Kerala

നാലമ്പല തീര്‍ത്ഥാടനത്തിനൊരുങ്ങി തൃപ്രയാര്‍ ക്ഷേത്രം

കര്‍ക്കടകമെത്തുകയായി. നാലമ്പല തീര്‍ഥാടനത്തിന്റെ നാളുകളാണിനി. രാമായണമാസമെന്നറിയുന്ന കര്‍ക്കടകത്തില്‍ ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേദിവസം ദര്‍ശനം നടത്തുന്നത് പുണ്യമായാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

മഴയും തണുപ്പും വകവെയ്ക്കാതെ ആയിരങ്ങളാണ് ഓരോ ദിവസവും ഈ നാലുക്ഷേത്രങ്ങളിലെത്തുക. ചൊവ്വാഴ്ചയാണ് നാലമ്പല തീര്‍ഥാടനം തുടങ്ങുക. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

മഴ നനയാതെ വരിനില്‍ക്കുന്നതിനും വരിയില്‍നിന്ന് തന്നെ വഴിപാട് ശീട്ടാക്കാനും ഭക്തര്‍ക്ക് കഴിയും. ചൂടുവെള്ളവും വൈദ്യസഹായവും ലഭിക്കും.

ക്ഷേത്രത്തിനകത്തും പുറത്തും ഭക്തര്‍ക്ക് വരിനില്‍ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെയും പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. പുറത്ത് വരിനില്‍ക്കുന്നവര്‍ക്ക് സെന്റര്‍ കമ്മിറ്റി ഇത്തവണയും കട്ടന്‍കാപ്പി നല്‍കും.