താജ്മഹൽ സംരക്ഷണത്തിലെ വീഴ്ച്ച: സർക്കാരുകൾക്ക് സുപ്രീം കോടതി വിമർശനം
താജ്മഹല്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അടച്ചുപൂട്ടുകയൊ, പൊളിച്ചു നീക്കുകയോ, പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്ന് സുപ്രീം കോടതി. താജ്മഹല്‍ സംരക്ഷണത്തില്‍ സര്‍ക്കാറിന്റെ അലംഭാവത്തെ വിമര്‍ശിച്ചുകൊണ്ടാണ് സുപ്രീം കോടതി രംഗത്തെത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകനായ എം. സി. മേത്ത സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിമര്‍ശനം.
ചരിത്ര സ്മാരകത്തിന്റെ അറ്റകുറ്റപണി സമയബന്ധിതമായി നിര്‍വഹിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പ്രദേശത്തെ വൃത്തിഹീനമായ ചുറ്റുപാടുകളും, വനനശീകരണവും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പാരീസിലെ ഈഫല്‍ ടവറിനെക്കാള്‍ മനോഹരമാണ് താജ്മഹലെന്നും കോടതി പറഞ്ഞു.
എണ്‍പത് ലക്ഷം പേരാണ് ടിവി ടവര്‍ പോലിരിക്കുന്ന ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാന്‍ പോകുന്നത്, അതിനെക്കാള്‍ എത്രയോ മനോഹരമാണ് നമ്മുടെ താജ്മഹല്‍, ഇത് രാജ്യത്തിന്റെ വിദേശ നാണ്യ പ്രശ്നം പരിഹരിക്കും. നിങ്ങളുടെ താല്പര്യമില്ലായ്മ രാജ്യത്തിനുണ്ടാക്കുന്ന നഷ്ടം എത്രയെന്ന് അറിയുമോ എന്നും കോടതി ചോദിച്ചു.
താജ്മഹലിന് ചുറ്റുമുളള മലിനീകരണത്തിന്റെ കാരണം കണ്ടുപിടിക്കുന്നതിനും, പരിഹാരം കാണുന്നതിനും പ്രത്യേക സമിതിയെ നിയമിക്കാന്‍ കോടതി ഉത്തരവിട്ടു.
താജ്മഹല്‍ പരിസരത്ത് വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കരുതെന്ന ഉത്തരവ് ലംഘിക്കപ്പെട്ടത് എങ്ങനെയെന്നും വിശദീകരിക്കണം.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ താജ്മഹല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് നയരേഖ കൊണ്ടുവരുന്നതില്‍ പരാജപ്പെട്ടെന്ന് സുപ്രീം കോടതി ചൂണ്ടികാട്ടി. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് താജ്മഹല്‍ സംരക്ഷിക്കുന്നതിന് നടപടി ഉണ്ടാകുന്നില്ലെന്നും ജസ്റ്റിസ് മദന്‍ ബി. ലോക്കൂറും ദീപക് ഗുപ്തയും ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ഇതു സംബന്ധിച്ച കൂടുതല്‍ വാദങ്ങള്‍ കേള്‍ക്കുന്നതിനായി ഹര്‍ജി ജൂലൈ 31ലേക്ക് മാറ്റി