ആകാശദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. രക്ഷപെട്ടത് കൊച്ചിയിൽ നിന്നും കോയമ്പത്തൂർ നിന്നും പറന്നുയർന്ന വിമാനങ്ങളിലെ യാത്രക്കാർ
മലയാളികൾ അടക്കം നിറയെ യാത്രക്കാരുമായി പറന്ന ഇൻഡിഗോയുടെ രണ്ടു വിമാനങ്ങൾ ആകാശത്ത് നേർക്കുനേർ. കോയമ്പത്തൂർ നിന്നും ഹൈദരാബാദിലേക്കു പോയ വിമാനവും (6E-779), ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനവുമാണ് (6E-6505) കൂട്ടിയിടിയിൽ നിന്ന് രക്ഷപെട്ടത്. വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ചൊവ്വാഴ്ചയായിരുന്നു സംഭവമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇൻഡിഗോയുടെ എയർബസുകളായ എ–320 വിമാനങ്ങളാണ് 27,000 അടി ഉയരത്തിൽ തൊട്ടടുത്തു വന്നത്. രണ്ടു വിമാനത്തിലുമായി മലയാളികൾ ഉൾപ്പെടെ 328 യാത്രക്കാർ. മുഖാമുഖം വളരെ വേഗത്തിൽ വന്ന രണ്ടു വിമാനങ്ങളും തമ്മിൽ 200 അടി ഉയര വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അതായത് ദുരന്തം എട്ടു കിലോമീറ്റർ അകലെ വരെ മാത്രം. സെക്കൻഡുകൾക്കുള്ളിൽ സമയോചിതമായി ഇടപെട്ട പൈലറ്റുമാരാണ് 328 യാത്രകാരുടെ ജീവൻ രക്ഷിച്ചത്. ബെംഗളൂരുവിന്റെ വ്യോമപരിധിയിലാണു സംഭവമുണ്ടായത്.
കോയമ്പത്തൂർ– ഹൈദരാബാദ് വിവിമാനത്തിനോടു 36,000 അടി ഉയരത്തിലേക്കും ബെംഗളൂരു – കൊച്ചി വിമാനത്തിനോട് 28,000 അടി ഉയരത്തിലേക്കും സഞ്ചാരപാത മാറ്റാൻ എയർ ട്രാഫിക് കൺട്രോൾ ഉത്തരവിട്ടു. ഇതനുസരിച്ചു പാത ക്രമീകരിക്കുന്നതിനിടെയാണ് അപകടം മുന്നിലെത്തിയത്. കോയമ്പത്തൂർ– ഹൈദരാബാദ് വിമാനം 27,300 അടിയിലും ബെംഗളൂരു – കൊച്ചി വിമാനം 27,500 അടിയിലും മുഖാമുഖം വന്നു.
അതിവേഗത്തിൽ മുന്നോട്ടുപോകുന്ന വിമാനങ്ങൾ കൂട്ടിമുട്ടാനുള്ള സാധ്യത തിരിച്ചറിഞ്ഞ പൈലറ്റുമാർ മനസ്സാന്നിധ്യം കൈവിടാതെ ഇടപെടുകയായിരുന്നു. ഈ രണ്ടു വിമാനത്തിലും ടിസിഎഎസ് (ട്രാഫിക് കൊളിഷൻ അവോയ്ഡൻസ് സിസ്റ്റം) സംവിധാനം ഉണ്ടായിരുന്നെന്നു പറഞ്ഞ കമ്പനി, ആകാശപാതയിൽ ഇത്രയടുത്ത് എത്തിയതിനെപ്പറ്റിയുള്ള ചോദ്യങ്ങളോടു പ്രതികരിച്ചില്ല. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ് (എഎഐബി) അന്വേഷണം ആരംഭിച്ചു.