Kerala

കോവളത്ത് റോപ് വേ പദ്ധതി വരുന്നു

ബീച്ചിനും കടലിനും മുകളിലൂടെ റോപ്പ് വേ പദ്ധതി വരുന്നു. ലൈറ്റ് ഹൗസ് വളപ്പില്‍ നിന്നാരംഭിച്ചു കോവളം സര്‍ക്കാര്‍ അതിഥി മന്ദിര വളപ്പില്‍ അവസാനിക്കുന്ന തരത്തിലുള്ള റോപ്പ് വേ സംവിധാനം സ്ഥാപിക്കുന്നതു സംബന്ധിച്ച പദ്ധതി കേന്ദ്ര ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്‌സ് വകുപ്പിന്റെ അണിയറയിലാണു തയാറാകുന്നത്.

പ്രാഥമിക ജോലികള്‍ തുടങ്ങുമെന്നാണറിവ്. കോവളം ലൈറ്റ് ഹൗസ് വളപ്പില്‍ അതിവേഗം പണി പൂര്‍ത്തിയായി വരുന്ന സംഗീത-നൃത്ത ജലധാര പദ്ധതിയുടെ പുരോഗതി വിലയിരുത്താനെത്തിയ കേന്ദ്ര ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്‌സ് ഡയറക്ടര്‍ ജനറല്‍ ഡി.കെ.സിന്‍ഹയുടെ മനസ്സില്‍ രൂപപ്പെട്ട റോപ്പ് വേ പദ്ധതി വകുപ്പിന്റെ സജീവ പരിഗണനയിലാണ്. രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന സംഗീത നൃത്ത ജലധാര പദ്ധതി ഉദ്ഘാടനത്തിന് എത്തുമെന്നു പ്രതീക്ഷിക്കുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കു മുന്നില്‍ നൂതന പദ്ധതി അവതരിപ്പിച്ച് അംഗീകാരം കിട്ടിയാല്‍ ഉടന്‍ നടപടി തുടങ്ങുമെന്നാണു സൂചന.

കോവളം ലൈറ്റ് ഹൗസ്, ഹവ്വാ ബീച്ചുകള്‍, കടല്‍ എന്നിവയ്ക്കു മുകളിലൂടെയുള്ള റോപ് വേ സഞ്ചാരം സന്ദര്‍ശകര്‍ക്കു പുത്തന്‍ വിനോദ സഞ്ചാര അനുഭവം സമ്മാനിക്കും. പരിസ്ഥിതി സംബന്ധമായ പ്രശ്‌നങ്ങള്‍ ബാധിക്കില്ലെന്നതുള്‍പ്പെടെയുള്ള ഘടകങ്ങള്‍ പദ്ധതിക്ക് അനുകൂലമെന്നാണു ബന്ധപ്പെട്ടവര്‍ കരുതുന്നത്. ലൈറ്റ് ഹൗസ് വളപ്പിലെ വടക്കേഭാഗം, ഇടക്കല്ല് പാറ, ഗെസ്റ്റ് ഹൗസ് എന്നിവ ബന്ധപ്പെടുത്തിയാവും പദ്ധതി ആവിഷ്‌കരിക്കുക.

രണ്ടു കിലോമീറ്ററോളം ദൂരം വരുന്നതാണു റോപ്പ് വേ. ഇവിടങ്ങളില്‍ ഉയരുന്ന ടവറുകളെ ബന്ധിച്ചാവും റോപ് വേ നില കൊള്ളുക. ദൂരക്കൂടുതലുള്ളതിനാല്‍ ഇടക്കല്ല് പാറയുടെ സാന്നിധ്യം റോപ് വേ സ്ഥാപിക്കാന്‍ കൂടുതല്‍ അനുകൂല ഘടകമാണെന്നും ബന്ധപ്പെട്ടവര്‍ കരുതുന്നു. പദ്ധതി യാഥാര്‍ഥ്യമായാല്‍ കോവളം വിനോദ സഞ്ചാര മേഖലയ്ക്കു മുതല്‍ക്കൂട്ടാകുമെന്നാണു പ്രതീക്ഷ.