ആയുർവേദ ടൂറിസവുമായി ഗുജറാത്തും; ലക്ഷ്യം കേരളത്തിന്റെ കുത്തക തകർക്കൽ
കേരളം ആധിപത്യം പുലർത്തുന്ന ആയുർവേദ ടൂറിസത്തിൽ കണ്ണു നട്ട് ഗുജറാത്തും. ഗുജറാത്തിന്റെ സൗരഭ്യം എന്ന ആശയത്തിൽ അമിതാബ് ബച്ചനെ കൊണ്ട് വിശദീകരിച്ച പരസ്യ പ്രചാരണത്തിന് പിന്നാലെയാണ് ആയുർവേദത്തിലേക്കു കടക്കാൻ ഗുജറാത്ത് ഒരുങ്ങുന്നത്.
ഈ വർഷം പത്ത് മികച്ച ആയുർവേദ കേന്ദ്രങ്ങൾ തുടങ്ങുകയാണ് ലക്ഷ്യമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പൂനംചന്ദ് പർമാർ പറഞ്ഞു.
സംസ്ഥാനത്തിന് ഇക്കാര്യത്തിൽ വലിയ സാധ്യതയുണ്ടെന്ന് ഗുജറാത്ത് സർക്കാർ വക്താവ് പറഞ്ഞു. കടലോരങ്ങളും വനവും മരുഭൂമിയുമൊക്കെ ഗുജറാത്തിനുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയവും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ വക്താവ് കൂട്ടിച്ചേർത്തു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങുന്ന ആയുർവേദ കേന്ദ്രങ്ങൾക്ക് അഞ്ചു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് സമീപമാകും ആയുർവേദ സുഖ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങുക.