News

ടൂറിസം മേഖലയിൽ ഈ സർക്കാർ അഞ്ചുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ടൂറിസം തൊഴിൽ പോർട്ടലിനു തുടക്കം

ഇടതു സർക്കാരിന്റെ കാലത്തു സംസ്ഥാന ടൂറിസം മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്തു കിറ്റ്സ് തുടങ്ങിയ ടൂറിസം തൊഴിൽ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിലെ ടൂറിസം രംഗം വളർച്ചയുടെ പാതയിലാണ്.കോവളവും കുമരകവും ആലപ്പുഴയിലെ ഹൗസ് ബോട്ടും മാത്രമല്ല കേരളമാകെ വിനോദ സഞ്ചാര ഇടമാക്കുകയാണ് സർക്കാർ ലക്‌ഷ്യം. കേരള ടൂറിസം രംഗത്ത് നിലനിന്ന മാന്ദ്യം ഇടതു സർക്കാർ വന്നതോടെ ഇല്ലാതായി.പുതിയ ആശയങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉയർന്നു.

മലബാറിലെ ടൂറിസം വളർച്ചയ്ക്ക് പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്. സഞ്ചാരികളുടെ ശ്രദ്ധ നേടുന്ന മലബാർ ക്രൂയിസ് പദ്ധതി മൂന്നു വർഷത്തിനകം പൂർത്തിയാക്കും.

ടൂറിസം മേഖലയിൽ പുതിയ ഉൽപ്പന്നങ്ങൾ കൊണ്ട് വരാനാണ് സംസ്ഥാന സർക്കാർ ശ്രമം. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പമായ ജടായുപ്പാറ ചിങ്ങം ഒന്നിന് ഉദ്ഘാടനം ചെയ്യും. സഞ്ചാരികൾക്കു കൂടി പ്രയോജനകരമായ വിധത്തിൽ നിശാഗന്ധി സംഗീതോത്സവം മാറ്റും. നിശാഗന്ധി മൺസൂൺ സംഗീതോത്സവം ഈ മാസം 15നു തുടങ്ങും. കോഴിക്കോട്ടു നടക്കാനിരിക്കുന്ന ലോക കയാക്കിംഗ് മത്സരത്തിൽ 29 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും.

ഓണം വാരാഘോഷകാലത്തു കൂടുതൽ സഞ്ചാരികളെ ആകർഷിക്കേണ്ടതുണ്ട്. ഓഗസ്റ്റ് 30 ലെ ഘോഷയാത്രയിൽ വിദേശ സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ടൂറിസം മേഖലയോട് അഭ്യർത്ഥിച്ചു.

Image result for tourism job kerala

എന്താണ് തൊഴിൽ പോർട്ടൽ

ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗത്തെ തൊഴിലവസരങ്ങൾ തൊഴിൽ അന്വേഷകരിലെത്തിക്കുകയാണ് പോർട്ടലിന്റെ ലക്‌ഷ്യം. വിലാസം; www.tourismcareers.in

ചടങ്ങിലെ പ്രസംഗങ്ങളിൽ നിന്ന്‌;

 

Image result for rani george

 

 

 

റാണി ജോർജ്

(ടൂറിസം സെക്രട്ടറി)

പുതിയ സർക്കാർ അധികാരമേറ്റ ശേഷം കേരള ടൂറിസത്തിനു പുതിയ ദിശാബോധം ലഭിച്ചു.ടൂറിസം നയം പ്രഖ്യാപിച്ചു. കേരളം സന്ദർശിക്കുന്ന വിദേശ സന്ദർശകരുടെ എണ്ണം ഇരട്ടിയാക്കുമെന്ന് ടൂറിസം നയം പറയുന്നു. അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും നയത്തിലുണ്ട്.

 

 

Image result for k jayakumar

 

 

 

കെ ജയകുമാർ
(മുൻ ചീഫ് സെക്രട്ടറി)

കേരള ടൂറിസത്തിന്റെ വളർച്ചയ്ക്കിനി വേണ്ടത് സംരംഭകത്വ പ്രോത്സാഹനമാണ്. ഐടിക്ക് അടക്കം നൽകുന്ന ഇളവുകൾ ടൂറിസത്തിനു നൽകണം.ആശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഇൻകുബേഷൻ സെന്ററുകളും വേണം. ടൂറിസം വികസന സാധ്യതയുടെ 15 ശതമാനം മാത്രമേ ഇപ്പോഴും കേരളത്തിലായിട്ടുള്ളൂ. ജില്ലാ ടൂറിസം പ്രൊമോഷൻ സൊസൈറ്റികൾ നിലവിൽ മുഖ്യധാരയിലല്ല. ഇവ ഇപ്പോൾ രണ്ടാം തരക്കാരോ മൂന്നാം തരക്കാരോ ആയി നിൽക്കുകയാണ്.ജില്ലാതലങ്ങളിൽ ഇവയെ പ്രൊഫഷണൽ ഏജൻസികളാക്കി മാറ്റണം. ജില്ലകൾ തമ്മിൽ ആരോഗ്യകരമായ മത്സരവും ഉറപ്പാക്കിയാൽ വികസനം അറുപതു ശതമാനം വരെ എത്തിക്കാം.

 

 

 

പി കെ അനീഷ് കുമാർ

(പ്രസിഡന്റ്,അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഇന്ത്യ)

ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണം. സംസ്ഥാന സർക്കാർ ടൂറിസം മേഖലയിൽ ഈ ദിശയിലാണു പ്രവർത്തിക്കുന്നത്. അറ്റോയ്‌ നടത്തിയ യോഗാ അംബാസഡർ ടൂർ വൻവിജയമായത് ടൂറിസം വകുപ്പിന്റെ അകമഴിഞ്ഞ പിന്തുണയോടെയാണ്. കേരള ടൂറിസത്തിന്റെ പ്രചരണത്തിൽ വലിയ പങ്കാണ് യോഗാ ടൂർ നിറവേറ്റിയത്.

 

 

 

 

വിഎസ് ശിവകുമാർ എംഎൽഎ,കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം, സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം പ്രതിനിധി വി ചന്ദ്രസേനൻ നായർ, കെടിഡിസി എംഡി രാഹുൽ, കിറ്റ്സ് ഡയറക്ടർ രാജശ്രീ അജിത്, പ്രിൻസിപ്പൽ വി രാജേന്ദ്രൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.