News

ശബരി റയിൽ പാതയ്ക്ക് കേന്ദ്രം അനുകൂലം

pinarayi

സ്ഥലം ഏറ്റെടുത്തു നല്‍കിയാല്‍ ശബരിമല റെയില്‍ പദ്ധതി ഉടന്‍ നടപ്പാക്കാമെന്ന് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അങ്കമാലിയില്‍നിന്ന് ശബരിമലയിലേക്കുള്ള റെയില്‍വേ പാതയുടെ കാര്യത്തില്‍ റെയില്‍വേയുമായി ആലോചിച്ച് സംസ്ഥാന സര്‍ക്കാരും റെയില്‍വേയുമായുള്ള ചര്‍ച്ചക്ക് അവസരമൊരുക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം വേണമെന്ന ആവശ്യത്തില്‍ കഴിയും വേഗം തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേരളത്തിലെ പ്രകൃതി ക്ഷോഭം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും പൂര്‍ണമായും പ്രവർത്തന സജ്ജമാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

റേഷൻവിഷയം അടക്കമുള്ള മറ്റു ചില പ്രധാന വിഷയങ്ങളിൽ ഉറപ്പു കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.