കാങ്കേയം കാളകളുടെ സ്മരണക്കായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ശില്പം
അന്യംനിന്നുപോകുന്ന കാങ്കേയം കാളകളുടെ സ്മരണയ്ക്കായി കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുള്ളിബായ് എന്ന വിത്തുകാളയുടെ ശില്പം. സോനാപതി കാങ്കേയം കന്നുകാലിഗവേഷണകേന്ദ്രത്തിലായിരുന്നു പുള്ളിബായ് എന്ന കാള ജീവിച്ചിരുന്നത്. രണ്ടുദശകത്തിനുള്ളില്‍ പതിനായിരക്കണക്കിന് പശുക്കളില്‍ പ്രജനനം നടത്തിയ പുള്ളിബായ് കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രായാധിക്യത്താല്‍ ചത്തു.
ലോകപ്രശസ്തിയാര്‍ജിച്ച ഇനമാണ് കാങ്കേയം മാടുകള്‍. തിരൂപ്പൂര്‍ ജില്ലയിലെ കാങ്കേയമാണ് ഇവയുടെ സ്ഥലം. ഈറോഡ്, കരൂര്‍, നാമക്കല്‍ മേഖലകളില്‍ ഇവയെ കാര്‍ഷികാവശ്യങ്ങള്‍ക്കായി വളര്‍ത്തിവരുന്നു. 4,000 മുതല്‍ 5,000 കിലോവരെ ഭാരമുള്ള വണ്ടികള്‍വരെ കാങ്കേയം കാളകള്‍ വലിക്കും. ഏത് കാലാവസ്ഥയെയും അതിജീവിക്കും. കരിമ്പോല, പനയോല, വേപ്പിന്റെ ഇല എന്നിവയെല്ലാം ഇവയ്ക്ക് തീറ്റയായി നല്‍കാം. കാളകള്‍മാത്രമല്ല, പശുക്കളും പ്രത്യേകതയുള്ളതാണ്. 1.8 ലിറ്റര്‍ മുതല്‍ രണ്ടുലിറ്റര്‍വരെ മാത്രമേ പാല്‍ ചുരത്തുകയുള്ളൂവെങ്കിലും പാല്‍ പോഷകസമ്പന്നമാണ്. 11.74 ലക്ഷം മാടുകളുണ്ടായിരുന്നത് 2000ല്‍ നടന്ന കണക്കെടുപ്പില്‍ നാലുലക്ഷമായി കുറഞ്ഞു. 2015ല്‍ ഒരുലക്ഷത്തില്‍ കുറവാണ് ഇവയുടെ എണ്ണം.
കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും ശ്രീലങ്ക, ബ്രസീല്‍, ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങിയ വിദേശനാടുകളിലും കാങ്കേയം കാളകള്‍ക്ക് ഏറെ ആവശ്യക്കാരുണ്ട്. ബ്രസീലില്‍ കാങ്കേയം ഇനങ്ങള്‍ക്ക് പ്രത്യേക പരിചരണം നല്‍കിവരുന്നു. കാഴ്ചയിലെ ഗാംഭീര്യമാണ് മറ്റുകാളകളില്‍നിന്ന് ഇവയെ വ്യത്യസ്തരാക്കുന്നത്. എങ്കിലും ചെറിയ കുട്ടികള്‍ക്ക് പോലും ഇവയെ മെരുക്കാന്‍ കഴിയും.
മുതുകിലും മുന്‍പകുതിയിലും പിന്‍കാലിലും കറുത്തനിറത്തില്‍ മുടിയുണ്ടാകും. മയിലൈ, പിളൈ, മാരി, കാരി എന്നീ നാലിനങ്ങളാണുള്ളത്. സത്യമംഗലം പകുത്താംപാളയത്ത് അഞ്ചുകോടി ചെലവില്‍ 163 ഏക്കറില്‍ കാങ്കേയം മാടുകളുടെ ഗവേഷണകേന്ദ്രത്തിന് തറക്കല്ലിട്ടുകഴിഞ്ഞു.
പുള്ളിബായിയുടെ ഓര്‍മ നിലനിര്‍ത്തുന്നതിനൊപ്പം കാങ്കേയം കാളകളുടെ പ്രത്യേകതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതുകൂടിയാണ് ശില്പം സ്ഥാപിച്ചതിലൂടെ മൃഗസംരക്ഷണ വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം കാങ്കേയം മാടുകളെക്കുറിച്ചുള്ള വിവരങ്ങളും പ്രദര്‍ശിപ്പിക്കാന്‍ വിമാനത്താവള അധികൃതരോട് അനുവാദം ചോദിക്കുമെന്ന് കന്നുകാലി ഗവേഷണകേന്ദ്രം ഡയറക്ടര്‍ കാര്‍ത്തികേയ ശിവ പറഞ്ഞു.