News

ടൂറിസത്തിനു മഴക്കൊയ്ത്ത്; കേരളം മഴക്കാല സഞ്ചാരികളുടെ പ്രിയ ഇടം

Related image

തോരാമഴ മലയാളികൾക്ക് ദുരിതകാലമെങ്കിൽ വിനോദസഞ്ചാരരംഗത്തിനു പുതിയ കൊയ്ത്തുകാലമെന്നു റിപ്പോർട്ട്. ഓൺലൈൻ ബുക്കിംഗ് ഏജൻസിയായ ‘മേക്ക് മൈ ട്രിപ്പ്’ ആണ് കേരളം മഴക്കാല ടൂറിസത്തിന്റെ കേന്ദ്രമെന്ന റിപ്പോർട്ടുമായി വന്നിട്ടുള്ളത്. മഴക്കാലത്തു പൊതുവെ സഞ്ചാരികൾ കേരളത്തിലേക്ക് വരാറില്ല എന്നതായിരുന്നു ഇതുവരെ അവസ്ഥ.

തേക്കടി, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിലേക്ക് ഈ മഴക്കാലത്തു ബുക്കിംഗിൽ നൂറു ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെന്ന് മേക്ക് മൈ ട്രിപ്പ് പറയുന്നു.കാസർകോട്ടെ ബേക്കൽ സഞ്ചാര പ്രിയരുടെ പുതിയ കേന്ദ്രമായി മാറുന്നുണ്ട്.

ജൂലൈ മുതൽ സെപ്തംബർ വരെ യാത്ര ചെയ്യാൻ മേയ് 31നകം ബുക്ക് ചെയ്തവരുടെ കണക്ക് നിരത്തിയാണ് മേക്ക് മൈ ട്രിപ്പിന്റെ അവകാശവാദം. പോയ മഴക്കാലത്തേക്കാൾ ഇക്കൊല്ലം 26 ശതമാനം ഇന്ത്യൻ സഞ്ചാരികൾ വിദേശ രാജ്യങ്ങളിലേക്ക് വിനോദ സഞ്ചാരം നടത്തുന്നു. ദുബായ്, തായ്‌ലൻഡ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളാണ് മഴക്കാലത്ത് ഇന്ത്യൻ സഞ്ചാരികൾ ഏറെയും പോകുന്നത്.

ഗോവ, പുരി, മൂന്നാർ, ഷിർഡി എന്നിവിടങ്ങളാണ് മഴക്കാലത്ത് ഇന്ത്യൻ യാത്രക്കാർക്ക് പ്രിയമെന്നും മേക്ക് മൈ ട്രിപ്പ്’ റിപ്പോർട്ടിലുണ്ട്.