ഫ്രീസ്റ്റൈല്‍ മത്സരങ്ങളോടെ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം
ജലപ്പരപ്പുകളില്‍ വിസ്മയം സൃഷ്ടിക്കുന്ന സാഹസിക പ്രകടനങ്ങള്‍ക്കായി മീന്‍തുള്ളിപ്പാറ ഒരുങ്ങി. മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായുള്ള ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് പെരുവണ്ണാമൂഴിക്ക് സമീപം കൂവ്വപ്പൊയില്‍ പറമ്പല്ലിലെ മീന്‍തുള്ളിപ്പാറയില്‍ ഫ്രീസ്‌റ്റൈല്‍ മത്സരത്തോടെയാണ് തുടക്കം. മൂന്നാം തവണയാണ് മീന്‍തുള്ളിപ്പാറയില്‍ കയാക്കിങ് മത്സരം എത്തുന്നത്. ഇവിടെ പാറക്കെട്ടുകളിലൂടെ ചിന്നിച്ചിതറി കുത്തിയൊലിച്ചെത്തുന്ന വെള്ളത്തിനൊപ്പം കൊച്ചുവള്ളങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നത് മനോഹരമായ കാഴ്ചയാണ്.
22 വരെ നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ തുഷാരഗിരിയിലാണ് മറ്റു മത്സരങ്ങള്‍. പുലിക്കയം, ആനക്കാംപൊയില്‍, അരിപ്പാറ എന്നിവിടങ്ങള്‍ വിവിധ ദിവസങ്ങളിലെ സാഹസിക പ്രകടനങ്ങള്‍ക്ക് വേദിയാകും. 20 രാജ്യങ്ങളില്‍നിന്നുള്ള പുരുഷ, വനിതാ താരങ്ങള്‍ മാറ്റുരയ്ക്കുന്ന ഫ്രീസ്‌റ്റൈല്‍ മത്സരം ബുധനാഴ്ച രാവിലെ 8.30-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ യു.വി. ജോസ് അധ്യക്ഷതവഹിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യസംഘാടകര്‍. ബെംഗളൂരുവിലെ മദ്രാസ് ഫണ്‍ ടൂള്‍സിന്റെ സാങ്കേതികസഹായവുമുണ്ട്.
ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ചക്കിട്ടപാറ, തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, ഇന്‍ഡോനീഷ്യ, ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ, നോര്‍വേ, നേപ്പാള്‍, മലേഷ്യ, സിങ്കപ്പൂര്‍, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, ഹോളണ്ട്, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കയാക്കിങ്ങിന് പുരുഷ, വനിതാ താരങ്ങളെത്തുന്നുണ്ട്.