മുഖ്യമന്ത്രി തീര്‍ത്ഥയാത്ര യോജന പദ്ധതിക്ക് അംഗീകാരം
മുതിര്‍ന്നവര്‍ക്ക് വിവിധ തീര്‍ഥാടക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനു സൗകര്യമൊരുക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ‘മുഖ്യമന്ത്രി തീര്‍ഥയാത്ര യോജന’ പദ്ധതിക്ക് അനുമതി. റവന്യു വകുപ്പിന്റെ ഇതുസംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ ജനുവരിയില്‍ നടന്ന സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചെങ്കിലും ലഫ്. ഗവര്‍ണറുടെ ഇടപെടലുകള്‍ കാരണം നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് പറഞ്ഞു.
എന്നാല്‍, എതിര്‍പ്പുകളെല്ലാം അവഗണിച്ച് പദ്ധതിക്കു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്നലെ അനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു. ഡല്‍ഹിയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും 1100 മുതിര്‍ന്ന പൗരന്‍മാര്‍ക്ക് (60 വയസ്സിനു മുകളിലുള്ളവര്‍ക്ക്) പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പ്രതിവര്‍ഷം 77.000 ആളുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഓരോ നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1100 പേരെയാണ് പദ്ധതി പ്രകാരം വിവിധ സ്ഥലങ്ങളിലേക്ക് തികച്ചും സൗജന്യമായി യാത്രയും ഭക്ഷണവും താമസവും സര്‍ക്കാര്‍ ഒരുക്കും. ഡല്‍ഹിയില്‍ നിന്ന് അഞ്ചുകേന്ദ്രങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്.
ഇതില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാം. അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം. 18 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു സഹായിയെ ഒപ്പം കൂട്ടാനും അനുവദിക്കും.
ഇയാളുടെ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. അപേക്ഷകന്‍ കേന്ദ്ര- സംസ്ഥാന- തദ്ദേശ സ്ഥാപനങ്ങളിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ ജോലിയുള്ളവരാകരുത്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. എസി ബസുകളിലുള്ള യാത്ര, താമസം, ഭക്ഷണം എന്നിവയുടെ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിവിഷനല്‍ കമ്മിഷണര്‍ ഓഫിസ്, സ്ഥലം എംഎല്‍എയുടെ ഓഫിസ്, തീര്‍ഥയാത്ര കമ്മിറ്റിയുടെ ഓഫിസ് എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷിക്കാം. നറുക്കെടുപ്പിലൂടെയാണ് തീര്‍ഥാടകരെ തിരഞ്ഞെടുക്കുക.