Kerala

മുസിരിസിലൂടെയൊരു ബോട്ട് യാത്ര

മലയാള നാടിന്റെ ചരിത്ര പുസ്തകമാണ് മുസിരിസ്. വടക്കന്‍ പറവൂരില്‍ നിന്നാരംഭിക്കുന്ന ബോട്ട് യാത്രയില്‍ ഇരു വശങ്ങളിലുടെയൊന്ന് കണ്ണോടിച്ചാല്‍ കാണാം പഴയകാലത്തിന്റെ ളേഷിപ്പുകള്‍. മുസിരിസ് പട്ടണത്തിന്റെ പൈതൃകം പറഞ്ഞാല്‍ തീരാത്ത കഥയാണ്. സുഗന്ധ വ്യഞ്ജനങ്ങള്‍ കച്ചവടം ചെയ്യുന്ന വലിയ ചന്ത, കപ്പലിറങ്ങി കച്ചവടത്തിനായി എത്തിയ വിദേശ കച്ചവടക്കാര്‍, നാട് ഭരിക്കുന്ന രാജാവ്, പോര്‍ച്ചുഗീസ് സൈന്യം.

കുരുമുളകു വാങ്ങാന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നെത്തിയ ജൂത വ്യാപാരികളുടെ പായ്ക്കപ്പലുകള്‍. ചാക്കുകളില്‍ നിറച്ച സുഗന്ധവ്യഞ്ജനങ്ങളുമായി ഒഴുകി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍. വിലപേശിയും വല വീശിയും ഉറക്കെ വര്‍ത്തമാനം പറയുന്ന കച്ചവടക്കാര്‍. കുട്ടയും വട്ടിയും ചുമന്ന് കായല്‍ക്കരയിലൂടെ നടക്കുന്ന നാട്ടുകാരുടെ തിക്കും തിരക്കും. അതിനിടയിലൂടെ തോക്കും ലാത്തിയുമായി പോര്‍ച്ചുഗീസ് പട്ടാളം.മുസിരിസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാലത്ത് കൊടുങ്ങല്ലൂരിന്റെ കടല്‍ത്തീരം ഇങ്ങനെയൊക്കെ ആയിരുന്നു.

അക്കാലത്ത് പള്ളിപ്പുറത്തും കോട്ടപ്പുറത്തും ഓരോ കോട്ടകളുണ്ടായിരുന്നു. ജൂതന്മാരുടെ പള്ളിയുണ്ടായിരുന്നു. അതി വിശാലമായൊരു ച ന്തയുണ്ടായിരുന്നു. അതിനടുത്ത് സഹോദരന്‍ അയ്യപ്പന്‍ എന്ന സാമൂഹിക വിപ്ലവകാരി ജീവിച്ചിരുന്നു. അവിടെ ജനപ്രിയനായ ചേരമാന്‍ പെരുമാളുണ്ടായിരുന്നു, കൊടുങ്ങല്ലൂരിന്റെ ഉടയവരായിരുന്ന പാല്യത്തച്ചനുണ്ടായിരുന്നു.


ബിനാലെയുടെ വരവോട് കൂടിയാണ് മുസിരിസ് എന്ന സ്ഥലപേരിന് വീണ്ടും പുനര്‍ജന്‍മം ഉണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ പഴയ മുസിരിസിനെ മോടിപിടിപ്പിച്ച് കൊണ്ട് വീണ്ടും കൊടുങ്ങളൂര്‍ തീരത്ത് സന്ദര്‍ശകര്‍ നിറഞ്ഞു. പറവൂര്‍, പള്ളിപ്പുറം, കോട്ടപ്പുറം, ഗോതുരുത്ത് കായലിലൂടെ ഹോപ് ഓണ്‍ ഹോപ്പ് ബോട്ട് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

എ ക്രൂയിസ് ത്രൂ ദ് ഗോള്‍ഡന്‍ ഏയ്ജ് ഓഫ് സ്‌പൈസ് ട്രേഡ് എന്നാണ് മുസിരിസ് പൈതൃകങ്ങളിലൂടെയുള്ള ബോട്ട് സവാരിയുടെ പേര്. പറവൂരിലെ ജൂതപള്ളി ബോട്ട് യാത്രയ്ക്ക് മുന്‍പ് സന്ദര്‍ശിക്കാം. പച്ചക്കറി മാര്‍ക്കറ്റിനടുത്തുള്ള ബോട്ട് ജെട്ടിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

ചരിത്രം

ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാണിജ്യാവിശ്യങ്ങള്‍ക്ക്് വേണ്ടിയാണ് കൊടുങ്ങലൂരിലെത്തിയത്. അവരില്‍ വെളുത്ത ജൂതന്‍മാരുടെ തങ്ങാനായി തിരഞ്ഞെടുത്ത ഇടമാണ് ഫോര്‍ട്ട് കൊച്ചി. എന്നാല്‍ വടക്കന്‍ പറവൂരില്‍ തമ്പടിച്ചവര്‍ എല്ലാം കറുത്ത ജൂതന്‍മാരാണ്. ബെറ്റ് നെസ്റ്റ് എന്നെഴുതിയ കവാടമാണ് മുസിരിസില്‍ എത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. ഒത്തുകൂടാനുള്ള സ്ഥലം എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം.

മരപ്പലകയില്‍ പൂക്കള്‍ കൊത്തിയ മേല്‍ക്കൂര. തൂക്കു വിളക്കുകള്‍ സ്ഥാപിച്ചിരുന്ന കൊളുത്തുകള്‍ പ്രതാപത്തിന്റെ തെളിവായി നിലനില്‍ക്കുന്നു. ആര്‍ക്, ബേമ എന്നിവയാണ് പള്ളിയുടെ ഉള്ളിലുള്ളത്. ജെറുസലേമിന്റെ മാതൃകയില്‍ നിര്‍മിച്ച ചുമരലമാരയാണ് ആര്‍ക്. ഇതിനുള്ളിലാണ് തോറ സൂ ക്ഷിക്കുക. തോറ വായിക്കാനായി പുരോഹിതന്‍ നില്‍ക്കുന്ന പീഠത്തിന്റെ പേ രാണ് ബേമ. പത്തു പുരുഷന്മാരെങ്കിലും ഉണ്ടെങ്കിലേ ജൂതപ്പള്ളികളില്‍ ആരാധന നടത്താറുള്ളൂ. സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം അള്‍ത്താരയില്‍ പ്രവേശനമില്ല.

പറവൂര്‍ സിനഗോഗില്‍ സ്ത്രീകള്‍ക്ക് ആ രാധനയില്‍ പങ്കെടുക്കാനു ള്ള ബാല്‍ക്കണിയുണ്ട്. സ്ത്രീകള്‍ക്ക് പ്രവേശിക്കാനുള്ള പ്രത്യേക ഗോവണിയും മേല്‍പ്പാലവും പറവൂര്‍ ജൂതപ്പ ള്ളിയുടെ സവിശേഷ തകളാണ്. കേരളത്തില്‍ ജൂതസാന്നിധ്യം വ്യക്തമാക്കുന്ന തരിസാപ്പള്ളി ചെപ്പേട്, ജൂതച്ചെപ്പേട് എന്നിവയുടെ പകര്‍പ്പുകള്‍ പറവൂര്‍ സിനഗോഗില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


ചീനവലകള്‍ നിറഞ്ഞ കായല്‍പരപ്പിലൂടെയാണ് യാത്ര. കോട്ടപ്പുറം-കൊല്ലം ദേശീയ ജലപാതയിലൂടെ സഞ്ചരിച്ച് സഹോദരന്‍ അയ്യപ്പന്റെ ജന്മഗൃഹത്തിലേക്ക്. മുസിരിസ് പദ്ധതിയും കേരള സാംസ്‌ക്കാരിക വകുപ്പും ചേര്‍ന്ന് ആ വീടിനെ സന്ദര്‍ശക കേന്ദ്രമാക്കി മാറ്റിയിരിക്കുകാണ്.

മണ്‍ചുമരും ഓലമേഞ്ഞ മേല്‍ക്കൂരയും അതുപോലെ നിലനിര്‍ത്തിക്കൊണ്ടാണ് വീട് പരിപാലിച്ചിട്ടുള്ളത്. ഊരു വിലക്കു കല്‍പ്പിച്ചതിനെ തുടര്‍ന്ന് സ്വന്തമായി കിണര്‍ കുഴിച്ച് വെള്ളം കുടിച്ചതും താഴെക്കിടയിലുള്ളവരെ ഒരുമിച്ചിരുത്തി ഭക്ഷണം വിളമ്പി പന്തിഭോജനം നടത്തിയതുമായ ചരിത്ര സംഭവങ്ങള്‍ മുറികളില്‍ എഴുതി വച്ചിട്ടുണ്ട്. അയ്യപ്പന്റെ ജ്യേഷ്ഠന്‍ അച്യുതന്‍ വൈദ്യരുടെ വീട്, ലൈബ്രറി, ഓഡിറ്റോറിയം എന്നിവയാണ് ഇവിടത്തെ മറ്റു കാഴ്ചകള്‍. സഹോദരന്‍ അയ്യപ്പന്റെ വീട് സ്ഥി തി ചെയ്യുന്നതിന്റെ എതി ര്‍ വശത്തുള്ള തുരുത്താണ് പട്ടണം. ഇതാണ് മുച്ചിരി പട്ടണം എന്ന പഴയ മുസിരിസ്.

തെങ്ങിന്‍ തോപ്പുകള്‍ നിറഞ്ഞ രണ്ടു കരകളെ ചുറ്റി ബോട്ട് ചെന്നടുക്കുന്നത് മഞ്ഞു മാതാ പള്ളിയിലാണ്. പോര്‍ച്ചുഗീസ്, ഡച്ച് ഭരണാധികാരികള്‍ സ്ഥാപിച്ച രണ്ടു പള്ളികള്‍ ഇവിടെയുണ്ട്. ഇപ്പോള്‍ ആരാധന നടത്തുന്ന പള്ളിയുടെ അള്‍ത്താര പോര്‍ച്ചുഗീസ് നിര്‍മിതിയാണ്. സെമിത്തേരിക്കടുത്തുള്ള ചെറിയ പള്ളി നിര്‍മിച്ചതു ഡച്ചുകാരാണ്.

ടിപ്പു സുല്‍ത്താന്‍ ഈ പള്ളി ആക്രമിക്കാന്‍ ഒരുമ്പെട്ടെങ്കിലും മ ഞ്ഞു മൂടിയ കാലാവസ്ഥയില്‍ മൈസൂര്‍ സൈന്യത്തിന് ഈ പ്രദേശത്തേക്ക് അടുക്കാനായില്ലെന്ന് സ്ഥലപുരാണം. മഞ്ഞിന്റെ കാരുണ്യത്തില്‍ സംരക്ഷിതമായ പള്ളി മഞ്ഞു മാതാ പള്ളിയായെന്ന് ഐതിഹ്യം. മഞ്ഞു മാതാ പള്ളി മുസിരിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമുദ്രമുഖം

പള്ളിപ്പുറം – മാല്യങ്കര പാലത്തിനു താഴെക്കൂടി ബോട്ട് നീങ്ങിച്ചെല്ലുന്നത് മുനമ്പത്തേക്കാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബോട്ട് നിര്‍മാണ ശാലയാണ് ഇവിടം. കപ്പലിന്റെ പകുതി വലുപ്പമുള്ള മത്സ്യബന്ധന ബോട്ടു കള്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്. ഇരുപതാളുകള്‍ ജോലി ചെയ്യുന്ന ബോട്ട് നിര്‍മിക്കാന്‍ ഒന്നര കോടിയോളം രൂപ ചെലവു വരും. മീന്‍ പിടിക്കാന്‍ ഉള്‍ക്കടലില്‍ പോയാല്‍ പതിനഞ്ചു ദിവസം കഴിഞ്ഞേ ഈ ബോട്ടുകള്‍ മടങ്ങിയെത്തൂ.

മുസിരിസ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന ചരിത്ര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരുമായി ബോട്ടുകള്‍ മുനമ്പം വരെ പോകും. വലുപ്പത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ മത്സ്യബന്ധന തുറമുഖമാണ് മുനമ്പം. ആഴക്കടല്‍ മത്സ്യങ്ങള്‍ ലേലം വിളിച്ചു വില്‍ക്കുന്ന തുറമുഖം അദ്ഭുതക്കാഴ്ചയൊരുക്കുന്നു. മുനമ്പം ഹാര്‍ബര്‍ സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. കായലിന്റെ മറുകര തൃശൂര്‍ ജില്ലയാണ്.

Sea Mouth എന്നാണ് മുനമ്പം തുറമുഖം അറിയപ്പെടുന്നത്. പെരിയാര്‍ നദി അറബിക്കടലില്‍ ചെന്നു ചേരുന്ന സ്ഥലമാണിത്. മുനമ്പം ഹാര്‍ബറിനപ്പുറത്തു കടലിലേക്ക് മത്സ്യബന്ധന ബോട്ടുകള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. തീരദേശത്തിന്റെ സുരക്ഷിതത്വം പാലിക്കാനായി ഇവിടെ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനുണ്ട്.

പള്ളിയും ചന്തയും

എ.ഡി. അമ്പത്തിരണ്ടില്‍ മാര്‍ത്തോമാ ശ്ലീഹയുടെ നൗക മുസിരിസ്സില്‍ എത്തിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. മാര്‍ത്തോമാ ശ്ലീഹയുടെ വരവിന്റെ സ്മൃതി നിലനില്‍ത്തുന്ന ഒരു പള്ളി അഴിക്കോടുണ്ട്. വിശുദ്ധന്റേതെന്നു പറയപ്പെടുന്ന അസ്ഥിയുടെ കഷണം ഇറ്റലിയില്‍ നിന്നു കൊണ്ടു വന്ന് ഇവിടുത്തെ പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്. റോമിലെ പള്ളിയുടെ രൂപസാദൃശ്യത്തിലാണ് അഴീക്കോട് മാര്‍ത്തോമാ പൊന്തിഫിക്കല്‍ ദേവാലയം നിര്‍മിച്ചിട്ടുള്ളത്.

പള്ളിയുടെ സമീപത്തുള്ള കടയില്‍ മീന്‍കറി കൂട്ടിയുള്ള ഊണു കിട്ടും. മുസിരിസ് ചരിത്ര കേന്ദ്രങ്ങള്‍ കാണാന്‍ വരുന്നവര്‍ ഇവിടെ നിന്നാണ് ഊണു കഴിക്കുന്നത്.

വി.പി. തുരുത്തിനെ ചുറ്റി നില്‍ക്കുന്ന രണ്ടു സ്പാനുകളുള്ള മൂത്തകുന്നം – കോട്ടപ്പുറം പാലം കടന്നാല്‍ ‘വാട്ടര്‍ ഫ്രണ്ട് വോക് വേ’യില്‍ എ ത്തുന്നു. മുസിരിസ് പദ്ധതിയുടെ ഭാഗമായി മോടിപിടിപ്പിച്ച് അലങ്കരിച്ച നടപ്പാതയാണ് ഇവിടുത്തെ ആകര്‍ഷണം.

സിമന്റ് ബെഞ്ചുകളും കല്ലു പാകിയ പാതയും ഈ സ്ഥലത്ത് സായാഹ്നം ആസ്വദിക്കാന്‍ ആളുകളെ ക്ഷണിക്കുന്നു. കായലിനോടു ചേര്‍ന്നുള്ള ആംഫി തിയറ്ററും തണല്‍ മരങ്ങളും കലാപരിപാടികളുടെ വേദിയാക്കി മാറ്റിയിട്ടുണ്ട്. ഇവിടെ നിന്നു തിരിയുന്നത് കോട്ടപ്പുറം ചന്തയിലേക്കാണ്. ചൊവ്വയും വെള്ളിയുമാണ് ചന്ത ദിവസങ്ങള്‍. ഡച്ച് മാതൃകയിലുള്ള കെട്ടിടങ്ങള്‍ നിലനില്‍ക്കുന്ന മാര്‍ക്കറ്റിലും പരിസരത്തുമാണ് ‘എസ്ര’ എന്ന സിനിമയിലെ കച്ചവട കേന്ദ്രങ്ങള്‍ ചിത്രീകരിച്ചത്.

കോട്ടപ്പുറം കോട്ട

വാസ്‌കോഡഗാമ കാപ്പാട് കടപ്പുറത്താണു കപ്പ ലിറങ്ങിയതെങ്കിലും സൈനിക ബലത്തി ല്‍ ശക്തനായ കോഴിക്കോട് സാമൂ തിരിയെ പേടിച്ച് അവിടെ കച്ചവടത്തില്‍ വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കാനായില്ല. പിന്നീടു കേരളത്തിലേക്ക് കപ്പലോട്ടിയ കബ്രാള്‍ എന്ന നാവികന്‍ ഗാമയുടെ ഉപദേശ പ്രകാരം മുസിരിസിലാണ് വന്നിറങ്ങിയത്. സാമൂതിരിയില്‍ നിന്നു നിരന്തരം ഭീഷണി നേരിട്ടിരുന്ന പാലിയം അധികാരികള്‍ കബ്രാളിനെ സ്വീകരിച്ചു. സാമൂതിരിക്കെതിരേ നീക്കത്തിന് പാലിയത്തുകാര്‍ക്ക് കബ്രാളിന്റെ സഹായം കിട്ടി. കൊടുങ്ങല്ലൂരില്‍ കച്ചവടത്തിനു കളമൊരുങ്ങിയ കബ്രാള്‍ കായല്‍ത്തീരത്ത് കോട്ടയുണ്ടാക്കി. പില്‍ക്കാലത്ത് ഡച്ചുകാര്‍ ഈ കോട്ട പീരങ്കി വച്ച് തകര്‍ത്തു. കോട്ടയുടെ അവശിഷ്ടങ്ങള്‍ സമീപ കാലത്ത് പുരാവസ്തു വകുപ്പ് കുഴിച്ചെടുത്തിട്ടുണ്ട്. ഇവിടെ നിന്നു കിട്ടിയ പോര്‍ച്ചുഗീസുകാരന്റെ അസ്ഥികൂടം മണ്ണോടുകൂടി പെട്ടിയിലാക്കി സൂക്ഷിച്ചിട്ടുണ്ട്. കോട്ട സന്ദര്‍ശിക്കുന്നവര്‍ക്ക് ഇതു കാണാം.

പണ്ടു കാലത്ത് ഒറ്റപ്പെട്ടു കിടന്നിരുന്ന ഗോതുരുത്ത് എന്ന ദ്വീപിനെ ചുറ്റിയാണ് യാത്ര തുടരുന്നത്. ചവിട്ടു നാടകത്തിന്റെ ജന്മദേശമാണു ഗോതുരുത്ത്. ഗോതുരുത്തിലെ കലാകാരന്മാര്‍ അന്യം നിന്നു പോകാതെ സംരക്ഷിച്ചു പോരുന്ന ചവിട്ടു നാടകത്തിനു വേണ്ടി മുസിരിസ് പദ്ധതിയുടെ ഭാഗമായി സ്ഥിരം വേദി ഉണ്ടാക്കിയിട്ടുണ്ട്. ബുക്കിങ് പ്രകാരം അവിടെ കലാപരിപാടി അവതരിപ്പിക്കും.

പാലിയം നാലുകെട്ട്

പാലിയത്തൊരു ബോട്ട് ജെട്ടിയുണ്ട്. അവിടെ നിന്ന് നേരേ നടന്നാല്‍ പാലിയം കോവിലകത്തെത്താം. മൂന്നു നിലകളിലായി കെട്ടി ഉയര്‍ത്തിയ മാളികയാണു കോവിലകം. അധികാരത്തിന്റെ മേല്‍പ്പുരയായി നിലകൊള്ളുന്ന കോവിലകം മുസിരിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിപാലിച്ചു പോരുന്നു. ടിക്കറ്റെടുത്ത് കോവിലകത്തിന്റെ ഉള്‍ഭാഗം സന്ദര്‍ശിക്കാം. കോവിലകത്തിന്റെ ഭാഗമായി തൊട്ടടുത്തുള്ള നാലുകെട്ടിലും സന്ദര്‍ശകര്‍ക്കു പ്രവേശനമുണ്ട്.

പാലിയം കോവിലകമാണ് മുസിരിസ് പൈതൃക യാത്രയിലെ അവസാന സന്ദര്‍ശന കേന്ദ്രം. ബോട്ട് പുറപ്പെട്ട നോര്‍ത്ത് പറവൂര്‍ ജെട്ടിയിലേക്ക് ഇവിടെ നിന്നു നാലു കിലോമീറ്ററേയുള്ളൂ.

ഇവിടെ നിന്നു കൊടുങ്ങല്ലൂര്‍ റൂട്ടില്‍ അല്‍പ്പ ദൂരം യാത്ര ചെയ്താല്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ കയറാം. ആചാര മര്യാദകള്‍ പാലിച്ചുകൊണ്ട് പള്ളിയില്‍ പ്രവേശിക്കുന്നതിന് തടസ്സങ്ങളില്ല. കൊടുങ്ങല്ലൂരിന്റെ ചരിത്രത്തിലെ എണ്ണപ്പെട്ട അധ്യായമാണ് ചേരമാന്‍ ജുമാ മസ്ജിദ്. ചരിത്രമുറങ്ങുന്ന പ്രാര്‍ഥനാ മന്ദിരവും പള്ളിമുറ്റവും സന്ദര്‍ശകര്‍ക്ക് മുസിരിസിനെക്കുറിച്ച് അതിവിശാലമായ ചിത്രം നല്‍കുന്നു.

രാവിലെ പത്തിനു പുറപ്പെട്ട് വൈകിട്ട് അഞ്ചരയാകുമ്പോഴേക്കും അവസാനിപ്പിക്കുന്ന രീതിയിലാണ് മുസിരിസ് ബോട്ട് ടൂര്‍. സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടുപോകാന്‍ പാശ്ചാത്യര്‍ പണ്ടുണ്ടാക്കിയ ‘സ്‌പൈസ് റൂട്ട് ‘ എന്ന കപ്പല്‍പ്പാത പോലെ ചരിത്ര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ജലപാതയായി മാറുകയാണ് ‘മുസിരിസ് ബോട്ട് റൂട്ട്.’ നമ്മുടെ നാടിന്റെ ചരിത്രപ്പെരുമ മനസ്സിലാക്കാന്‍ ജലയാത്ര ഒരുക്കുന്നത് കേരള ടൂറിസം വകുപ്പാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9020864649, www.keralatourism.org/muziris. .