ഭൂതത്താന്റെ നടവരമ്പിലേക്കും ചില്ലു ബീച്ചിലേക്കും പൂച്ചദ്വീപിലേക്കും യാത്ര പോയാലോ; ഇതാ ചില അസാധാരണ സ്ഥലങ്ങൾ

അസാധാരണ വിശേഷങ്ങളുള്ള ലോകത്തെ ചില സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരം നടത്തിയാലോ? ഇതിൽ നമ്മുടെ നീലക്കുറിഞ്ഞിയും ഉൾപ്പെടും.

വരവായ് കുറിഞ്ഞിക്കാലം

പന്ത്രണ്ട് വർഷത്തിലൊരിക്കൽ മൂന്നാർ മലനിരകളെ നീല നിറത്തിൽ മുക്കുന്ന നീലക്കുറിഞ്ഞി ശരിക്കും വിസ്മയമാണ്. ഈ ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയാണ് നീലക്കുറിഞ്ഞിക്കാലം.

ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമലയിലാണ് നീലക്കുറിഞ്ഞികൾ കാണാൻ കഴിഞ്ഞ തവണ കൂടുതൽ പേരെത്തിയത്. അവസാനമായി 2006 ലായിരുന്നു നീലക്കുറിഞ്ഞി പൂത്തത്.
കഴിഞ്ഞ നീലക്കുറിഞ്ഞിക്കാലത്ത് അഞ്ചുലക്ഷം വിനോദ സഞ്ചാരികളാണ് മൂന്നാറിലെത്തിയത്. ഇതിന്റെ മൂന്നിരട്ടി സഞ്ചാരികള്‍ ഇത്തവണ നീലക്കുറിഞ്ഞി കാണാൻ എത്തുമെന്നുറപ്പാണ്.

പശ്ചിമഘട്ടത്തിലെ മലകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി(Strobilanthes kunthiana). 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണിൽ ഇവ ഒരു സ്ഥലത്തു വ്യാപകമായി പൂത്തു നിൽക്കുന്നതാണ് നിറപ്പകിട്ടു നൽകുന്നത്.

 

പുള്ളിപ്പുലിയല്ല, ഇത് പുള്ളിത്തടാകം

അദ്ഭുതങ്ങൾ ഒളിപ്പിച്ച നിഗൂഢ തടാകമാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഖിലുക് തടാകം. എന്നാല്‍ വേനല്‍ക്കാലത്ത് ഈ തടാകം ഒരുക്കുന്നത് ഒരു അത്ഭുത കാഴ്ചതന്നെയാണ്. വേനലില്‍ തടാകം വറ്റുന്നതോടെ ദൃശ്യമാകുന്നത് മഞ്ഞയും പച്ചയും നീലയും നിറങ്ങളിലുള്ള300ല്‍പരം ചെറു കുളങ്ങളാണ്. ലോകത്തിലെ തന്നെ ഏറ്റവുമധികം ധാതുക്കളടങ്ങിയ തടാകമാണ് ഖിലുക്. ഇതുകൊണ്ട് തീര്‍ന്നില്ല. ഇനിയും ഏറെ പ്രത്യകതകളുണ്ട് സ്‌പോട്ടഡ് ലേക്ക് അഥവാ പുള്ളികളുള്ള തടാകം എന്നറിയപ്പെടുന്ന ഖിലുക്കിന്.
വ്യത്യസ്ത അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണ് 300ലധികം വരുന്ന ഓരോ കുളങ്ങളിലുമുള്ളത്. ഓരോന്നിലെയും ജലത്തിലുള്ള വ്യത്യസ്ത ധാതുക്കളുടെ സാന്നിധ്യം മൂലമാണ് ഇവയ്ക്ക് ഇത്തരമൊരു അത്ഭുത സിദ്ധി ലഭിക്കുന്നത്. പ്രദേശത്തെ ഒക്കനാഗന്‍ ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ പുണ്യസ്ഥലമായാണ് തടാകത്തെ കാണുന്നത്.

 

ഭൂതത്താന്റെ നടവരമ്പ്

ഭൂതത്താന്റെ നടവരമ്പ് എന്ന് വിളിപ്പേര്. 1986ൽ അയർലണ്ടിലെ ഈ സ്ഥലത്തെ യുനെസ്‌കോ ലോക പൈതൃക സ്ഥലമായി തെരഞ്ഞെടുത്തു. കടലിൽ നിന്നും കൊത്തി എടുത്തപോലുള്ള നിരത്തിവെച്ച ഷഡ്ഭുജ കല്ലടുക്കു തൂണുകൾ നിറഞ്ഞ സ്ഥലമാണ് ഇവിടം. സ്തൂപങ്ങൾ നിർമ്മിച്ചത് പുരാതന അയർലണ്ടിലെ ഫിയോൻ മാക്കൂൾ എന്ന ഭൂതമാണെന്ന് നാട്ടുകാരിൽ ചിലർ വിശ്വസിക്കുന്നു. എന്നാൽ ശാസ്ത്രം പറയുന്നത് 60 ലക്ഷം വർഷം മുൻപുള്ള അഗ്നിപർവത സ്ഫോടനമാണ് കല്ലുകൾ ഈ രീതിയിൽ രൂപപ്പെടാൻ കാരണം എന്നാണ്. ലാവ തണുത്തുറഞ്ഞപ്പോൾ അവയിൽ വിള്ളൽ പ്രത്യക്ഷപ്പെടുകയും അവ നിരത്തിവെച്ച ഷഡ്ഭുജ തൂണുകൾ പോലെയാവുകയും ചെയ്‌തെന്നും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു.

പിങ്കത്രേ മനോഹരം

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തീരത്തെ റിച്ചേര്‍ച്ച് ആര്‍ച്ചിപെലെഗൊ ദ്വീപസമൂഹത്തിലെ മിഡില്‍ ഐലന്റിലാണ് പിങ്ക് തടാകം. പിങ്ക് തടാകത്തിന്റെ രഹസ്യം തേടി ഗവേഷക ലോകം പഠനം തുടരുകയാണ്. ഈ ചെറിയ തടാകത്തിന്റെ നീളം കേവലം 600 മീറ്റര്‍ മാത്രമാണ്. എന്നാല്‍ തടാകത്തിലെ പിങ്ക് നിറത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. 1802 ല്‍ ബ്രിട്ടീഷ് സഞ്ചാരിയായ മാത്യു ഫ്‌ലിന്റേഴ്‌സാണ് പിങ്ക് തടാകത്തെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തുന്നത്. പിന്നീട് ചില ഗവേഷകര്‍ തടാകത്തിന്റെ നിറത്തെ കുറിച്ച് പഠനം നടത്തിയെങ്കിലും വ്യക്തമായ നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. തടാകത്തിലെ ചില ബാക്ടീരിയകളുടെയും ആല്‍ഗകളുടെയും സാന്നിധ്യമാണ് പിങ്ക് നിറത്തിന് കാരണമെന്നാണ് ചിലര്‍ കണ്ടെത്തിയത്.

കടല്‍ ജലത്തിലേക്കാള്‍ ഏഴിരട്ടി ഉപ്പുരസമുള്ളതാണ് ഈ തടാകത്തിലെ വെള്ളം. നിറവ്യത്യാസമല്ലാതെ മനുഷ്യന് യാതൊരു ദോഷവും പിങ്ക് തടാകം സൃഷ്ടിക്കുന്നില്ല. എന്നാല്‍ ഈ തടാകത്തില്‍ ഇറങ്ങുന്നതിനോ കുളിക്കുന്നതിനോ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവിടെയെത്തുന്ന സഞ്ചാരികളില്‍ ചിലര്‍ പിങ്ക് തടാകത്തിലെ വെള്ളം കുപ്പികളിലാക്കി കൊണ്ടുപോകാറുണ്ട്.

 

സൂചിമലകൾ

തെക്ക്കിഴക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് ഈ മായാലോകം സ്ഥിതി ചെയ്യുന്ന വൂളിങ്ങ് യുവാൻ പട്ടണം. ഈ പട്ടണത്തിനു തൊട്ടടുത്തുള്ള കാടുകളിൽ ആയിരക്കണക്കിന് സൂചിമലകളാണു അവതാർ സിനിമയിലെ  കുന്നുകളെ അനുസ്മരിപ്പിക്കും വിധം കുത്തനെ ആകാശത്തോളം ഉയര്‍ന്നു നിൽക്കുന്നത്.
നോക്കെത്താദൂരം പല ഉയരത്തിലും പല രൂപങ്ങളിലും നിറഞ്ഞു കിടക്കുന്ന മൂവായിരത്തോളം സൂചിമലകളാണു 12000 ഏക്കറിലായി കാഴ്ച്ചയുടെ വിരുന്നൊരുക്കി ഇവിടെ തലയുയർത്തി നിൽക്കുന്നത്. ഈ അപൂർവ ഭൂപ്രകൃതി മൂലം യുനെസ്‌കോ ലോക പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശമാണ് വൂളിങ്ങ് യുവാൻ. മുകളറ്റത്തേക്കാൾ വീതി കുറഞ്ഞ താഴ്ഭാഗം ശ്രദ്ധയിൽ പെടുമ്പോൾ, ഈ മല ഇത് വരെ കാറ്റിലും മഴയിലും ഇളക്കം തട്ടാതെ നിൽക്കുന്നതോർത്ത് അമ്പരപ്പ് തോന്നുന്നത് സ്വാഭാവികം. ഒന്ന് ആഞ്ഞൂതിയാൽ നേരെ എതിർ വശത്തേക്ക് മറിഞ്ഞു വീഴുമെന്ന പോലെയാണ് നിൽപ്പ്.

 

ആകാശനോട്ടത്തിൽ തെളിയുന്ന വരകൾ

പെറുവിലെ‌ മരുഭൂമിയിൽ എൺപത് കിലൊമീറ്റെർ ചുറ്റളവിൽ മരുഭൂമിയിൽ കാണപെടുന്ന വരകളാണ് നാസ്ക‌ ലൈൻ.
അകാശദൃശ്യത്തിൽ മാത്രം പൂർണ്ണമായി കാണാൻ കഴിയുന്ന ഈ വരകൾ ബി സി കാലഘട്ടത്തിലേതാണെന്നു പറയപ്പെടുന്നു.
വിചിത്ര ജീവികളുടെ മാതൃകയിലടക്കം ഇത്ര വലിയ ചുറ്റളവിൽ ഈ രേഖകൾ ആരു വരച്ചു എന്നത് ഇന്നും സമസ്യയാണ്. യുനെസ്‌കോ ഈ രേഖകളെ ലോക പൈതൃക പട്ടികയിൽ പെടുത്തിയിട്ടുണ്ട്.


ചില്ലു കൊണ്ടൊരു കടലോരം

കാലിഫോര്‍ണിയയിലെ ഫോര്‍ട്ട് ബ്രാഗിലാണ് ഗ്ലാസ് ബീച്ച് സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശവാസികള്‍ കടല്‍ തീരത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുമായിരുന്നു. വര്‍ഷങ്ങളോളം ഈ മാലിന്യങ്ങളില്‍ തിരയടിച്ച് ഇവ പൊടിഞ്ഞ് മണലിനോട് ഒന്നിച്ച് ചേര്‍ന്ന് ഇന്ന് കാണുന്ന രീതിയില്‍ മനോഹരമായി മാറുകയായിരുന്നു.

പൂച്ച ദ്വീപ്‌

ജപ്പാനിലെ അവോഷിമ ദ്വീപിലെ പ്രധാന ആകർഷണം പൂച്ചകളാണ്. ജനസംഖ്യ കേവലം 50 മാത്രം. എന്നാൽ പൂച്ചകളുടെ എണ്ണം 500ന് മുകളിലും. ഇക്കാരണത്താൽ അവോഷിമ ദ്വീപ്‌ അറിയപ്പെടുന്നത് പൂച്ച ദ്വീപ്‌ എന്നാണ്.

ദ്വീപില്‍ ഇത്രയധികം പൂച്ചകള്‍ വന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. അവോഷിമയിലെ ജനങ്ങളിൽ ഭൂരിഭാഗവും വരുമാനം കണ്ടെത്തിയിരുന്നത് മീൻ പിടിച്ചാണ്. എന്നാല്‍ ഇവ ഉണക്കി സൂക്ഷിക്കാനോ വിൽപ്പന നടത്താനോ കഴിയാത്ത വിധം ദ്വീപിൽ എലികൾ നിറഞ്ഞു. ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായി മാറി. അങ്ങനെ എലികളെ തുരത്താന്‍ ദ്വീപ് നിവാസികള്‍ പൂച്ചകളെ കൊണ്ടുവന്നു.


പൂച്ചകൾ വന്നതോടെ എലികള്‍ ഇല്ലാതായി. എന്നാല്‍ ചുരുങ്ങിയ കാലംകൊണ്ട് പൂച്ചകളുടെ എണ്ണം വര്‍ധിച്ചു.
പൂച്ചദ്വീപ് കാണാനായി വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ടൂറിസത്തിലൂടെ ജനങ്ങളുടെ വരുമാനം വര്‍ധിച്ചു. പൂച്ചകൾക്കായി അവോഷിമ ദ്വീപ്‌ നിവാസികൾ ക്ഷേത്രവും സ്മാരകങ്ങളും പണിതിട്ടുണ്ട്. ഇതിന് പുറമെ പൂച്ചകളുടെ രൂപത്തിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളും കൗതുകകരമാണ്. ഏതായാലും പൂച്ചകളുടെ ശത്രുവായ നായകള്‍ക്ക് ദ്വീപിലേക്ക് പ്രവേശനം ഇല്ല.