ഉല്ലാസയാത്ര ഡബിള്‍ ഡക്കറില്‍ സ്‌പെഷ്യല്‍ പാക്കേജുമായി കെ എസ് ആര്‍ ടി സി

ഡബിള്‍ ഡക്കറില്‍ ഏരിയല്‍ വ്യൂവില്‍ നഗരകാഴ്ച്ച കണ്ടൊരു യാത്ര ഏതൊരു ആളിലും കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. സാധാരണ ബസ് യാത്രകളില്‍ നിന്നു വേറിട്ടൊരു യാത്രാസുഖം നല്‍കുന്നവയാണ് അനന്തപുരിയിലെ ഡബിള്‍ ഡക്കര്‍ ബസുകള്‍. ആ കൗതുകവും കാഴ്ചകളും ഒരിക്കലും നഷ്ടമാക്കരുതെന്ന തിരിച്ചറിവാണ് നിരത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്‍വാങ്ങിയ ബസുകളെ ‘റീലോഡ്’ ചെയ്തിറക്കാന്‍ കെ എസ് ആര്‍ ടി സി യെ പ്രേരിപ്പിച്ചത്.


ഹെറിറ്റേജ് സിറ്റി ടൂറിസത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസ് വാടകയ്ക്ക് നല്‍കുന്നുണ്ട്. പതിനഞ്ചു വര്‍ഷം പ്രായമായ ഈ ഡബിള്‍ ഡക്കര്‍ ബസുകള്‍ കെ എസ് ആര്‍ ടി സിയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഈ വാഹനത്തോടുള്ള ഇഷ്ടവും കൗതുകവുമാണ് കെ എസ് ആര്‍ ടി സിയുടെ തീരുമാനത്തിന് പിന്നിലെ പ്രേരണ. വാടകയ്ക്ക് നല്‍കുന്ന ബസില്‍ രാത്രിയാത്ര അനുവദിക്കപ്പെടുന്നതല്ല. അധികാരപ്പെട്ടവര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള സമയക്രത്തിനുള്ളില്‍ നിന്നുകൊണ്ട്, നഗരത്തിനുള്ളില്‍ മാത്രമുള്ള സേവനങ്ങള്‍ക്കാണ് വാഹനം വാടകയ്ക്ക് നല്‍കുന്നത്.

പാക്കേജ് ‘എ’ , ‘ബി’ എന്നീ രണ്ട് പാക്കേജിലാണ് ട്രിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

പാക്കേജ് എ-യില്‍ കിഴക്കേകോട്ടയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര പദ്മനാഭ സ്വാമി ക്ഷേത്രം, കനക്കുന്ന് കൊട്ടാരം, മൃഗശാല, മ്യൂസിയം, ശാസ്ത്ര സാങ്കേതിക മ്യൂസിയം, വേളി തടാകം, ശംഘുമുഖം ബീച്ച്, കോവളം ബീച്ച്, എന്നിവടങ്ങളില്‍ കറങ്ങി തിരികെ കിഴക്കേ കോട്ടയില്‍ എത്തിച്ചരുന്ന രീതിയിലാണ്.

യാത്ര ബുക്കുചെയ്യുന്ന യാത്രികരുടെ സംഘം ആവശ്യപ്പെടുന്ന പാക്കേജ് എ യില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങള്‍ മാത്രം. 77 സീറ്റുകളാണുള്ളത്. കാലത്ത് എട്ടുമണിക്ക് ആരംഭിക്കുന്ന യാത്ര വൈകുന്നേരം ആറുമണിവരെ മാത്രമാണ് അനുവദിക്കപ്പെടുക.

പാക്കേജ് എ പ്രകാരം എട്ടുമണിക്കൂര്‍ ചെലവഴിക്കപ്പെടുന്ന യാത്രയ്ക്ക് 6000 രൂപയാണ് കെ എസ് ആര്‍ ടി സി ഈടാക്കുക. പാക്കേജ് ബി പ്രകാരമുള്ള യാത്രയ്ക്ക് ഓരോ നാലുമണിക്കൂറിനും 4000 രൂപ വീതം വാടക നല്‍കേണ്ടതാണ്.

ബസ് ലഭ്യമാണോ എന്നറിയാനും മുന്‍കൂറായി പണമടയ്ക്കാനും ബന്ധപ്പെടേണ്ട വിലാസം:

The District Transport Officer

Office of the District Transport Officer

Fort. Thiruivananthapuram, Kerala

Phone:0471-2461013, 0471-2575495, 0471-2463029

Controlroom:9447071021, 0471-24613799

യാത്ര റദ്ദ് ചെയ്യപ്പെടുകയാണെകില്‍, മുന്‍കൂറായി നല്‍കിയ വാടക തുകയില്‍ നിന്നും മൂന്ന് ശതമാനം നഷ്ടപരിഹാരമായി ഈടാക്കുന്നതാണ്.