രാമായണ ടൂറിസവുമായി ഇന്ത്യന്‍ റെയില്‍വേ
രാമായണത്തില്‍ പ്രതിപാദിച്ചിരിക്കുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുളള പ്രത്യേക ട്രെയിന്‍ സര്‍വീസിന് തുടക്കമിടാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ . ശ്രീ രാമായണ എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന സര്‍വീസിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം നവംബര്‍ 14ന് നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
രാമായണത്തില്‍ പ്രതിപാദിച്ചിരിക്കുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുളള വിപുലമായ യാത്ര പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. രണ്ടുഘട്ടങ്ങളായാണ് യാത്ര പദ്ധതി. ആദ്യഘട്ടത്തില്‍ അയോധ്യയെ രാമേശ്വരവുമായി ബന്ധിപ്പിക്കും. രാമായണ എക്സ്പ്രസിലുളള ഈ യാത്രയില്‍ രാമായണത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മറ്റു സ്ഥലങ്ങളിലുടെ ട്രെയിന്‍ കടന്നുപോകുന്ന തരത്തിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.
ഇതിന് പുറമേ 16 ദിവസം നീണ്ടുനില്‍ക്കുന്ന രാമായണ യാത്രയുടെ രണ്ടാംഘട്ടത്തില്‍ ശ്രീലങ്കയിലെ നാലു പ്രധാന സ്ഥലങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കാം.ദില്ലിയിലെ സഫ്ദര്‍ജങ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിക്കുന്ന തരത്തിലാണ് യാത്ര പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
ദില്ലിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ അയോധ്യ, വാരണാസി, പ്രയാഗ്, ഹമ്പി തുടങ്ങിയ സ്ഥലങ്ങളിലുടെ യാത്ര ചെയ്ത് രാമേശ്വരത്ത് എത്തുന്ന തരത്തിലാണ് റൂട്ട്. 800 യാത്രക്കാര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാനുളള സൗകര്യമാണ് ട്രെയിനില്‍ ഒരുക്കുക. 15,120 രൂപ യാത്രക്കൂലിയായി ഈടാക്കാനാണ് ഉദേശിക്കുന്നത്. ശ്രീലങ്കന്‍ യാത്രയ്ക്ക് പ്രത്യേക തുക ഈടാക്കും.
ശ്രീലങ്കന്‍ യാത്രയും തെരഞ്ഞെടുക്കുന്ന യാത്രക്കാര്‍ക്ക് ചെന്നൈയില്‍ നിന്നും കൊളംബോയിലേക്ക് പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പാടാക്കി നല്‍കും. 47,600 രൂപ മുതലാണ് ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് മാത്രമായി ഈടാക്കുക.ശ്രീലങ്കയിലെ കാന്‍ഡി, കൊളംബോ, നെഗോബോ, നുവാര എളിയ എന്നി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് ഈ യാത്രയിലുടെ അവസരം ലഭിക്കുക.