മാതൃകയാക്കാവുന്ന ജനീവ മാതൃക; മുരളി തുമ്മാരുകുടി എഴുതുന്നു

കളഞ്ഞുകിട്ടുന്ന സാധനങ്ങൾ ഏൽപ്പിക്കാൻ നഗരസഭകൾ പ്രത്യേക ഓഫീസുകൾ സജ്ജമാക്കിക്കൂടേ? യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. പോസ്റ്റിന്റെ പൂർണ രൂപം;

മാതൃകയാകാത്ത വാർത്തകൾ..

“കളഞ്ഞു കിട്ടിയ പണം (മാല, ബാഗ്, പാസ്‌പോർട്ട്) തിരിച്ചു കൊടുത്ത് യുവാവ് / യുവതി / ഓട്ടോ ഡ്രൈവർ മാതൃകയായി”.

ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോഴേ വായിക്കുന്ന ഒരു വാർത്തയാണിത്. അന്നൊക്കെ എനിക്ക് സന്തോഷം തോന്നുമായിരുന്നു.

പിന്നീടാണ് ഒരു കാര്യം മനസ്സിലായത്. കളഞ്ഞുകിട്ടുന്ന സാധനം തിരിച്ചുകൊടുക്കുന്നത് സാധാരണമല്ലാത്ത, അതായത് ശരാശരി ആളുകൾ അന്യന്റെ മുതൽ യാതൊരു വിഷമവുമില്ലാതെ അനുഭവിക്കുന്ന, ലോകത്താണ് ആരെങ്കിലും കളഞ്ഞുകിട്ടുന്ന വസ്തു തിരിച്ചു കൊടുക്കുന്നത് വാർത്തയാകുന്നത്. അതൊരു വാർത്തയല്ലാതാകുന്ന
കേരളമാണ് കൂടുതൽ പുരോഗമനപരം.

കളഞ്ഞുകിട്ടുന്ന മുതൽ തിരിച്ചു കൊടുക്കുന്നവർക്ക് പ്രോത്സാഹനം കൊടുക്കേണ്ട എന്നല്ല ഉദ്ദേശിച്ചത്. അതിനായി ജനീവയിലുള്ള നല്ലൊരു സംവിധാനം നമുക്ക് കണ്ടു പഠിക്കാവുന്നതാണ്.

ജനീവയിൽ എവിടെയും എന്തെങ്കിലും സാധനം ഉടമസ്ഥരില്ലാതെ കണ്ടാൽ അതേൽപ്പിക്കാനായി മാത്രം ഒരു ഓഫിസ് ഉണ്ട്. ആർക്കു വേണമെങ്കിലും കളഞ്ഞുകിട്ടുന്ന വസ്തുക്കൾ അവിടെ ഏൽപ്പിക്കാം. നമ്മുടെ അഡ്രസ് അവിടെ കൊടുക്കണം. ബസിലോ ടാക്സിയിലോ വിമാനത്താവളത്തിലോ കടയിലോ നാം ഒരു സാധനം മറന്നുവെച്ചാൽ അത് കാണുന്നവർ ഈ ഓഫീസിൽ ഏൽപ്പിക്കും.

നമ്മുടെ എന്തെങ്കിലും വസ്തു കളഞ്ഞു പോയാൽ നേരെ ഈ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഓഫിസിൽ ചെന്ന് (ഇപ്പോൾ ഓൺലൈൻ ആയിട്ടും ചെയ്യാം) എന്താണ് നഷ്ടപ്പെട്ടതെന്ന് റിപ്പോർട്ട് ചെയ്യുക. അതിന് ചെറിയൊരു ഫീസുണ്ട്. നഷ്ടപ്പെട്ട വസ്തുവിന്റെ വിലയനുസരിച്ച് അത് പത്തു ഫ്രാങ്ക് തൊട്ട് ആയിരം ഫ്രാങ്കിന് മുകളിലുള്ള വസ്തുവാണെങ്കിൽ വസ്തുവിന്റെ നാല് ശതമാനം വരെയാണ് ഈ ഫീസ്.

എൻറെ അനുഭവത്തിൽ ജനീവയിൽ ബസിലോ കടയിലോ പാർക്കിലോ പാസ്സ്‌പോർട്ട് മുതൽ കമ്പ്യൂട്ടർ വരെ നഷ്ടപ്പെട്ടവർക്ക് പത്തിൽ ഒൻപത് തവണയും തിരിച്ചു കിട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചുകൊടുക്കുന്ന കാര്യം ഇവിടെ വാർത്തകൾ ആകാറില്ല. ആരെങ്കിലും അവരുടെ ഫോണോ പാസ്സ്പോർട്ടോ ബസിൽ വച്ച് മറന്നു എന്ന് പറഞ്ഞാൽ ഞാനൊരിക്കലും പേടിക്കാറില്ല. രണ്ടു ദിവസത്തിനകം ലോസ്റ്റ് ആൻഡ് ഫൗണ്ടിൽ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്.

സാധനങ്ങൾ അവിടെ കൊണ്ടുപോയി കൊടുക്കുന്നവർക്കുമുണ്ട് പ്രോത്സാഹനം. കൊണ്ടുപോയി കൊടുക്കുന്ന ഏത് വസ്തുവിന്റെയും വിലയുടെ പത്തു ശതമാനം വരെ നമുക്ക് (വേണമെങ്കിൽ) സമ്മാനമായി സ്വീകരിക്കാം. അത് നിയമം മൂലം ഗ്യാരന്റി ചെയ്യപ്പെട്ടതാണ്. കൂടുതൽ പേരും അത് വാങ്ങാറില്ലെങ്കിലും ആ അവകാശം
നിലനിൽക്കുന്നു.

ജനീവ ഒരു വലിയ നഗരമല്ല, കേരളത്തിലെ പല നഗരങ്ങളും അതിലും വലുതാണ്, അപ്പോൾ അവിടെ സാധിക്കുന്നത് നമുക്കും സാധിക്കണം. അതുകൊണ്ട് നാട്ടിലും ഓരോ കോർപറേഷനിൽ എങ്കിലും ഇങ്ങനൊരു ഓഫിസ് തുടങ്ങാവുന്നതേ ഉള്ളൂ. പോലീസിന്റെ പണി കുറയും, യാത്രയിൽ എന്തെങ്കിലും സാധനം നഷ്ടപ്പെട്ടാൽ ലോകം
മുഴുവൻ നടന്നു തപ്പേണ്ട ആവശ്യമില്ല. സാധനം ലോസ്റ്റ് ആൻഡ് ഫൗണ്ടിൽ എത്തിക്കുന്നവർക്ക് പ്രതിഫലം ഗ്യാരണ്ടി..! ‘മാതൃകയാകുന്ന’ വാർത്തകൾ നിർത്തുകയും ചെയ്യാം.

മേയർമാർ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ?