മെസഞ്ചര്‍ യുഗം അവസാനിപ്പിച്ച് യാഹൂ
രണ്ടുപതിറ്റാണ്ടുകാലം കോടിക്കണക്കിനാളുകള്‍ സന്ദേശം കൈമാറാന്‍ ഉപയോഗിച്ചിരുന്ന യാഹൂ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഇനിയില്ല. ഇന്ന് മുതല്‍ യാഹു മെസഞ്ചര്‍ പ്രവര്‍ത്തനരഹിതമാകും. ജൂലൈ 17 ഓടെ അടച്ചുപൂട്ടുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. തുടക്കം മുതല്‍ യാഹു മെസഞ്ചര്‍ ഉപയോഗിക്കുന്ന നിരവധി ഉപയോക്താക്കള്‍ ഞങ്ങള്‍ക്കുണ്ടെന്ന് അറിയാം.
ആശയവിനിമയ മാര്‍ഗങ്ങള്‍ വിപ്ലവത്തിന്റെ പാതയില്‍ ആയത് കൊണ്ട് തന്നെ മികച്ച ഉപാധിയോടെ നിങ്ങളെ സമീപിക്കാനാണ് ഞങ്ങളുടെ ഉദ്ദേശ്യം. അത്തരത്തിലൊരു പുതിയ ആശയവിനിമയ സംവിധാനം അവതരിപ്പിക്കുന്നതിലേക്കാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യാഹു പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ ആറുമാസത്തെ സാവകാശം ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. യാഹൂ മെയില്‍, യാഹൂ ഫാന്റസി തുടങ്ങിയവ ഉപയോഗിക്കുന്നതിന് യാഹൂ മെസഞ്ചര്‍ ഐഡി തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്. യാഹൂ മെസഞ്ചറിലെ ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഡൗണ്‍ലോഡര്‍ റിക്വസ്റ്റ് സൈറ്റില്‍ ലോഗിന്‍ ചെയ്യണം. ഇവിടെ അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ സെലക്ട് ചെയ്യുകയും പാസ്വേഡ് നല്‍കുകയും വേണം.
ഇതിനു ശേഷം ഉപയോക്താക്കള്‍ക്ക് ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്ത് ഇ-മെയില്‍ ചെയ്ത് സൂക്ഷിക്കാവുന്നതുമാണ്. ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്ത ശേഷം യാഹൂ മെസഞ്ചര്‍ ആപ് ഡിലീറ്റ് ചെയ്യാനാണ് കമ്പനി ഉപയോക്താക്കള്‍ക്ക് നല്‍കുന്ന നിര്‍ദേശം.
1998 മാര്‍ച്ച് എട്ടിന് യാഹൂ പേജര്‍ എന്ന പേരില്‍ ആണ് യാഹൂ മെസഞ്ചര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അപ്പപ്പോള്‍ സന്ദേശങ്ങള്‍ അയയ്ക്കാനും ചിത്രങ്ങള്‍ കൈമാറാനും സൗകര്യമുള്ള ആദ്യ ആപ്ലിക്കേഷന്‍ ആയിരുന്നു യാഹൂ പേജര്‍. 2015 ഡിസംബറില്‍ പുതിയ വെര്‍ഷന്‍ കൊണ്ടുവന്ന കമ്പനി 2016 ഓഗസ്റ്റ് അഞ്ചിന് പഴയ വേര്‍ഷനിലുള്ള യാഹൂ മെസഞ്ചര്‍ സേവനം നിര്‍ത്തിയിരുന്നു. വാട്ട്സ്ആപ്പ്, സ്നാപ് ചാറ്റ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എന്നിവ കളം പിടിച്ചതോടെയാണ് യാഹൂ മെസഞ്ചറിന് ഉപഭോക്താക്കളില്ലാതെ പോയത്.