മൂന്നാർ മനോഹരം; മാടിവിളിച്ച് ‘ഷോകേസ്’
മൂന്നാർ എന്നും മനോഹരമാണ്. സഞ്ചാരികളുടെ പറുദീസയും. തേയിലചെടികളാൽ ഹരിത സമൃദ്ധമായ മലനിരകളും തണുപ്പും വളഞ്ഞു പുളഞ്ഞ വഴികളും മഞ്ഞുവീഴുന്ന കാലാവസ്ഥയും മൂന്നാറിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നു. മൂന്നാറിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കാനും മൂന്നാറിനെക്കുറിച്ചു ചിലർക്കെങ്കിലുമുള്ള അബദ്ധധാരണകൾ നീക്കാനും പരിശ്രമിക്കുകയാണ് ‘ഷോകേസ് മൂന്നാർ’
മൂന്നാർ ടൗണിനു എട്ടു കിലോമീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകാരുടെ സംഘടനയാണ് ‘ഷോകേസ് മൂന്നാർ’. രണ്ടു വർഷം മുൻപായിരുന്നു സംഘടനയുടെ പിറവി. ഇത്തരം കൂട്ടായ്മ രൂപീകരിക്കാൻ കാരണങ്ങൾ പലതുണ്ടായിരുന്നെന്നു ഷോകേസ് മൂന്നാർ പ്രസിഡന്റ് അഡ്വ. ബാബു ജോർജ് പറയുന്നു. പ്രധാനമായും മൂന്നാർ ടൂറിസം പ്രോത്സാഹിപ്പിക്കലാണ് ലക്‌ഷ്യം. മൂന്നാർ എന്നു പറഞ്ഞു സമീപ സ്ഥലങ്ങളിലെ ഹോട്ടലുകളും റിസോർട്ടുകളും പരസ്യങ്ങൾ നൽകാറുണ്ട്. പക്ഷെ യഥാർത്ഥ മൂന്നാർ അവിടെത്തുന്ന സഞ്ചാരികൾക്കു അന്യമാകുന്നു. ഈ നില മാറ്റാനുള്ള പ്രചരണവും ഷോകേസിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നും ബാബു ജോർജ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.
മൂന്നാറിലെ ഹോട്ടലുകളെപറ്റിയുള്ള മുഖ്യ പരാതി തിരക്കുള്ള സമയത്തു നിരക്ക് കൂട്ടുന്നു എന്നതാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തി സ്ഥിരം താരിഫ് നടപ്പാക്കാനായി എന്നതാണ് ഷോകേസിന്റെ നേട്ടങ്ങളിലൊന്നെന്ന് സെക്രട്ടറി അജു എബ്രഹാം മാത്യു പറഞ്ഞു.
സന്ദർശകർ പെരുകുന്ന മൂന്നാറിനെ പരിസ്ഥിതി സൗഹൃദപരമായി കാത്തു സൂക്ഷിക്കുക എന്ന ദൗത്യവും ഷോകേസ് ഏറ്റെടുത്തിട്ടുണ്ട്. അംഗ ഹോട്ടലുകളിൽ മാലിന്യ നിർമാർജനത്തിന് ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി വരികയാണ്. ഇവിടങ്ങളിൽ പ്ലാസ്റ്റിക് കുപ്പിവെള്ളം പാടേ ഒഴിവാക്കി. പ്ലാസ്റ്റിക് ബാഗുകളും ഷോകേസ് അംഗങ്ങളുടെ ഹോട്ടലുകളിൽ ഒഴിവാക്കിയിട്ടുണ്ട്.
പേപ്പറിൽ ഒതുങ്ങാത്ത പ്രചാരണം
മൂന്നാറിലേക്ക് സഞ്ചാരികളെ ക്ഷണിച്ചുള്ള ഷോകേസിന്റെ പ്രചാരണം വെറും കടലാസിൽ ഒതുങ്ങുന്നതല്ല. മൂന്നാറിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് പ്രചാരണം നടത്തുന്നതിലും ഷോകേസ് മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കൂട്ടായ്മകൾക്ക് മാതൃകയാണ്. തെക്കേ ഇന്ത്യയിൽ മിക്ക നഗരങ്ങളിലും ഷോകേസ് മൂന്നാർ പ്രചാരണം നടന്നു കഴിഞ്ഞു. 17നു ഹൈദരാബാദിലാണ് പ്രചാരണം. 19നു നാഗ്പൂരിലും. ബിസിനസ് റ്റു ബിസിനസ് മീറ്റ് അടക്കം മൂന്നാറിലേക്ക് സഞ്ചാരികളെ ആകർഷിക്കാനുള്ള കാര്യങ്ങളെല്ലാം ഈ മീറ്റുകളിൽ വിശദീകരിക്കും.
നിരവധി ട്രാവൽ മാർട്ടുകളിലും ഷോകേസ് മൂന്നാർ പങ്കെടുത്തിട്ടുണ്ട്. ചണ്ഡീഗഢ്, ഗുരുഗ്രാം എന്നിവിടങ്ങളിലും ഷോകേസ് മൂന്നാർ ഷോ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇങ്ങനെ നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കും സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനങ്ങളിലേക്കും ഇനി കടൽ കടന്നും മൂന്നാർ പെരുമയിലേക്കു സഞ്ചാരികളെ നേരിട്ട് പോയി ക്ഷണിക്കുകയാണ് ഷോകേസ് മൂന്നാർ.
ഇവർ ‘ഷോകേസ് മൂന്നാർ’ അമരക്കാർ
പ്രസിഡന്റ് ; അഡ്വ. ബാബു ജോർജ് ( ബെൽമൗണ്ട് എംഡി)
വൈസ് പ്രസിഡന്റ് : വിനോദ് വി (ക്ലൗഡ്‌സ് വാലി ജന.മാനേജർ)
സെക്രട്ടറി; അജു എബ്രഹാം മാത്യു ( ടാൾ ട്രീസ് ജന. മാനേജർ)
ജോയിന്റ് സെക്രട്ടറി: അഭിനവ് നാഥ് ( ഹിൽവ്യൂ ജന. മാനേജർ)
ട്രഷറർ: സജു ചാക്കോ( ഗ്രീൻ റിഡ്ജ് എംഡി)