Places to See

സോഷ്യൽ മീഡിയ ഹിറ്റാക്കിയ കേരളത്തിലെ യാത്രാ സ്ഥലങ്ങൾ ..നിങ്ങൾ ഇവിടെ പോയിട്ടുണ്ടോ?

Image result for kerala bike traveller

സോഷ്യൽമീഡിയയുടെ കാലമാണിത്. കോവളം, കുമരകം, ആലപ്പുഴ ഹൗസ്ബോട്ട്.മൂന്നാർ,തേക്കടി എന്നിങ്ങനെ ‘ഠ’ വട്ടത്തിലൊതുങ്ങിയ കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടം സോഷ്യൽ മീഡിയയുടെ വരവോടെ വിസ്തൃതമായി. പുതിയ യാത്രാസ്ഥലങ്ങൾ പ്രചാരത്തിലായി. യാത്രാ ഗ്രൂപ്പുകളും വിവരണങ്ങളും കൂടുതൽ സഞ്ചാരികളെ ഇത്തരം സ്ഥലങ്ങളിലേക്ക് ആകർഷിച്ചു. ഇതാ സോഷ്യൽ മീഡിയ ഹിറ്റാക്കിയ കേരളത്തിലെ ചില സ്ഥലങ്ങൾ. ഇവിടേയ്ക്ക് നിങ്ങൾ പോയിട്ടുണ്ടോ?ഇല്ലങ്കിൽ ബാഗ് മുറുക്കിക്കോളൂ.. യാത്ര അനുഭവമാക്കി വരാം.

 

Image result for ordinary movie gavi

ഗവി

‘ഓര്‍ഡിനറി’ എന്ന ഒറ്റ സിനിമയോടെ എക്സ്ട്രാ ഓർഡിനറിയായ സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി. കാടിനുള്ളിലെ ഈ സ്ഥലത്തേക്ക് എത്തിച്ചേരാൻ ആ സിനിമയിൽ കുഞ്ചാക്കോ ബോബനും ബിജു മേനോനും ജീവനക്കാരായ .കെഎസ്ആര്‍ടിസി സര്‍വ്വീസ് മാത്രം. അത്തരം വലിയ ബസും പ്രതീക്ഷിക്കേണ്ട, സിനിമ ചിത്രീകരിച്ചത് കുട്ടിക്കാനത്തും പീരുമേട്ടിലുമായതിനാൽ വലിയ ബസ് ഉപയോഗിക്കാനായി. ഗവിയിലേക്ക് കെഎസ്ആർടിസിയുടെ കുട്ടിബസ് മാത്രമാണുള്ളത്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഇവിടം. പുലിയും കടുവയുമടക്കം എല്ലാവിധ വന്യമൃഗങ്ങളുമുള്ള അധികം മനുഷ്യസ്പർശമേൽക്കാത്ത കാടുകളിലൊന്നാണ് ഗവിയിലേത്. പണ്ട് ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിക്കാനായി തുടങ്ങിയ കൃഷിയും ഇപ്പോൾ വിനോദസഞ്ചാരവുമാണ് ഗവിയുടെ ജീവിതം. കേരള വനം വികസന കോര്‍പറേഷന്‍റെ ടൂറിസം പാക്കേജിൽ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

Image result for gavi pathanamthitta tourism

വണ്ടിപ്പെരിയാറില്‍ നിന്ന്തെക്കുപടിഞ്ഞാറായി 28കി മി മാറിയാണ്‌ ഗവി. കെഎസ്ആർടിസി ബസിൽ പത്തനംതിട്ടയിൽ നിന്ന് ഗവിക്കുള്ള യാത്ര അത്യന്തം ഹൃദ്യമാണ്. കുന്നും താഴ്‌വാരങ്ങളും വെള്ളച്ചാട്ടങ്ങളും പുല്‍മേടുകളും ഡാമുകളും കാടും ഒക്കെ താണ്ടി നാലര മണിക്കൂര്‍ യാത്ര ചെയ്‌താല്‍ ഗവിയിലെത്താം.കുമളിയിൽ നിന്നും വണ്ടിപ്പെരിയാർ വഴി കേവലം ഒന്നര മണിക്കൂർ യാത്രയാണ് ഗവിക്കുള്ളത്. പക്ഷേ കാനനഭംഗിയും മറ്റും അനുഭവിച്ചറിയണമെങ്കിൽ പത്തനംതിട്ടയിൽ നിന്ന് തന്നെ യാത്ര ആരംഭിക്കണം. പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട് ചിറ്റാർ, സീതത്തോട്, ആങ്ങാമൂഴി എന്നീ സ്ഥലങ്ങൾ കഴിയുമ്പോൾ വനത്തിലേക്ക് പ്രവേശിക്കുകയാണ്. അവിടെ നിന്നും കക്കാട് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗങ്ങളായ സ്ഥലങ്ങൾ കടന്ന് കക്കി ഡാം, ആനത്തോട് ഡാം, പമ്പാ ഡാം എന്നീ ഡാമുകൾ കടന്നാണ് ഗവിയിൽ എത്തുക. ഡാമുകൾക്ക് മുകളിലൂടെയുള്ള കെ എസ് ആർ ടി സി ബസ്സിലെ യാത്ര മനോഹരമാണ്.

Image result for gavi green mansion

വനംവകുപ്പിന്റെ അധീനതയിലുള്ള ‘ഗ്രീന്‍ മാന്‍ഷന്‍സി’ല്‍ താമസസൗകര്യം ലഭ്യമാണ്‌. ഫോറസ്‌റ്റ്‌ കാമ്പസില്‍ ടെന്റ്‌ കെട്ടി തങ്ങണമെന്നുള്ളവര്‍ക്ക്‌ അതിനുള്ള സൗകര്യവുമുണ്ട്‌. റെയിന്‍കോട്ടും, ബൈനോകുലറും മറ്റും വാടകയ്‌ക്കും ലഭ്യമാണ്‌. മദ്യം, പ്ലാസ്റ്റിക്, തീയുണ്ടാക്കുന്ന വസ്തുക്കൾ എന്നിവ അനുവദനീയമല്ല. മാലിന്യങ്ങൾ വലിച്ചെറിയുന്നതും നിരോധിച്ചിരിക്കുന്നു.
ഗവി യാത്രയ്ക്കു വിളിക്കാം; 9947492399, 8547809270, 8289821300, 8289821305, 8289821306, 9446112034, 994682140

കെ.എസ്.ആർ.ടി.സി. പത്തനംതിട്ട: 0468 2222366, കുമളി: 0486 2323400 Website: http://gavi.kfdcecotourism.com

Image result for meesapulimala

മീശപ്പുലിമല

മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ..? ചാർലി’ സിനിമയില്‍ ദുല്‍ഖറിന്‍റെ
ഈ ചോദ്യത്തോടെയാണ് ഇവിടം കൂടുതൽ പ്രചാരം നേടിയത്. പിന്നീട് ദുല്‍ഖര്‍ കൂടി അഭിനയിച്ച ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമയിലും ഈ സ്ഥലം ദൃശ്യങ്ങളായി കടന്നെത്തി. കൊരങ്ങിണി വനമേഖലയിൽപ്പെട്ട കൊളുക്കുമല വഴിയാണ് മിക്കവരും മീശപ്പുലിമലയിലേക്ക് കയറുന്നത്. ഏറെ അപകടം പിടിച്ചതും അനധികൃതമായതുമായ ട്രക്കിങ്ങാണിത്. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് മീശപ്പുലിമല. യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ അംഗീകരിക്കുന്ന ജൈവ വൈവിധ്യങ്ങലാലും, പുൽമേടുകളാലും പ്രകൃതിസൗന്ദര്യമാവോളമുള്ള പ്രദേശങ്ങളാണിവ. കൊളുകുമലയിലൂടെ മീശപുലിമലയിലേക്ക് പ്രവേശനമില്ല. കെഎഫ്ഡിസിയുടെ അനുമതിയോടുകൂടി മാത്രമേ മീശപ്പുലിമലയിലേക്ക് പോകാനാവൂ.

വനത്തിൽ താമസിക്കുന്നതുൾപ്പെടെയാണു KFDCയുടെ പാക്കേജ്..
ബുക്ക് ചെയ്യാൻ ഓൺലൈൻ സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
http://munnar.kfdcecotourism.com/BaseCamp.aspx
കൂടുതൽ വിവരങ്ങൾക്ക്:8289821400, 8289821401, 8289821408

Related image
വൈശാലി ഗുഹ

ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളും…. ഭരതൻ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമയിലെ പ്രണയാർദ്രമായ ഈ പാട്ട് ഓർമയില്ലേ? വൈശാലിയും ഋഷ്യശൃംഗനുമായുള്ള പ്രണയം തുളുമ്പിയ ഈ ഗാനത്തിന് പശ്ചാത്തലം മനോഹരമായ ഒരു ഗുഹയായിരുന്നു. ഗാനം തുടങ്ങുമ്പോൾ തന്നെ നിറങ്ങളാൽ ചാലിച്ച ചിത്രങ്ങൾക്ക് മിഴിവ് കൂട്ടുന്ന കല്ലുകൾ കൊണ്ട് തീർത്ത പ്രാചീന ഗുഹ കാണാം. ആ ഗുഹ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സെറ്റ് ആയിരുന്നില്ല എന്നതാണ് വാസ്തവം. ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മിക്കുന്നതിന് വേണ്ടി പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരുന്നതിന് തുരന്ന് നിര്‍മിച്ചതാണ് ഗുഹ. 1970കളിലാണ് നിര്‍മാണം തുടങ്ങിയത്. 550 മീറ്റര്‍ നീളമുള്ള ഈ തുരങ്കത്തിലാണ് ഡാം നിര്‍മാണവുമായി ബന്ധപ്പെട്ടിരുന്ന തൊഴിലാളികളും അവരെ ലക്ഷ്യമാക്കി തുടങ്ങിയ കച്ചവടസ്ഥാപനങ്ങളും ഉണ്ടായിരുന്നത്..ഇടുക്കി ഡാമിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഇത് വളരെ മനോഹരമായ ഒരനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.

Image result for vaishali cave idukki

1988 ല്‍ പുറത്തിറങ്ങിയ വൈശാലി സിനിമയുടെ ഭാഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചതിനാല്‍ ഇവിടം പിന്നീട് ആ പേരില്‍ അറിയപ്പെടുകയായിരുന്നു.വാവലുകളുടെ വന്‍കൂട്ടങ്ങള്‍ വിശ്രമിക്കുന്ന കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്. തുരങ്കം കടക്കാൻ അല്‍പം സാഹസികത ആവശ്യമെങ്കിലും ഇവിടെ നിന്നുള്ള ഇടുക്കി ഡാമിന്‍റെ കാഴ്ച്ച അതിമനോഹരമാണ്. കുറവൻ മലകളിൽ നിന്ന് അര മണിക്കൂർ നടത്തമേയുള്ളൂ വൈശാലി ഗുഹയിലേക്ക്. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളുമായി കാത്തിരിക്കുകയാണ് വൈശാലി ഗുഹ

കോതമംഗലത്തിനു സമീപം മറ്റൊരു വൈശാലി ഗുഹയുണ്ട്. ഇവിടെയും വൈശാലി സിനിമാഭാഗം ചിത്രീകരിച്ചിരുന്നു. ഇടമലയാര്‍ ഡാം നിര്‍മാണ സമയത്ത് പാറമടയില്‍ നിന്നും ക്രെഷറിലെക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് വേണ്ടി നിര്‍മിച്ച ടണലാണിത്.

കോതമംഗലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും പുതിയതായി ഈ വൈശാലി ഗുഹയിലേക്ക് ബസ് സര്‍വിസ് ആരംഭിച്ചിട്ടുണ്ട്. രാവിലെ 9.30 നു കോതമംഗലം നിന്നും ആരംഭിക്കുന്ന ബസ് ഇടമലയാര്‍ ഡാം വഴി വൈശാലി ഗുഹ വരെ പോകുകയും ഒരു മണിക്കൂര്‍ വിശ്രമത്തിനു ശേഷം തിരികെ കോതമംഗലത്ത് എത്തിച്ചേരുകയും ചെയ്യും. താളും കണ്ടം, പൊങ്ങന്‍ചുവട് ആദിവാസി ഊരുകളിലേക്കു പോകുന്നതിനുള്ള ഏക വഴിയാണ് ഇടമലയാര്‍ ഡാം കൂടിയുള്ള ഈ റൂട്ട്.

ഇടമലയാര്‍ ഡാം സന്ദര്‍ശിക്കാന്‍ അനുമതി ഉള്ളവര്‍ക്കും , ഔദ്യോഗിക ആവശ്യമുള്ളവര്‍ക്കും, പൊങ്ങന്‍ ചുവട്, താളുംകണ്ടം കോളനിയില്‍ താമസിക്കുന്നവര്‍ക്കും മാത്രമാണ് ഈ വഴി സഞ്ചരിക്കാന്‍ നേരത്തെ അനുമതി ഉണ്ടായിരുന്നത്. രൂക്ഷമായ കാട്ടാനശല്യമുള്ള വഴിയും ആണിത്. പുതിയ ബസ് റൂട്ട് വന്നതോടെ സഞ്ചാരികള്‍ക്ക് ഇടമലയാര്‍ ഡാം കാണുന്നതിനും, പവര്‍ ഹൌസ് പുറമേ നിന്ന് കാണുന്നതിനുമുള്ള അവസരവും ലഭിച്ചിട്ടുണ്ട്.

Image result for malakkappara
മലക്കപ്പാറ

ഒരുകാലത്ത് അത്രയൊന്നും കേട്ടിട്ടില്ലാത്ത സ്ഥലമായിരുന്നു തൃശൂര്‍ ജില്ലയിലെ മലക്കപ്പാറ. ഇപ്പോള്‍ മലക്കപ്പാറ അറിയാത്ത സഞ്ചാരികള്‍ ഇല്ല. തേയി‌ലത്തോട്ടങ്ങള്‍ക്ക് പേരുകേട്ട മലക്കപ്പാറ അതിരപ്പള്ളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നവര്‍ സാധരണ പോകാറുള്ള സ്ഥലമാണ്. അതിരപ്പള്ളിയില്‍ നിന്ന് മലക്കപ്പാറ വഴി വാല്‍പ്പാറയിലേക്ക് ബൈക്ക് യാത്ര ചെയ്തിട്ടുള്ളവരുടെ യാത്ര ‌വിവരണങ്ങള്‍ ദിവസേന സോഷ്യല്‍ മീഡിയകളില്‍ കാണാം. ചാലക്കുടിയില്‍ നിന്ന് 80 കി.മി അകലെ സ്ഥിതി ചെയ്യുന്ന മലക്കപ്പാറയിലേക്ക് ചാലക്കുടിയില്‍ നിന്ന് ബസ് ലഭ്യമാണ്. തുമ്പൂര്‍മുഴി, ആതിരപ്പള്ളി, വാഴച്ചല്‍, ഷോളയാര്‍ വഴിയാണ് മലക്കപ്പാറയിലേക്കുള്ള വഴി. റോഡിന്റെ ഇരുവശവും പടര്‍ന്ന് പന്തലിച്ച പച്ചപ്പുകളും ചാലക്കുടിപ്പുഴയുടെ കൈവഴിയും ആതിരപ്പള്ളി-വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും ആസ്വദിച്ചുകൊണ്ടാണ് മലക്കപ്പാറയിലേക്കുള്ള യാത്ര.

 

ക‌വ

പാലക്കാട് ജില്ലയിലെ മലമ്പുഴക്ക് സമീപത്തുള്ള സുന്ദരമായ സ്ഥലമാണ് കവ. മഴമേഘങ്ങളുടെ ഗര്‍ഭഗൃഹമെന്നു പറയാം. ആദ്യ മഴമേഘം ഉരുവം കൊള്ളുന്നത് കവയിലാണ്. പാലക്കാട് നഗരത്തിന് സമീപം ഒലവക്കോട്ട് നിന്ന് മലമ്പുഴ ഉദ്യാനത്തെ ചുറ്റിപ്പോകുന്ന റോഡിലൂടെ കവയിലെത്താം. മലമ്പുഴ തടാകത്തിന്റെ ആരംഭമാണ് ഇവിടം.

Image result for kattu kunnu wayanad
കാറ്റുകുന്ന്

യുവ നടൻ സണ്ണി വെയിന്‍ തന്‍റെ നാടിന്റെ പ്രമോഷൻ എന്ന അടിക്കുറിപ്പോടെ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് വൈറലാകാൻ ഏറെ സമയം വേണ്ടി വന്നിരുന്നില്ല. കാറ്റുകുന്നിലെ കാറ്റ് കൊണ്ടിട്ടുണ്ടോ… സദാ സമയം കാറ്റുകുന്നിൽ വീശുന്ന ഈ കാറ്റും ഒന്ന് അനുഭവിക്കേണ്ടത് തന്നെയാണ്

സമുദ്രനിരപ്പിൽ നിന്നു നാലായിരത്തോളം അടി ഉയരത്തിലുള്ള ഈ കുന്നിന്റെ പ്രത്യേകത പേരിലുള്ളത് പോലെ കാറ്റാണ്. അങ്ങകലെ 1277 ഹെക്ടറിൽ തളം കെട്ടി നിൽക്കുന്ന ബാണാസുര ഡാമിലെ വെള്ളക്കെട്ടും കക്കയം ഡാമും വയനാട് ജില്ലയുടെ തെക്കുഭാഗവും പൂർണമായും ഇവിടെ നിന്നു കാണാം.

ബാണാസുരസാഗർ ഡാമിനടുത്ത് ബ്രഹ്മഗിരി മലനിരകളിൽ സ്ഥിതി ചെയ്യുന്ന കാറ്റുകുന്ന് ചെമ്പ്ര മലയേക്കാൾ മനോഹരമാണ്.വാരാമ്പറ്റ വനസംരക്ഷണ സമിതി ഇവിടെ ട്രക്കിങ് നടത്തുന്നുണ്ട്.

ട്രക്കിങ്ങിനു പോകുന്നവർ കഴിയുന്നതും ഒന്നോ രണ്ടോ ദിവസം മുമ്പ് വിളിച്ച് ബുക്ക് ചെയ്ത് പോകുന്നതാണ്‌ നല്ലത്.

Related image

മാമലക്കണ്ടം

പുലിമുരുകന്റെ നാടാണ് മാമലക്കണ്ടം. പുലിമുരുകൻ മാത്രമല്ല ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്.ഈറ്റ
ശിക്കാർ,ആടുപുലിയാട്ടം എന്നിവയുടെയും ലൊക്കേഷൻ മാമലക്കണ്ടമായിരുന്നു.

വനയാത്ര ആഗ്രഹിക്കുന്ന സഞ്ചാരികളുടെ സ്വപ്നഭൂമിയാണ് ഇന്ന് മാമലക്കണ്ടം. നാലു വശവും വനത്താൽ ചുറ്റപ്പെട്ട മാമലക്കണ്ടം എറണാകുളം ജില്ലയിൽ ആണ്. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിൽ 10-11 വാർഡകള്‍ ആണ് മാമലക്കണ്ടം. എത്തി ചേരാൻ ഉള്ള വഴി:-
-കോതമംഗലം -തട്ടേക്കാട് -കുട്ടമ്പുഴ – ഉരുളന്തണ്ണി- പന്തപ്ര – മാമലക്കണ്ടം

Related image

മാമലക്കണ്ടം ജനങളുടെ ആരാധനാ ശില്പമാണ് മുനിയറ , മഴയില്ലാത്ത കാലങ്ങളിൽ മുനിയറയിൽ ജനങ്ങൾ  പായസം വച്ചാൽ മഴയുണ്ടാകും എന്നതാണ് ഇവിടുത്തെ വിശ്വാസം .മാമലകണ്ടത്തെ ഏറ്റവും ഉയരം കുടിയ കുന്നുകളാണ് കോയിനിപ്പറ മല.

മാമലക്കണ്ടം , – ആനകുളം- മാങ്കുളം -മൂന്നാർ പാതയിലൂടെ യാത്ര ചെയ്യാൻ വനം വകുപ്പിന്റെ അനുമതി വേണം. ആനകളുടെ സാന്ദ്രത ഈ വനമേഖലയിൽ കൂടുതലാണ്.

Image result for vattavada
വട്ടവട

കുത്തേറ്റു മരിച്ച മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യുവിന്റെ നാടായ വട്ടവട വാർത്തയിൽ സജീവമാണ്. കേരളത്തിന്റെ ശീതകാല കൃഷി മേഖല. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം.ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ കൃഷിപാടങ്ങൾ. ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങൾ ഒക്കെ ഇവിടെക്കാണാം.

Image result for vattavada

മൂന്നാറില്‍ നിന്നും വട്ടവടപോയി തിരികെവരാന്‍ ഒരു ദിവസം നീക്കിവെക്കണം. മൂന്നാറില്‍ വരുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് വട്ടവട. മൂന്നാറില്‍ നിന്നും ഇന്ധനം നിറക്കാന്‍ മറക്കരുത്. പോകുന്ന വഴിയില്‍ എവിടെയും പെട്രോള്‍ പമ്പില്ല. മൂന്നാർ നിന്നും ടോപ് സ്റ്റേഷൻ റൂട്ട് പോവുക.അവിടെ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ വട്ടവടയായി.

Related image

കൃഷിത്തോട്ടങ്ങളുടെ സുന്ദര കാഴ്ച്ച ആസ്വദിക്കാന്‍ ഏറ്റവും നല്ല സമയം ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളാണ്. കൊട്ടക്കമ്പൂര്‍, ചിലന്തിയാര്‍, കോവിലൂര്‍, പഴത്തോട്ട് എന്നീ സ്ഥലങ്ങള്‍ കൂടാതെ കൂടലാര്‍കുടി, സ്വാമിയാര്‍കുടി, പരിശപ്പെട്ടി, വത്സപ്പെട്ടി എന്നീ ആദിവാസി കോളനികളും ചേര്‍ന്നതാണ് വട്ടവട.