നാടന്‍വിഭവമായ കൂട്ടുപുഴുക്കും (കപ്പ, കാച്ചില്‍, ചേമ്പ്, ചേന,നനകിഴങ്ങ്) കാന്താരിച്ചമ്മന്തിയും തക്കാളിച്ചമ്മന്തിയും നല്ല നാടന്‍ ചുക്കുകാപ്പിയും നുകര്‍ന്ന് യാത്ര തുടരാം… കൂടാതെ ചിരട്ടപ്പുട്ടും നാടന്‍ കോഴിക്കറിയുമുള്ള മറ്റൊരു മഴത്തുള്ളി യാത്രയും കരുനാഗപ്പള്ളിയില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടുമണിക്കൂര്‍കൊണ്ട് പോയിവരാവുന്നതാണിവ.

കുട്ടികള്‍ക്കുള്ള പാര്‍ക്കായി മാറി ജലകേളീകേന്ദ്രം

ജില്ലയിലെ കായല്‍ ടൂറിസത്തിന്റെ പ്രധാന ഏടായ ജലകേളീകേന്ദ്രം ഇനി കൂട്ടികള്‍ക്കുള്ള പാര്‍ക്കായി മാറും. അഷ്ടമുടിക്കായലിനെയും പരവൂര്‍ കായലിനെയും ബന്ധിപ്പിച്ച് ബോട്ട് യാത്ര എന്ന ആശയം മുന്നില്‍ക്കണ്ട് ജലകേളീകേന്ദ്രത്തിന്റെ പ്രവര്‍ത്തനം, കൊല്ലം തോട് നവീകരണം ആരംഭിച്ചതോടെയാണ് നിര്‍ത്തിവെച്ചത്. എന്നാല്‍ നവീകരണം പൂര്‍ത്തിയാകാത്തതിനാല്‍ ഇത് നാശത്തിന്റെ വക്കിലെത്തുമെന്നിരിക്കെയാണ് ടൂറിസം വകുപ്പുതന്നെ മുന്‍കൈയെടുത്ത് ചില്‍ഡ്രന്‍സ് പാര്‍ക്കായി പുതിയ രൂപം നല്‍കുന്നത്.

കുട്ടികള്‍ക്ക് മാത്രമല്ല നിലവില്‍ കൊല്ലം ബീച്ചില്‍ എത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു വിശ്രമകേന്ദ്രം എന്ന സ്വപ്നമാണ് ഇവിടെ യാഥാര്‍ഥ്യമാകുന്നത്. ഇതിനായി ജലകേളീകേന്ദ്രം കൂടുതല്‍ സൗന്ദര്യവത്കരിച്ച് പാര്‍ക്കും വിശ്രമസ്ഥലവും ചേര്‍ത്ത് കൂടുതല്‍ മനോഹരമാക്കുന്നതുമാണ് പദ്ധതി. അഞ്ചുവര്‍ഷത്തെ കരാറാണ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലം, കളി ഉപകരണങ്ങള്‍, ജുറാസിക് ഗുഹ, ചുമര്‍ചിത്രങ്ങള്‍, ചെറുശില്പങ്ങള്‍, മുതിര്‍ന്നവര്‍ക്കുള്ള ഇരിപ്പിടിങ്ങള്‍, കഫറ്റീരിയ തുടങ്ങിയ എല്ലാവിധ സജ്ജീകരണങ്ങളും ഇവിടെ പൂര്‍ത്തിയായിവരുന്നു.

അവധിദിവസങ്ങളിലുംമറ്റും കുട്ടികളുമായി സമയം ചെലവഴിക്കാനെത്തുന്നവര്‍ക്ക് പ്രയോജനപ്രദമാകുന്ന നിലയിലാണ് ഇതിന്റെ പ്രവര്‍ത്തനം. വയോജനങ്ങള്‍ക്ക് സൗകര്യപ്രദമായി വായിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. കൊല്ലം തോടിന്റെ കരയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി കൂടുതല്‍ സൗന്ദര്യവത്കരിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുംവിധമാണ് പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.

കൊല്ലം-മണ്‍റോത്തുരുത്ത്

അഷ്ടമുടിക്കായലിനും കല്ലടയാറിനും മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നതാണ് മണ്‍റോത്തുരുത്ത്. കാഴ്ചകളുടെ കാണാപ്പുറം തേടിയുള്ള യാത്രയാണ് ഡി.ടി.പി.സി. ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
പ്രദേശത്തുള്ള 14 വാര്‍ഡുകളും വള്ളത്തില്‍ ചുറ്റിക്കാണുന്നതാണീ പാക്കേജ്. ചെറുതോടുകളിലൂടെ തുഴഞ്ഞുനീങ്ങുമ്പോള്‍ ഓലമേഞ്ഞ വീടുകളും ചെമ്മീന്‍ പാടങ്ങളും കാട്ടുചെടികളും കണ്ടല്‍ക്കാടും തെങ്ങിന്‍ തോപ്പുകളും കൃഷിയിടങ്ങളും എല്ലാം നിറഞ്ഞ തനി നാടന്‍ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളാകും ഈ യാത്രയിലുടനീളം. മൂന്നുമണിക്കൂറിന്റെയും ആറുമണിക്കൂറിന്റെയും രണ്ട് പാക്കേജുകളാണ് ഇവിടേക്ക് ക്രമീകരിച്ചിട്ടുള്ളത്.

അഷ്ടമുടി-സാമ്പ്രാണിക്കോടി പാക്കേജ്

അഷ്ടമുടിക്കായലിലൂടെ സാമ്പ്രാണിക്കോടി വഴി സാമ്പ്രാണിക്കോടി തുരുത്തിലേക്കുള്ള യാത്രയാണിത്. കൊല്ലത്ത് നിന്നാരംഭിച്ച് കായലിലൂടെ സാമ്പ്രാണിക്കോടി തുരുത്തിലെത്തി അവിടെ കുറച്ചുനേരം തങ്ങാം. ഭക്ഷണവും പാക്കേജില്‍ ഉള്‍പ്പെടും. തുരുത്തിന്റെ ഭംഗിയില്‍ വിശ്രമിക്കുന്നതോടൊപ്പം മീന്‍ പിടിക്കുന്നതിനും ഉല്ലസിക്കുന്നതിനുമുള്ള സൗകര്യവുമുണ്ടാകും. കൂടാതെ ക്ലബ്ബ് മഹീന്ദ്രയില്‍നിന്ന് ചായയും ഭക്ഷണവും കഴിഞ്ഞശേഷം മടക്കയാത്ര.

സീ അഷ്ടമുടി

അഷ്ടമുടിക്കാലിന്റെ ഓളപ്പരപ്പിലൂടെ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയാണ് ഈ പാക്കേജിലൂടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊല്ലം അഡ്വഞ്ചര്‍ പാര്‍ക്കില്‍നിന്ന് ആരംഭിച്ച് സാമ്പ്രാണിക്കോടിവരെ സഞ്ചരിച്ച് തിരികെ പാര്‍ക്കില്‍ത്തന്നെ എത്തിക്കുന്നതാണിത്. ഒരാള്‍ക്ക് 85 രൂപയാണ് നിരക്ക്.