Kerala

കേരളത്തിനെ മുഖച്ചിത്രമാക്കി വേള്‍ഡ് ട്രാവലര്‍

യു എ ഇയിലെ ഏറ്റവും വലിയ ട്രാവല്‍ കമ്പനിയായ ഡനാട്ടയുടെ ട്രാവല്‍ മാഗസിനില്‍ കേരളമാണ് കവര്‍പേജ്. നിപ്പയില്‍ നിന്ന് കേരളം നേടിയ വന്‍ വിജയത്തിന് ആദരവായാണ് പുതിയ ലക്കം മാസികയില്‍ കേരളം ഇടം പിടിക്കാന്‍ കാരണമായത്. ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍ സന്ദര്‍ശിക്കേണ്ട സ്ഥലാണ് കേരളമെന്നാണ് വേള്‍ഡ് ട്രാവലര്‍ എന്ന് പേരുള്ള ഡനാട്ട മാസികയുടെ പുതിയ ലക്കം പറയുന്നത്.


തെങ്ങുകളും കായലും പശ്ചാത്തലമായ ഗറ്റി ഇമേജസിന്റെ മുഖചിത്രത്തിലൂടെയാണ് ഡനാട്ടയുടെ വേള്‍ഡ് ട്രാവലര്‍ കേരളത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഡനാട്ടയ്ക്ക് വേണ്ടി ഹോട്ട് മീഡിയ പബ്ലിഷിങാണ് മാസികയുടെ പ്രസാധകര്‍.

ചുരുങ്ങിയ അവധി ദിവസങ്ങളുള്ളവര്‍ക്ക് അധികം യാത്ര ചെയ്യാതെത്തനെ കണ്‍നിറയെ കാഴ്ചകള്‍ കാണാവുന്ന സ്ഥലമാണ് കേരളമെന്ന് സൗജന്യമായി വിതരണം ചെയ്യുന്ന വേള്‍ഡ് ട്രാവലര്‍ മാസികയുടെ മാനേജിങ് എഡിറ്റര്‍ ഫയേ ബാര്‍ട്ടലേയുടെ എഡിറ്റര്‍ കുറിപ്പിലുമുണ്ട്.

ജൂലായ് ലക്കത്തിലെ അഞ്ച് പേജുകള്‍ വര്‍ണചിത്രങ്ങളോടെ കേരളത്തിന്റെ വിനോദസഞ്ചാര കാഴ്ച്ചകള്‍ വിവരിക്കുന്നത്. കായല്‍പരപ്പിലെ വഞ്ചിവീട്, യാത്രയും മൂന്നാറിലെ കാഴ്ചകളും, കഥകളിയും, ആയുര്‍വേദവും, ആറന്‍മുള കണ്ണാടിയും പേജുകളില്‍ വിരുന്നൊരുക്കുന്നു.

സാധാരണ പരസ്യങ്ങള്‍ക്ക് പിന്തുണയെന്ന രീതിയിലാകും പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ കേരളത്തിന്റെ ഒരു പരസ്യം പോലും ഇല്ലാതെയാണ് ജൂലായ് ലക്കം പുറത്തിറങ്ങിയിരിക്കുന്നത്. കേരളത്തിന്റെ തനത് സൗന്ദര്യം വിനോദസഞ്ചാര ഭൂപടത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നുവെന്നതിന്റെ നേര്‍ചിത്രം വേള്‍ഡ് ട്രാവലര്‍ കാട്ടിത്തരുന്നു.