നീലക്കുറിഞ്ഞിക്കാലമായി; അറിയേണ്ടതെല്ലാം ടൂറിസം വകുപ്പ് മൈക്രോസൈറ്റിൽ


സഹ്യാദ്രിയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് മൈക്രോസൈറ്റ് തുടങ്ങി.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ www.keralatourism.org/neelakurinji എന്ന സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെ രാജമല, ഇരവികുളം ദേശീയോദ്യാനം എന്നിവയടക്കം മൂന്നാര്‍ മലനിരകളെ നീല പരവതാനിയാക്കുന്ന ദൃശ്യത്തിന്റെ നിശ്ചല ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളുമടക്കമുള്ള വിശദമായ വിവരങ്ങളാണ് മൈക്രോസൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിന്റെ മാര്‍ഗമധ്യേയുള്ള പ്രധാന ആകര്‍ഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നീലക്കുറിഞ്ഞിയുടെ പ്രത്യേകതകളും അവ പൂക്കുന്ന സ്ഥലത്തെക്കുറിച്ചുമെല്ലാം വിശദമായി മനസിലാക്കാന്‍ സൈറ്റ് ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളെ സഹായിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിലും സംസ്ഥാനത്തിന്റെ പരിസ്ഥിതിക പ്രത്യേകതകള്‍ മനസിലാക്കുന്നതിനും സൈറ്റ് ഉപകരിക്കും.
വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍, ശാസ്ത്രജ്ഞര്‍, പ്രകൃതിസ്‌നേഹികള്‍, യാത്രാ സ്‌നേഹികള്‍ എന്നിവരുടെ സംഭാവനകളിലൂടെയാണ് സൈറ്റ് പൂര്‍ണതയിലെത്തിച്ചത്.
നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള 21 പേജ് ഇ-ബ്രോഷറും സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇത് വാട്‌സ് ആപ്പിലൂടെയടക്കം കൈമാറാനാവും. 1982, 1994, 2006 എന്നീ വര്‍ഷങ്ങളില്‍ നീലക്കുറിഞ്ഞി പൂത്തപ്പോഴുള്ള ചിത്രങ്ങള്‍ സൈറ്റിലുണ്ട്. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ എന്നിവര്‍ പങ്കെടുത്തു.