വസ്ത്രങ്ങള്‍ ഗുണമുള്ളതോ അറിയാന്‍ ഗുഡ് ഓണ്‍ യു ആപ്പ്
ഓണ്‍ലൈനായി വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ റിവ്യൂ വായിച്ചുനോക്കി മികച്ച അഭിപ്രായങ്ങള്‍ നേടിയവ തിരഞ്ഞെടുക്കുന്നത് പലരും പതിവാക്കിയിട്ടുണ്ട്. എന്നാല്‍ നേരിട്ടെത്തി മാളുകളിലും മറ്റ് വസ്ത്രശാലകളിലും നിന്ന് വസ്ത്രം വാങ്ങുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനല്ല.
അതിപ്പൊ എത്ര വിലകൂടിയവ ആണെങ്കിലും ശരി. ഇട്ടുനോക്കി ഭംഗിയുണ്ടെന്ന് ഉറപ്പുവരുത്തുന്നതല്ലാതെ അതിന്റെ ഗുണനിലവാരത്തെകുറിച്ച് അധികമൊന്നും അന്വേഷിക്കാത്തവരാണ് കൂടുതലും. എവിടെപോയി അന്വേഷിക്കാനാ ഒരു വിശ്വാസത്തില്‍ അങ്ങ് വാങ്ങും എന്നല്ലാതെ ഈ വിഷയത്തില്‍ പറയാന്‍ പ്രത്യേകിച്ച് മറുപടിയൊന്നും ഇല്ലായിരുന്നുതാനും. എന്നാല്‍ എന്തും ഏതും ആപ്പിന്റെ രൂപത്തില്‍ അവതരിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ വിഷയത്തിലും ഏറെകുറെ തീരുമാനമായിട്ടുണ്ട്.
റാങ്കിംഗ് നല്‍കി വസ്ത്ര ബ്രാന്‍ഡുകളെ റേറ്റ് ചെയ്യുകയും അവയുടെ ഗുണനിലവാരം വിശ്വാസ്യത പോലുള്ള ഘടകങ്ങള്‍ വിശദീകരിച്ചു നല്‍കുകയും ചെയ്യുന്ന ആപ്പുകള്‍ സജീവമാകുകയാണ്. ഈ നിരയിലേക്ക് ആദ്യമായി അവതരിപ്പിച്ച ആപ്പ് എന്ന് വിളിക്കാം ഗുഡ് ഓണ്‍ യു എന്ന ആപ്ലിക്കേഷനെ.
ഓസ്‌ട്രേലിയയില്‍ ആദ്യമായി അവതരിപ്പിച്ച ആപ്പ് പിന്നീട് ലോകം മുഴുവന്‍ എത്തുകയായിരുന്നു. 2000ത്തോളം ബ്രാന്‍ഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ ആപ്പില്‍ നിന്ന് ലഭ്യമാകും. ബ്രാന്‍ഡഡ് വസ്ത്രം വാങ്ങിയാലും പറ്റിക്കപ്പെടണമല്ലോ എന്ന സങ്കടത്തിന് ഒരു പരിധി വരെ വിരാമമിടുന്നതാണ് ഈ ആപ്പ്.
ബ്രാന്‍ഡിന്റെ സേവനങ്ങള്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ വിതരണ ശൃംഖല തുടങ്ങി കമ്പനിയുടെ പരിസ്ഥിതി സൗഹൃദ നടപടികള്‍ വരെ ആപ്പില്‍ വിശദീകരിക്കുന്നു. ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ പോലും നല്‍കാന്‍ തയ്യാറാകാത്ത ബ്രാന്‍ഡുകള്‍ക്ക് കുറഞ്ഞ റേറ്റിംഗ് ലഭിക്കുകയും ചെയ്യും.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പില്‍ ബ്രാന്‍ഡിന്റേ പേര് എഴുതി സേര്‍ച്ച് ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും. അഡിഡാസ്, സ്‌റ്റെല്ല മക്കാര്‍നി പോലുള്ള ബ്രാന്‍ഡുകളാണ് നിലവില്‍ ഗുഡ് ഓണ്‍ യു ആപ്പില്‍ മികച്ച സ്‌കോര്‍ നേടിയിട്ടുള്ളത്.