ആദ്യ ആയുഷ് കോൺക്ലേവ് കൊച്ചിയിൽ; ആയുർവേദ ടൂറിസത്തിനു പ്രാമുഖ്യം
കേരളം സംഘടിപ്പിക്കുന്ന ആദ്യ രാജ്യാന്തര ആയുഷ് കോൺക്ലേവിൽ ആയുർവേദ ടൂറിസത്തിനു പ്രത്യേക പരിഗണന. കോൺക്ലേവിന്റെ ഭാഗമായി ആയുഷ് ഹെല്‍ത്ത് ട്രാവല്‍ബസാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ആയുര്‍വേദ ചികിത്സാസ്ഥാപനങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും അന്താരാഷ്ട ആരോഗ്യ വിനോദസഞ്ചാര മാധ്യമപ്രതിനിധികളും ആയുഷ് ഹെല്‍ത്ത് ട്രാവല്‍ബസാറിൽ പങ്കെടുക്കും. സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ കൊച്ചി മറൈന്‍ ഡ്രൈവിലാണ് പ്രഥമ രാജ്യാന്തര ആയുഷ് കോണ്‍ക്ലേവ്.
ട്രാവൽ ബസാറിൽ ആയുഷ് ഹെല്‍ത്ത് ടൂറിസം മേഖലയില്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഫലപ്രദമാക്കാം, അതിനുള്ള വിഭവസമാഹരണം സാധിക്കുന്നതെങ്ങനെ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ടൂര്‍ ഓപ്പറേറ്റര്‍മാരും സേവനദാതാക്കളും തമ്മിലുള്ള ഒറ്റയ്ക്കും കൂട്ടായും ഉള്ള ചര്‍ച്ചകള്‍ പുതിയ ബിസിനസ്സ് സാധ്യതകള്‍ക്ക് വഴി തെളിക്കും
ആയുഷ് മേഖലയിലെ മെഡിക്കല്‍ കോളേജുകളിലേയും പ്രിന്‍സിപ്പാള്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും യോഗം കോൺക്ലേവിനു അന്തിമരൂപം നല്‍കി.
ആയുര്‍വേദം, യോഗ, പ്രകൃതി ചികിത്സ യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവകളുടെ വിവിധ സ്‌പെഷ്യാലിറ്റി ചികിത്സാ രീതികള്‍ ലോകമെങ്ങും പരിചയപ്പെടുത്താനും അവയെ ശക്തിപ്പെടുത്താനുമാണ് ആയുഷ് കോണ്‍ക്ലേവ് കൊണ്ട് ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്ര മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളും സംരഭകരുമായി കേരളത്തിലെ ആയുഷ് മേഖലയ്ക്ക് പരസ്പര സഹകരണത്തിനുള്ള അവസരം സൃഷ്ടിക്കാൻ ഇതിലൂടെ കഴിയും.
അന്താരാഷ്ട്ര സെമിനാര്‍, നാഷണല്‍ ആരോഗ്യ എക്‌സ്‌പോ, ബിസിനസ് മീറ്റ്, എല്‍.എസ്.ജി. ലീഡേഴ്‌സ് മീറ്റ്, ആയുര്‍വേദ ഔഷധനയം ശില്‍പശാല, ആരോഗ്യവും ആഹാരവും ശില്‍പശാല, കാര്‍ഷിക സംഘമം, ആയുഷ് ഐക്യദാര്‍ഢ്യ സമ്മേളനം, ആയുഷ് സ്റ്റാര്‍ട്ട് അപ് കോണ്‍ക്ലേവ് എന്നിവയാണ് പ്രധാന പരിപാടികള്‍.
2000 പ്രതിനിധികള്‍, 500 പ്രത്യേക ക്ഷണിതാക്കള്‍, 100 ഗവേഷണ പ്രാധാന്യമുള്ള പ്രഭാഷണങ്ങള്‍, വ്യവസായ മേഖലയില്‍ നിന്നുള്ള 200 വിദഗ്ദ്ധര്‍, 50 സര്‍ക്കാര്‍, സ്വയംഭരണ ഏജന്‍സികള്‍, പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്നും 200 പ്രതിനിധികള്‍ എന്നിവര്‍ ഐ.എ.സി. 2018 ല്‍ പങ്കെടുക്കും.