ഇടുക്കിയിലെ ഗുഹാ വിസ്മങ്ങള്‍
ഹരിതക്കാടകളുടെ അതിസമ്പത്തിന് ഉടമയാണ് ഇടുക്കി. വനങ്ങളും , അരുവിയും, വെള്ളച്ചാട്ടവും നിറഞ്ഞ് സഞ്ചാരികളുടെ മനസ് കുളിര്‍പ്പിക്കുന്ന ഇടമായതിനാല്‍ തന്നെ യാത്രികരുടെ ഇഷ്ട ഇടം കൂടിയാണ് ഇടുക്കി. കാടകങ്ങളിലെ ഗുഹകളെക്കുറിച്ച്…
മറയൂര്‍ എഴുത്തള ഗുഹ
സര്‍പ്പപ്പാറ എന്ന പേരിലും അറിയപ്പെടുന്ന സ്വാഭാവികഗുഹ മറയൂരിലെ ചന്ദന റിസര്‍വിലാണ്.ഏതാണ്ട് 3000 വര്‍ഷം മുന്‍പ് മുനിമാര്‍ ഇതൊരു താവളമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. കാട്ടില്‍ വേട്ടയ്ക്കായി പോയിരുന്നവര്‍ യാത്രയ്ക്കു മുന്‍പു മൃഗങ്ങളുടെ ചിത്രം ഗുഹയുടെ മുന്പില് കല്ലില്‍ കോറിയിടുമായിരുന്നു. ഗുഹയില്‍ വരച്ച മൃഗത്തെ ഇരയായി ലഭിക്കുമെന്നായിരുന്നു വിശ്വാസം.
ഇത്തരം ചിത്രങ്ങള്‍ ഇപ്പോഴും കല്ലില്‍ മായാതെ കിടക്കുന്നുണ്ട്. പുരാവസ്തു ഗവേഷകര്‍ ഇവിടെ പഠനങ്ങള്‍ നടത്തിയിരുന്നു.ഗുഹയിലേക്കു പ്രവേശനത്തിനു വനംവകുപ്പിന്റെ നിയന്ത്രണമുണ്ട്. ഗുഹയ്ക്കുള്ളിലേക്ക് ഒരാള്‍ക്കു കഷ്ടിച്ചു കടക്കാനുള്ള വിസ്താരം മാത്രമെയുള്ളൂ. ഏതാണ്ട് അര കിലോമീറ്റര്‍ ദൂരം ഉള്ളിലേക്കു നടന്നുപോകാമെന്നു പ്രദേശവാസികള്‍ പറയുന്നു.
തങ്കയ്യന് ഗുഹ
കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍ കഴിഞ്ഞ് ഏതാണ്ട് 15 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴാണ് ഗ്യാപ് റോഡ്. ഒരു വശത്ത് അഗാധമായ കൊക്കയും മറുവശത്തു കൂറ്റന്‍ പാറയുമാണുള്ളത്. ഇവിടെ പാറയിലാണ് തങ്കയ്യന് ഗുഹ. പണ്ട് ഈ വഴി സഞ്ചരിച്ചിരുന്നവരെ ഗുഹയില്‍ ഒളിച്ചിരുന്ന കള്ളന് തങ്കയ്യ കൊള്ളയടിച്ചിരുന്നതായും മോഷണവസ്തുക്കള്‍ പാവങ്ങള്‍ക്കു വിതരണം ചെയ്തിരുന്നതായും പറയപ്പെടുന്നു.
തമിഴ്നാട്ടിലേക്കു കടന്ന തങ്കയ്യന് അവിടെ മരിച്ചെന്നാണു വിശ്വാസം.പിന്നീടു സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി തങ്കയ്യന് ഗുഹ മാറി. ഗ്യാപ് റോഡിനു വീതികൂട്ടുന്നതിന്റെ ഭാഗമായി അടുത്തിടെ റോഡിനു വശത്തെ പാറ പൊട്ടിച്ചുമാറ്റിയതോടെ ഗുഹ ഏതാണ്ട് ഇല്ലാതായി.
വൈശാലി ഗുഹ
ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണത്തോടനുബന്ധിച്ച് ഏതാണ്ട് 500 മീറ്റര്‍ നീളത്തില്‍ ടണല്‍പോലെ പാറ പൊട്ടിച്ചുമാറ്റിയ ഭാഗം അണക്കെട്ടിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്നു. ‘വൈശാലി സിനിമയ്ക്കായി സംവിധായകന് ഭരതന് ഗുഹയിലേക്കു ക്യാമറ തിരിച്ചതോടെയാണ് ഇതിന്റെ ഭംഗി ലോകം കണ്ടത്.
സിനിമ പുറത്തിറങ്ങിയതോടെ ‘വൈശാലി ഗുഹ’ എന്ന പേരും ലഭിച്ചു. അണക്കെട്ടിനു സമീപം പാറപൊട്ടിച്ച മറ്റൊരു ടണല്‍ കൂടിയുണ്ടെങ്കിലും സഞ്ചാരികള്‍ക്കു പ്രിയം വൈശാലി ഗുഹ തന്നെയാണ്. ഡാം സന്ദര്‍ശനത്തിനെത്തുന്നവര്‍ വൈശാലി ഗുഹയും കാണാനെത്താറുണ്ട്.