India

ദക്ഷിണ ഗംഗോത്രി, ഇന്ത്യ, പി ഒ അന്റാര്‍ട്ടിക്ക

അന്റാര്‍ട്ടിക്കയില്‍ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു പോസ്റ്റ് ഓഫീസുണ്ട്. 1988ല്‍ അന്റാര്‍ട്ടിക്കയിലേക്കുള്ള ഇന്ത്യന്‍ സംഘത്തിന്റെ മൂന്നാമത്തെ പര്യടനത്തിലാണ് ആദ്യമായി ഇന്ത്യ അന്റാര്‍ട്ടിക്കയില്‍ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്. അന്റാര്‍ട്ടിക്കയില്‍ ഇന്ത്യയുടെ ആദ്യ സയന്റിഫിക് ബേസ് സ്റ്റേഷനായ ദക്ഷിണ ഗംഗോത്രിയിലാണ് ഇത് സ്ഥിതി ചെയ്തിരുന്നത്.

അതിമനോഹരമായ ഭൂപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന ഈ പോസ്റ്റ് ഓഫീസ് മറ്റ് പല ജോലികള്‍ കൂടി നിര്‍വ്വഹിച്ചിരുന്നു. ഐസ് മെല്‍റ്റിംഗ് പ്ലാന്റ്, ലബോറട്ടറീസ്, സ്റ്റോറേജ്, അക്കൊമൊഡേഷന്‍, റിക്രിയേഷന്‍ ഫെസിലിറ്റീസ്, ക്ലിനിക്ക്, ബാങ്ക് കൗണ്ടര്‍ എന്നിവയൊക്കെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അന്റാര്‍ട്ടിക്കയിലെ താപനില -25 ഡിഗ്രി മുതല്‍ -128 ഡിഗ്രി വരെയാണ്. അതുകൊണ്ട്, ഇവിടെ താമസിക്കുക അതീവ ദുഷ്‌കരമാണ്. എങ്കിലും പല രാജ്യങ്ങളില്‍ നിന്നായി 5000ത്തോളം ആളുകള്‍ ഇവിടുത്തെ പല റിസര്‍ച്ച് ഷെല്‍ട്ടറുകളില്‍ താമസിക്കുന്നു.

ഗോവ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോസ്റ്റാണ് 1988 ജനുവരി 26ന് ദക്ഷിണ ഗംഗോത്രി പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്. ശാസ്ത്രജ്ഞനായ ജി.സുധാകര്‍ റാവു ആയിരുന്നു ആദ്യ പോസ്റ്റ് മാസ്റ്റര്‍. 1987ലാണ് സെവന്‍ത്ത് ഇന്ത്യന്‍ സയന്റിഫിക് എക്‌സ്‌പെഡിഷന്‍ അംഗമായ അദ്ദേഹം അന്റാര്‍ട്ടിക്കയിലേക്ക് പോയത്. 1990ല്‍ പകുതിയോളം മഞ്ഞിനടിയിലായ ദക്ഷിണ ഗംഗോത്രി പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തി.

ഇന്ന് ഈ പോസ്റ്റ് ഓഫീസ് ഒരു ചരിത്രപ്രധാനമായ ഇടമാണ്. പോസ്റ്റ് ഓഫീസ് സ്ഥാപിച്ച് ആദ്യ വര്‍ഷം തന്നെ ഏകദേശം 10,000ത്തോളം കത്തുകളാണ് പോസ്റ്റ് ചെയ്തതും വേണ്ടെന്ന് വെച്ചതും. പഴയ പോസ്റ്റ് ഓഫീസ് ഇന്ന് അവിടെ ഇല്ലെങ്കിലും ക്രൂയിസ് ഷിപ്പുകളില്‍ വരുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ ഇവിടെ ഇറങ്ങാറുണ്ട്.

എന്നാല്‍ അന്റാര്‍ട്ടിക്കയില്‍ ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് ഇപ്പോളുമുണ്ട്. നിലവിലുള്ള പോസ്റ്റ് ഓഫീസ് ഇന്ത്യയുടെ റിസര്‍ച്ച് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന മെയ്ട്രിയിലാണ്. അന്റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പോസ്റ്റ് ഓഫീസിന്റെ സ്ഥാനം കത്തുകളുടെ പ്രാധാന്യമാണ് കാണിക്കുന്നത്.